Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം സമ്മർദം കുറയ്ക്കുമോ?

wedding Models : Santhosh Sukumar & Jaya Unnithan

സമ്മർദം അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള വഴി എന്താണെന്നോ, വിവാഹം കഴിക്കുക. ഇതുകേട്ട് വെറുതേ ചിരിച്ചുതള്ളാൻ വരട്ടെ, വിവാഹം ഒരാളുടെ സമ്മർദം കുറയ്ക്കുമെന്നാണ് ഒരു പഠനം പറയുന്നത്. വിവാഹിതരായ ആളുകളിൽ സ്ട്രെസ്സ് ഹോർമോണിന്റെ അളവ് കുറവായിരിക്കും. ഇത് ഹൃദ്രോഗത്തിനും അർബുദത്തിനുമുള്ള സാധ്യതയെ കുറയ്ക്കുന്നു. അവിവാഹിതരെയും വിവാഹമോചിതരെയും പങ്കാളി നഷ്ടപ്പെട്ടവരെയും അപേക്ഷിച്ച് വിവാഹിതരായ ആളുകൾ ആരോഗ്യവാൻമാരായിരിക്കും.

എങ്ങനെയാണ് വിവാഹം ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്നതിന്റെ ജൈവശാസ്ത്രപരമായ തെളിവ് ഈ പഠനം നൽകുന്നു. വിവാഹിതരായ ആളുകളിൽ അവിവാഹിതരെ അപേക്ഷിച്ച് സട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറവാണെന്നു കണ്ടു.

അവിവാഹിതരായ ആളുകൾ കൂടുതൽ മാനസികസമ്മർദം അനുഭവിക്കുന്നു. നീണ്ടുനിൽക്കുന്ന സമ്മർദം കോർട്ടിസോളിന്റെ അളവ് കൂട്ടുകയും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കുകവഴി നിരവധി രോഗങ്ങൾക്ക് അത് കാരണമാകുകയും ചെയ്യുന്നു.

എങ്ങനെയാണ് ബന്ധങ്ങൾ ആരോഗ്യത്തെയും രോഗത്തെയും സ്വാധീനിക്കുകയെന്ന് വിശദമാക്കാൻ ഒരു മനഃശാസ്ത്രവഴി കണ്ടുപിടിക്കുക എന്നത് ആവേശകരമായിരുന്നെന്ന്് ഗവേഷകർ പറഞ്ഞു.

യുഎസിലെ കാർണെജി മെല്ലൻ സർവകലാശാലാവേഷകരാണ് പഠനം നടത്തിയത്. 21നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻമാരായ 572 പേരുടെ ഉമിനീർ സാമ്പിളുകൾ തുടർച്ചയായി മൂന്നു ദിവസം ശേഖരിച്ചു. ഓരോ 24 മണിക്കൂർ സമയത്താണ് സാമ്പിളുകൾ എടുത്തത്. ഇതിലെ കോർട്ടിസോളിന്റെ നില പരിശോധിച്ചു.

അവിവാഹിതരെയോ മുൻപ് വിവാഹം ചെയ്ത് ഇപ്പോൾ പിരിഞ്ഞു ജീവിക്കുന്നവരെയോ അപേക്ഷിച്ച് വിവാഹിതരായ അളുകളിൽ കോർട്ടിസോളിന്റെ അളവ് കുറവാണെന്നു കണ്ടു. ഓരോ വ്യക്തിയുടെയും കോർട്ടിസോൾ റിഥവും താരതമ്യം ചെയ്തു. ഒരു വ്യക്തി ഉറക്കമുണരുന്ന സമയത്ത് കോർട്ടിസോളിന്റെ അളവ് കൂടുതലും പകൽസമയത്ത് കുറവുമായിരിക്കും. വിവാഹിതരിൽ കോർട്ടിസോളിന്റെ അളവ് പെട്ടെന്നു കുറയുന്നതായിക്കണ്ടു. ഇവരിൽ ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങൾക്കുള്ള സാധ്യതയും കുറവായിരുന്നു.

ബന്ധങ്ങൾ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതായി സൈക്കോ ന്യൂറോ എൻഡോക്രൈനോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.