Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നോക്കണം മെഡിക്കൽ ജാതകവും

medical-jathakam

പാരമ്പര്യരീതിയിൽ ജാതകം നോക്കിയപ്പോൾ പത്തുപൊരുത്തം. ഇതുപോലെ ഒരു ജാതകചേർച്ച കണ്ടിട്ടില്ലെന്നു ജ്യോത്സ്യൻ. നൂറുരൂപ ചെലവു വരും ഒരു കല്യാണക്കുറിക്ക്. ഉത്സവം പോലെയായിരുന്നു വിവാഹം. ഒരു സിനിമാനടനെയും ഒരു മന്ത്രിയെയും വിവാഹച്ചടങ്ങിലേക്കു സംഘടിപ്പിച്ചു. ആചാരപ്രകാരം താലികെട്ട്, പിന്നെ നഗരത്തിലെ ഒരു ആഡംബരഹോട്ടലിൽ വച്ചു സത്കാരം. ഈ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. വിവാഹസർട്ടിഫിക്കറ്റു പോലും വാങ്ങിയിട്ടില്ല. ഇതാ വരുന്നു അടുത്ത വാർത്ത. വധുവരന്മാർ തമ്മിൽ സ്വരചേർച്ചയില്ല. അതുകൊണ്ടു നിയമപരമായി പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. കേട്ടവരൊക്കെ ഞെട്ടിപ്പോയി. ഒരാഴ്ച ഒരുമിച്ചു ജീവിക്കാനായിരുന്നോ ഈ കോലാഹലമൊക്കെ?

വിവാഹത്തിനു മുൻപ് നടത്താം ഈ ആരോഗ്യ പരിശോധനകൾ

ഇത്തരം വിവാഹമോചനവാർത്തകൾ കേൾക്കുമ്പോൾ അതിശയോക്തി തോന്നുന്നില്ലല്ലോ? പ്രശസ്തരും അപ്രശസ്തരുമായ എത്രയോപേരുടെ ദാമ്പത്യജീവിതമാണു വിവാഹസർട്ടിഫിക്കറ്റിലെ മഷി ഉണങ്ങും മുമ്പു വേർപിരിയുന്നത്. എന്തുകൊണ്ടാണു മലയാളികൾ പവിത്രമായി കരുതിയിരുന്ന വിവാഹബന്ധങ്ങൾ ഇങ്ങനെ തെറ്റിപിരിയുന്നത്? പുറത്തു ചർച്ചാവിഷയം ആകുന്നതും ആകാത്തതുമായ ഒട്ടേറെ പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ട്. ശാരീരികം, മാനസികം, പാരമ്പര്യം തുടങ്ങിയ ധാരാളം ഘടകങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. ഈ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു സെക്കോമെഡ് ഹോറോസ്കോപ്പ് തയ്യാറാക്കുന്നത്

പൊരുത്തം 1. ജീവിതവീക്ഷണം

നാം ജീവിതത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതു പ്രധാനമാണ്. ഒരാളുടെ ജീവിതലക്ഷ്യം അതിലേക്കെത്തുവാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ, ഭാവിയെപ്പറ്റിയുള്ള സങ്കല്പങ്ങളും കാഴ്ചപാടുകളും എല്ലാം ജീവിതത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ സ്വപ്നങ്ങളാണു നാളെ സാക്ഷാത്കരിക്കപ്പെടുന്നത്. ഒരാളുടെ ജീവിതലക്ഷ്യവും ശൈലിയുമായി പൊരുത്തപ്പെടാൻ കഴിയാത്തയാളോ അതിനു ഘടകവിരുദ്ധമായ രീതിയുള്ളയാളോ ആണ് ജീവിതപങ്കാളിയാകുന്നതെങ്കിൽ നിരന്തരകലഹവും വിവാഹ മോചനവുമൊക്കെ പ്രതീക്ഷിക്കാം. മറിച്ച് വിജയത്തിന്റെ കൊടുമുടികൾ കീഴടക്കുവാൻ അതിവേഗം കഴിയും. വധുവരന്മാർ തമ്മിൽ ഇത്തരം കാര്യങ്ങളെപ്പറ്റി വിവാഹത്തിനു മുമ്പുതന്നെ ചർച്ച ചെയ്യുകയും മനസിലാക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും. പരസ്പരം യോജിക്കാൻ കഴിയാത്തവരെ മറ്റു പരിഗണനകളുടെ പേരിൽ കൂട്ടിച്ചേർക്കുന്നത് വിനയാകും

പൊരുത്തം 2. വിവാഹതാൽപര്യം

ഒരാൾക്കു വിവാഹജീവിതം വേണമോ വേണ്ടയോ എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതു വ്യക്തി സ്വ.യം എടുക്കേണ്ട തീരുമാനമാണ്. വിവാഹ പ്രായമായി, മാതാപിതാക്കൾക്ക് വയസ്സായി, വീട്ടിൽ ആളില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി മക്കളുടെ തലയിൽ കെട്ടിവയ്ക്കേണ്ട ഒന്നല്ല വിവാഹം. ജീവിതത്തിൽ വിവാഹമേ വേണ്ടെന്നു തീരുമാനിച്ച, അതിഷ്ടമില്ലാത്ത വ്യക്തികളെ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെച്ചേർന്നു നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാറുണ്ട്. അധികം താമസിയാതെ ഇവ വേർപിരിയലിലേക്കും വിവാഹമോചനത്തിലേക്കും നീങ്ങുന്നതു കാണാം. ഒരു മന:ശാസ്ത്രജ്ഞന്റെ മുമ്പിലെ കുമ്പസാരത്തിനും ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു വന്നേക്കാം. അതുകൊണ്ടു കല്യാണലോചനകൾ തുടങ്ങുന്നതിനുമുമ്പുതന്നെ വിവാഹജീവിതത്തിലേക്കു മക്കൾ തയാറാണോ എന്ന് അന്വേഷിക്കേണ്ടതാണ്.

വരന്റെയോ വധുവിന്റേയോ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ സാമ്പത്തികസ്ഥിതി, ജോലി, കുടുംബം തുടങ്ങിയ പരിഗണനകളുടെ പേരിൽ വിവാഹം നടത്തും. വിവാഹം കഴിഞ്ഞാൽ എല്ലാം തന്നെ ശയിയായിക്കൊള്ളും എന്ന പ്രതീക്ഷയിലാണു പല മാതാപിതാക്കളും ഇങ്ങനെ ചെയ്യുന്നത്. സമൂഹവും കാലവും ജീവിതസാഹചര്യങ്ങളും കാഴ്ചപ്പാടുകളും ഒരുപാടു മാറിയിരിക്കുന്നു. ഇഷ്ടപ്പെടാത്ത വ്യക്തിയുമായുള്ള ജീവിതം ഒരിക്കലും സന്തോഷകരമായ ദാമ്പത്യം ജീവിതംപ്രദാനം ചെയ്യുകയില്ല. നിഷ്കളങ്കരായ രണ്ടു ജീവിതങ്ങൾ ഹോമിക്കപ്പെടുകയാണിവിടെ. കുട്ടികളുണ്ടായിപ്പോയി എന്ന പരിഗണനകൊണ്ടു മാത്രം ഇഷ്ടമില്ലാതെ ഒരുമിച്ചു ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടവർ . അതുകൊണ്ട് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വധുവരന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾ മുൻഗണന നൽകണം .ഈ പൊരുത്തമില്ലെങ്കിൽ ജീവിതം നരകമാകും

പൊരുത്തം 3. വിവാഹവീക്ഷണം

വിവാഹത്തെക്കുറിച്ചും വരാനിരിക്കുന്ന പങ്കാളിയെക്കുറിച്ചും അവരിൽ പ്രതീക്ഷിക്കുന്ന ഗുണങ്ങളെപ്പറ്റിയും സവിശേഷതകളെപ്പറ്റിയുമൊക്കെ എല്ലാവർക്കും ചില സങ്കല്പങ്ങളുണ്ടാകും. ചിലർക്ക് ഇതേപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ടാകും . ഉദാഹരണത്തിനു ചില ഭർത്താക്കന്മാർക്കു ഭാര്യമാർ ജോലിക്കു പോകുന്നത് ഇഷ്ടമല്ല. എന്നാൽ ഭാര്യമാരിൽ ചിലർക്ക് ജോലിക്കു പോകണമെന്നു നിർബന്ധവും ഉണ്ടായിരിക്കും . ഇതേ കാരണം കൊണ്ടു തന്നെ വിവാഹമോചനം നേടിയ സ്ത്രീകളുമുണ്ട്. ചിലപ്പോൾ സ്വന്തം മാതാപിതാക്കളെയോ ബന്ധുക്കളെയോ സഹായിക്കണമെന്നു ഭാര്യയ്ക്കു തോന്നും. ഭർത്താവിനിത് ഇഷ്ടപെടുകയില്ല. ഭാര്യ സ്വന്തം വീട്ടിൽ പോയി നില്ക്കുന്നതുപോലും ഇഷ്ടമല്ലാത്ത ഭർത്താക്കൻമാരും വിരളമല്ല. വിവാഹത്തിനു മുമ്പുതന്നെ വധുവരന്മാരുടെ വീക്ഷണങ്ങൾ പരസ്പരം മനസിലാക്കി യോജിക്കാത്ത ബന്ധങ്ങൾ ഒഴിവാക്കുന്നത് ഉത്തമം

പൊരുത്തം 4. കുടുംബപശ്ചാത്തലം

മനുഷ്യന്റെ പെരുമാറ്റശൈലിയും സ്വഭാവവുമൊക്കെ രൂപപ്പെടുത്തുന്നത് കുടുംബജീവിതസാഹചര്യങ്ങളാണ്. അതുകൊണ്ടാണു സൈക്കോ —മെഡ് ഹോറോസ്കോപ്പ് കുടുംബപശ്ചാത്തലത്തിനു പ്രധാന്യം കല്പിക്കുന്നത്. സമാനകുടുംബങ്ങളിൽ നിന്നു വരുന്നവർക്ക് പരസ്പരം പൊരുത്തപ്പെടുവാൻ കൂടൂതൽ എളുപ്പമാണ്. മറിച്ചുവളരെ വിഭിന്ന സാഹചര്യങ്ങളിൽ നിന്നും വിവാഹം വഴി യോജിക്കപ്പെട്ടവരുടെ ഇടയിൽ പൊരുത്തകേടുകളും കലഹവും കൂടൂതലായി കാണപ്പെടുന്നു.

പൊരുത്തം 5. അഭിരുചികൾ

ഓരോ വ്യക്തിക്കും അവരവരുടേതായ അഭിരുചികളുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ ചേരുമ്പോൾ ഈ അഭിരുചി വ്യത്യാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു. എന്നതു പ്രധാനമാണ്. ഒരേ കാര്യത്തിൽ ഭാര്യഭർത്താക്കന്മാർക്കു വ്യത്യസ്ത നിലപാടുകൾ ഉണ്ടാകുന്നത് അഭിരുചികൾ വിഭിന്നമായിരിക്കുന്നതുകൊണ്ടായിരിക്കാം. ഉദാഹരണത്തിന് ഭാര്യ വളരെ മോഡേണും ഭർത്താവ് പഴഞ്ചൻരീതികളും വിശ്വാസങ്ങളും ഉള്ള ആളുമാണെങ്കിൽ കലഹം സുനിശ്ചിതം. അതുകൊണ്ട് അഭിരുചിവ്യത്യാസങ്ങൾ വിവാഹത്തിനു മുമ്പു തന്നെ മനസിലാക്കുവാൻ കഴിഞ്ഞാൽ ചില ആലോചനകൾ ഒഴിവാക്കുവാനും കൂടുതൽ ഉചിതമായതു തിരഞ്ഞെടുക്കുവാനും സഹായകരമാകും

പൊരുത്തം 6. മാനസിക പ്രശ്നങ്ങൾ

ചികിത്സിച്ചു പൂർണമായും മാറ്റുവാൻ കഴിയാത്ത മാനസികരോഗങ്ങൾ ഉള്ളവരുമായുള്ള വിവാഹബന്ധം ഒഴിവാക്കുകയാണു നല്ലത്. എല്ലാ മാനസികരോഗങ്ങളും പാരമ്പര്യമല്ല. എന്നാൽ പാരമ്പര്യം ഒരു പ്രധാന ഘടകമായിത്തീരുന്ന ചില രോഗങ്ങളും സന്ദർഭങ്ങളുമുണ്ട്. വരന്റെയും വധുവിന്റെയും കുടുംബത്തിൽ സ്കിസോഫ്രേനിയ, ബൈപോളാർ അഫക്ടീവ് ഡിസോർഡർ തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ ദമ്പതികൾക്കു ജനിക്കുന്ന കുഞ്ഞുങ്ങൾക്കു അതേ രോഗം വരുവാനുള്ള സാധ്യത കൂടുതലാണ്. വർഷങ്ങളുടെ പഴക്കമുള്ള മാനസികരോഗം മറച്ചുവച്ചു വിവാഹം കഴിക്കുന്ന പലരുമുണ്ട്. പങ്കാളി ഇതു തിരിച്ചറിയുമ്പോൾ ദാമ്പത്യം വിവാഹബന്ധത്തിലേർപ്പെടുകയാണെങ്കിൽ രോഗവിവരം തുറന്നുപറഞ്ഞുകൊണ്ടാകണം

പൊരുത്തം 7. ശാരീരികരോഗങ്ങൾ

ഗുരുതരമായതോ ആജീവനാന്തം ചികിത്സ തുടരേണ്ടതോ ആയ ശാരീരികരോഗങ്ങളുണ്ടെങ്കിൽ അക്കാര്യം തുറന്നുപറഞ്ഞു വിവാഹം കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ പങ്കാളി അതു മനസിലാക്കുന്നതു മുതൽ പ്രശ്നങ്ങളും ഉറപ്പാണ്. ചെറുപ്പത്തിലേ തുടങ്ങിയ പ്രമേഹരോഗം മറച്ചുകല്യാണം കഴിച്ചതു വിവാഹമോചനത്തിലേക്കു നീങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. ദീർഘകാലമായി തുടരുന്ന പ്രമേഹരോഗം ലൈംഗികശേഷിയെയും പ്രത്യുൽപാദനശേഷിയെയും ബാധിക്കാറുണ്ട്. ഗുരുതരമല്ലെങ്കിൽപ്പോലും ദാമ്പത്യത്തെ ബാധിച്ചേക്കാവുന്ന രോഗങ്ങളും ഉണ്ട്. .ഉദാഹരണത്തിനു കൗമാരത്തിൽ മുണ്ടിനീരും വൃക്ഷണവീക്കവും ഉണ്ടാകുന്ന ആൺകുട്ടികൾക്കു പ്രത്യുൽപാദനശേഷിയെയും ബാധിക്കാറുണ്ട്. ക്ലൈൻഫെൽറ്റേഴ്സ് സിൻഡ്രോം പോലുള്ള ചില പാരമ്പര്യരോഗങ്ങളും വന്ധ്യതയ്ക്കു കാരണമാണ്. ഇതൊക്കെ പരിശോധനകളിലൂടെ മുൻകൂട്ടി മനസിലാക്കുവാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങളുള്ളവർ വിവാഹശേഷം വേർപിരിയുന്നതിലും നല്ലതു വിവാഹം ഒഴിവാക്കുന്നതോ തന്റെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൂടെ ജീവിക്കുവാൻ സന്മനസുള്ള ഒരു ഇണയെ കണ്ടെത്തുന്നതോ ആണ്.

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹവും ഒഴിവാക്കേണ്ടതാണ്. മുൻതലമുറയിൽ ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന ഏതെങ്കിലും രോഗങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തരം വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികൾക്ക് അതുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്

പൊരുത്തം 8. വ്യക്തിത്വവൈകല്യങ്ങൾ

വ്യക്തിത്വവൈകല്യങ്ങൾ ആണു പല വൈവാഹിക ബന്ധങ്ങളെയും തകർച്ചയിലേക്കും വിവാഹമോചനത്തിലേക്കും തള്ളിവിടുന്ന പ്രധാന വില്ലൻ. കൂടൂതൽ അടുത്തിടപെടുമ്പോൾ മാത്രമേ വൈകല്യങ്ങൾ മറ നീക്കി പുറത്തുവരുകയുള്ളൂ. തന്റെ ചുറ്റുമുള്ളവർക്കും സമൂഹത്തിനും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്വഭാവവും പെരുമാററരീതികളുമാണു പേഴ്സണാലിറ്റി ഡിസോർഡറിന്റെ മുഖ്യലക്ഷണം. ഇവ പലതരത്തിലുണ്ട്. ഉദാഹരണം

1. പാരാനോയ്ഡ് പേഴ്സണാലിറ്റി ഡിസോർഡർ (ആരെയും വിശ്വാസമില്ലാതെ സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം) 2. സ്കിസോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ(മറ്റുള്ളവരിൽ നിന്നകന്നുമാറി ഏകാന്തനായി ജീവിക്കും, മറ്റുള്ളവരുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒഴിവാക്കും) 3. ഡിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (പരിണിതഫലം നോക്കാതെ എടുത്തു ചാടി പ്രവർത്തിക്കും പൊട്ടിത്തെറിക്കും ബഹളം വയ്ക്കും സങ്കടപ്പെടും. 4. ഹിസ്റ്റീരിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ (നാടകീയതയും അതിശയോക്തിയും കലർന്ന പെരുമാറ്റം, മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുവാൻ വേണ്ടി എന്തും ചെയ്യും) 5. അനങ്കാസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (എല്ലാ കാര്യങ്ങൾക്കും ശങ്ക, തീരുമാനങ്ങളെടുക്കാൻ പ്രയാസം, എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു തീർക്കുവാൻ വേണ്ടി അനാവശ്യമായി സമയം ചിലവഴിക്കുക, തൃപതിക്കുറവ് , അമിതമായ അടക്കും ചിട്ടയും നിർബന്ധവും പിടിവാശിയും അമിതവൃത്തിയും പ്രത്യേകതകളാണ് 6. ആംഗ്ഷ്യസ് പേഴ്സണാലിറ്റി ഡിസോർഡർ(നിസാര കാര്യങ്ങൾക്ക് അമിത ഉത്കണ്ഠ, ഭയം, ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരുമായി ഇടപഴകുവാനുള്ള പേടി ഇവയാണു മുഖ്യ ലക്ഷണങ്ങൾ

പൊരുത്തം 9. വന്ധ്യത

വിവാഹശേഷം ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കി ഫലം കിട്ടാതാകുമ്പോൾ നിരാശയും കലഹവും വിവാഹമോചനം വരെയുമെത്തും കാര്യങ്ങൾ. ഇതിലൂടെ നിരപരാധിയായ മറ്റൊരു വ്യക്തിയുടെ ജീവിതം നശിപ്പിക്കുകയും വിവാഹത്തിനു മുമ്പു ചെറിയൊരു പരിശോധന നടത്തി ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കുന്നതല്ലേ നല്ലത്. ഇതാണു സൈക്കോമെഡ് ഹോറസ്കോപ്പ് ലക്ഷ്യമിടുന്നതും

ലൈംഗിക അവയവങ്ങൾക്കുള്ള രോഗങ്ങൾ, വൈകല്യങ്ങൾ, കുറവുകൾ എന്നിവയൊക്കെ വിവാഹശേഷം പ്രശ്നം സൃഷ്ടിക്കാറുണ്ട്. ഉദാഹരണത്തിനു പുരുഷന്മാരിലെ പ്രത്യക്ഷപ്പെടാത്ത വൃഷണങ്ങൾ. അണ്ഡോൽപാദനം ഇല്ലാത്ത സ്ത്രീകൾ തുടങ്ങി പല രോഗങ്ങളും. ബീജോൽപാദനശേഷി ഇവയൊക്കെ ചെറിയ പരിശോധനകളിലൂടെതന്നെ മനസിലാക്കാവുന്നവയാണ്.

ചുരുക്കത്തിൽ വന്ധ്യതയ്ക്കും ആരോഗ്യകരമായ കുടുംബജീവിതത്തിനും തടസമായേക്കാവുന്ന ഏതെങ്കിലും രോഗങ്ങളോ, പ്രശ്നങ്ങളൊ ഉണ്ടോ എന്നാണ് ഇവിടെ പരിശോധിക്കേണ്ടത്.

പൊരുത്തം 10. ലൈംഗിക സാംക്രമിക രോഗങ്ങൾ

കാഴ്ചയിൽ സുന്ദരനും സുന്ദരിയും ആയിരിക്കും . പക്ഷേ സ്വഭാവദൂഷ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ കിട്ടിയ ഒരു രോഗവും പേറിയായിരിക്കാം ഈ സുന്ദരനും സുന്ദരിയും നടന്നു നീങ്ങുന്നതെങ്കിലോ? ഏതെങ്കിലും വിവാഹജീവിതം തുടർന്നുപോകുമോ? സൈക്കോമെഡ് ഹൊറസ്കോപ്പിൽ ഏറെ പ്രാധാന്യമുണ്ട് ഈ പൊരുത്തത്തിന് .കാരണം ഇത് ഒരാളിന്റെ ശാരീരികം മാത്രമല്ല മാനസികമായ ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണ്. ഒരു വ്യക്തിക്ക് എച്ച് ഐ വി, എയ്ഡ്സ്, ജനിറ്റൽ ഹെർപ്പിസ് തുടങ്ങിയ ലൈംഗിക സാംക്രമിക രോഗങ്ങൾ ഉണ്ടെങ്കിൽ അതു തന്റെ പങ്കാളിയിലേക്കും ഒരു പക്ഷേ പിറക്കാൻ പോകുന്ന കുഞ്ഞിനും പകർന്നുകൊടുക്കും . അതുകൊണ്ടു വിവാഹത്തിനു മുമ്പുതന്നെ ഇത്തരം മാരകരോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

വന്ധ്യതയ്ക്കു കാരണമായേക്കാവുന്നതും സംതൃപ്തകരമായ വിവാഹജീവിതത്തിനു തടസം സൃഷ്ടിക്കുവാനും സാധ്യതയുള്ള രോഗങ്ങളെയും രോഗസാധ്യതകളെയും പ്രശ്നങ്ങളെയും മുൻകൂട്ടി മനസിലാക്കുന്നതു വഴി വിവാഹശേഷം സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെ ഒഴിവാക്കുകയാണു സൈക്കോമെഡ് ഹോറസ്കോപ്പിന്റെ ലക്ഷ്യം. നാട്ടുകാരറിഞ്ഞ് ആർഭാടത്തോടെ പ്രൗഢി കാട്ടി നടത്തുന്ന വിവാഹങ്ങൾ ഏതാനും നാളുകൾക്കുള്ളിൽ തല്ലിപ്പിരിയുന്നതിലും ഭേദം അതൊഴിവാക്കുകയല്ലേ. സ്വന്തം അവസ്ഥ മനസിലാക്കി ചേരുംപടി ചേർക്കുവാനും ഇതു സഹായിക്കും

വാൽക്കഷണം: സൈക്കോമെഡ് ഹൊറോസ്കോപ്പ് പറയുന്ന ഈ പത്തുപൊരുത്തങ്ങളിൽ ഏതെങ്കിലും ചേർച്ചക്കുറവു നിങ്ങളുടെ ദാമ്പത്യത്തിൽ ഉണ്ടോ? എങ്കിൽ അത് ഉടനെ പരിഹരിക്കുക. നിങ്ങൾ അടുത്തുതന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളാണോ? എങ്കിൽ സൈക്കോമെഡ് ഹൊറോസ്കോപ്പ് പറയുന്ന പൊരുത്തങ്ങൾ ശ്രദ്ധിക്കുക. എന്നിട്ട് ഒരു തീരുമാനത്തിൽ എത്തുക

ഡോ. കെ.പ്രമോദ്

ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാരിറ്റൽ ആന്റ് സെക്ഷ്വൽ ഹെൽത്ത് പത്തടിപ്പാലം എറണാകുളം