Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിചാരിച്ചാൽ മരണവും മാറ്റിനിർത്താം

mind-power Representative Image

വിദേശത്തു കഴിഞ്ഞിരുന്ന എന്റെ ഒരു സുഹൃത്തും ഭാര്യയും മടങ്ങിവന്നത് ജീവിതം തകർന്ന മട്ടിലായിരുന്നു. ഭാര്യയുടെ തലച്ചോറിൽ കാൻസർ. ചികിത്സകളെല്ലാം നിരാശാജനകമായിരുന്നു. തലയോട്ടി തുറന്നു ശസ്ത്രക്രിയ നിർദേശിച്ചതോടെയാണ് അവർ മടങ്ങിയത്. ശസ്ത്രക്രിയ ചെയ്തു നോക്കാം, ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലും ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ ഉണ്ടാകാമെന്നു നാട്ടിലേയും ഡോക്ടർ പറഞ്ഞു. ഒടുവിൽ ശസ്ത്രക്രിയാ തീയതി നിശ്ചയിച്ചു.

മരണം ഏതാണ്ട് ഉറപ്പായതു പോലെയാണു ഭാര്യ പെരുമാറുന്നതെന്നു സുഹൃത്ത് എന്നോടു പറഞ്ഞു. എനിക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

അവർക്ക് അഞ്ചുവയസുള്ള ഒരു മകൾ ഉണ്ട്. ആ മകളുടെ കല്യാണത്തെക്കുറിച്ചു ഭാര്യയോട് എപ്പോഴും സംസാരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ആ വിവാഹചടങ്ങിന്റെ എല്ലാ വിശദാംശങ്ങളും അടക്കം സംസാരിക്കാൻ നിർദേശിച്ചിരുന്നു. ഒടുവിൽ തനിക്കു മകളുടെ കല്യാണം കണ്ടേ പറ്റൂവെന്ന ഉറച്ച തീരുമാനവുമായാണ് അവർ ഓപ്പറേഷൻ തീയറ്ററിലേക്കു പോയത്. ആറുമാസം മുമ്പു നടന്ന ആ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നു മാത്രമല്ല. അവരിപ്പോൾ പൂർണ ആരോഗ്യവതിയാണ്. ഒരു കുറവും ഇല്ലാതെ തന്നെ.

ഇത് എളുപ്പമാണ്

രോഗം മാറ്റുന്നത് എന്താണ്. മിക്ക അവസരങ്ങളിലും രോഗം മാറ്റാൻ ശരീരത്തെ പ്രേരിപ്പിക്കുക മാത്രമാണു മരുന്നുകൾ ചെയ്യുന്നത്. ആ പ്രേരണ ഏറ്റെടുത്തു രോഗം മാറ്റാൻ ശരീരം പരിശ്രമിക്കുന്നു. രോഗം മാറുന്നു. രോഗി മിക്കപ്പോഴും തന്റെ രോഗാവസ്ഥയിൽ ദുഃഖിതനും നിരാശനുമായിരിക്കുന്നതുമാണു പതിവ്. ശരീരവും അത് ഏറ്റെടുക്കുന്നു. അതുകൊണ്ടുതന്നെ മരുന്നുകൾ ഉപയോഗിച്ചാലും ചിലപ്പോൾ രോഗം മാറാൻ വൈകിയെന്നുവരും.

രോഗം മാറണമെന്നു ശരീരത്തിനു തോന്നിത്തുടങ്ങിയാൽ (ബോധമനസിനല്ല) രോഗവും മാറിത്തുടങ്ങും. ശരീര മനസിനെ അഥവാ ഉപബോധമനസിന് ആ പ്രേരണ ഉണ്ടാക്കിയാൽ രോഗശാന്തി എളുപ്പമായി. അതിനുള്ള മാർഗം ലളിതവും.

രോഗത്തെ മറികടക്കുവാൻ ചെയ്യേണ്ടതു രോഗാവസ്ഥ പിന്നിട്ട ശേഷം ചെയ്യാൻ പോകുന്ന വലിയ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. ഹൃദ്രോഗമോ കാൻസറോ പോലുള്ള അസുഖങ്ങൾ ഉള്ളവർ കുട്ടികളുടെ കല്യാണം തങ്ങൾ മുൻകൈയെടുത്തു നടത്തിക്കൊടുക്കുന്നതോ പുതിയ വീടുവയ്ക്കുന്നതിന്റെയൊക്കെയോ വർണാഭമായ ചടങ്ങുകൾ എപ്പോഴും ഭാവനയിൽ കാണണം.

മനസിന്റെ സന്തോഷവും കരുത്തും ആത്മവിശ്വാസവും ഏതു രോഗത്തെയും അതിജീവിക്കുവാൻ പ്രാപ്തരാക്കും. തീവ്രമായ ഒരാഗ്രഹം നിങ്ങൾക്കു സാധിക്കാനുണ്ടെങ്കിൽ മരണം പോലും മാറി നിൽക്കും. ശരീരത്തിനു മേൽ മനസിന്റെ സ്വാധീനം അത്രമാത്രം ശക്തമാണ്.

രോഗം മാറുമ്പോൾ ശരീരത്തിനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും അതായതു വേദന മാറുന്നതും മറ്റു ശാരീരികമായ അസ്വസ്ഥതകൾ ഇല്ലാതാകുന്നതുമെല്ലാം മനസിൽ കാണുക. നടക്കാൻ കഴിയാത്ത ഒരാൾ താൻ എണീറ്റു നടക്കുന്നതും നടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ ഇടങ്ങളിലേയ്ക്കും സഞ്ചരിക്കുന്നതുമെല്ലാം മനസിൽ കാണുക. ആ കാഴ്ചകൾ ആസ്വദിക്കുക. ആ നിമിഷങ്ങളിൽ ജീവിക്കാൻ ശ്രമിക്കുക. കാണുകയെന്നു പറഞ്ഞാൽ ഒരു സിനിമയിൽ കാണുന്നതു പോലെ കണ്മുന്നിൽ കാണുക. നിങ്ങളുടെ ചിന്തകളല്ല മനസിൽ കാണുന്ന ദൃശ്യങ്ങളാണ് (വിഷ്വലുകൾ) ഉപബോധമനസ് എളുപ്പത്തിൽ ഏറ്റെടുക്കുക.

മിറക്കിൾ മാൻ

മിറക്കിൾ മാൻ എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന മോറിസ് ഗുഡ്മാൻ ഒരു അദ്ഭുതമാണ്. 1981 മാർച്ച് 10നു സ്വയം പറപ്പിച്ച വിമാനം തകർന്നപ്പോൾ ഒപ്പം അദ്ദേഹത്തിന്റെ ശരീരവും തകർന്നു തരിപ്പണമായി. നട്ടെല്ലിന്റേയും സുഷുമ്നയുടേയും ഒരു ഭാഗം ചതഞ്ഞരഞ്ഞു പോയി. ചലിപ്പിക്കാൻ കഴിയുന്ന ഏകശരീരഭാരം കൺപോളകൾ മാത്രമായിരുന്നു. ഡയഫ്രം തകർന്നു പോയതിനാൽ കൃത്രിമ ശ്വസനവും വേണ്ടിവന്നു. മരണമോ, ജീവിതകാലം മുഴുവൻ ആശുപത്രിയിലെ നിശ്ചലമായ കിടപ്പോ മാത്രമാണ് ഡോക്ടർമാർ പ്രവചിച്ചത്. എന്നാൽ ഏതാനും മാസം കഴിഞ്ഞപ്പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി മോറിസ് സ്വയം ശ്വസിക്കാൻ തുടങ്ങി. 1981 ഡിസംബർ 25ന് നടന്ന് അദ്ദേഹം ആശുപത്രിയിൽ നിന്നും പുറത്തു വന്നു.

ആ ക്രിസ്മസ് ദിനത്തിൽ താൻ ആശുപത്രിയിൽ നിന്നും നടന്നു പുറത്തു പോകുന്നത്, എണ്ണാനാകാത്ത അത്രയും തവണ മനസിൽ കണ്ടിരുന്നുവെന്നാണ്. ഇതുപോലെ ജീവിതം കൈവിട്ടു പോയവർ ഇങ്ങനെ പ്രതീക്ഷകളൊന്നും ശേഷിക്കാതിരുന്നവർ മനസിന്റെ ശക്തിയിലൂടെ ജീവിതം തിരിച്ചു പിടിച്ച സംഭവങ്ങൾ നിരവധിയുണ്ട്.

തീയതി നിശ്ചയിക്കാം

നിങ്ങളുടെ മനസിന്റെ ശക്തിയിൽ തീവ്രമായി വിശ്വസിക്കുകയാണ് ആദ്യപടി. രോഗിയാണെന്ന ചിന്ത വെടിഞ്ഞു രോഗം മാറിയെന്നു വിശ്വസിക്കുക. അതിനുള്ള ഉദാഹരണ ദൃശ്യങ്ങൾ മനസിന്റെ തിരശീലയിൽ പതിപ്പിച്ചു മനസിനെ വിശ്വസിപ്പിക്കുക. നിങ്ങളുടെ രോഗം പൂർണമായും മാറുമെന്നു നിങ്ങൾ വിശ്വസിക്കുന്ന ദിവസം മുൻകൂട്ടി കലണ്ടറിൽ രേഖപ്പെടുത്തുക. തീയതിയും സമയവും അടക്കം അടയാളപ്പെടുത്താം. ഓരോ ദിവസവും സൗഖ്യത്തിലേക്ക് മുന്നേറുന്നത് അനുഭവിക്കുക ആ ദിവസം നിങ്ങളുടെ രോഗം പൂർണമായി മാറുന്നതിനെപ്പറ്റി സംശയം കൂടാതെ തന്നെ ചിന്തിക്കുക. അതു സാധ്യമാകുക തന്നെ ചെയ്യും.

രോഗം മാറാൻ പ്രാർഥിക്കാം, ശാസ്ത്രീയമായി

മനസിന്റെ അപാരമായ ശേഷികൾ തിരിച്ചറിയാൻ സാധിക്കാത്തവർക്ക് ഈശ്വരനോടുള്ള പ്രാർഥന ഒരു വലിയ അനുഗ്രഹമാണ്. ശക്തമായ ആഗ്രഹം തന്നെയാണ് പ്രാർഥന. മനസർപ്പിച്ചുള്ള പ്രാർഥനയ്ക്കു ഫലമുണ്ടാകാറുണ്ട്. തീവ്രമായ വിശ്വാസം നമ്മുടെ തന്നെ മനസിൽ സൃഷ്ടിക്കുന്ന മാറ്റമാണു രോഗശാന്തിപോലുള്ള ഫലം നൽകുന്നത്.

മനസിൽ ആരോടെങ്കിലും ശേഷിക്കുന്ന വെറുപ്പും വൈരാഗ്യവും അസൂയയുമൊക്കെ ഒഴിവാക്കി അവർക്കു മാപ്പു നൽകിയ ശേഷമാണു പ്രാർഥന ആരംഭിക്കേണ്ടത്. ശരിയായ പ്രാർഥന ഒരു പരാതി പറച്ചിലല്ല. ദൈവത്തോടുള്ള നന്ദി പറയലാണ്. ഒന്നാംഘട്ടം: ഇത്രയൊക്കെ സംഭവിച്ചിട്ടും ശേഷിക്കുന്ന സൗഭാഗ്യങ്ങൾ ഓരോന്നിനും നന്ദി പ്രകടിപ്പിക്കുന്നതാണ് ഒന്നാമത്തെഘട്ടം. സ്ട്രോക്ക് വന്നു ശരീരത്തിന്റെ ഒരു വശം തളർന്നു പോയ രോഗിക്കു തന്റെ മറുവശം പ്രവർത്തിക്കുന്നതിൽ നന്ദി പറയാം. രണ്ടാംഘട്ടം: രോഗാതുരമായ ശരീരത്തിനു രോഗശാന്തി ഉണ്ടായിക്കൊണ്ടിരിക്കുകയാണ് എന്നു വിശ്വസിക്കുക. അതിനു ദൈവത്തിനു നന്ദി പറയണം. മൂന്നാംഘട്ടം: ഏറ്റവും പ്രധാനമാണു മൂന്നാംഘട്ടം. തനിക്കു രോഗം പൂർണമായി മാറിയെന്നു രോഗി സങ്കൽപിക്കണം. പൂർണ ആരോഗ്യവാനായ തന്റെ ചിത്രം സ്വയം കാണണം. അപ്പോൾ അതിനു സഹായിച്ച ദൈവത്തിനു നന്ദി പറയാം. ഈ നന്ദിപറച്ചിൽ (ആറ്റിറ്റ്യൂഡ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്) ഫലപ്രദമായ ഒരു രോഗശാന്തിമാർഗമാണ്. ഈ ശാസ്ത്രീയ പ്രാർഥന ദിവസവും പലതവണ, ആഗ്രഹിക്കുമ്പോഴൊക്കെ ആവർത്തിക്കുക. ഇഷ്ടപ്പെട്ട ഏതു ദൈവത്തോടും ആകാം പ്രാർഥന. ഫലം ഉറപ്പ്.

വിജയവഴികൾ

ഡോ പി പി വിജയൻ

മൈൻഡ് പവർ ട്രെയ്നർ ലൈഫ് ലൈൻ ഫൗണ്ടേഷൻ

തിരുവനന്തപുരം.