Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ത്വനമേകും സംഗീതചികിത്സ

music-therapy-1

മ്യൂസിക് തെറപ്പി എന്ന സംഗീത ചികിത്സ മലയാളിക്ക് ഇന്നു വളരെ പരിചിതമാണ്. പക്ഷേ പാട്ട് കേട്ടാൽ രോഗം മാറും എന്നു മാത്രമേ മിക്കവർക്കും അറിയൂ. അതുകൊണ്ടു തന്നെ സംഗീത ചികിത്സ ആർക്കും എങ്ങനെയും ചെയ്യാം എന്നൊരു തെറ്റിദ്ധാരണയും രൂപപ്പെട്ടു. രോഗിയുടെ മാനസിക ശാരീരിക തലങ്ങളെ പൂർണമായി അടുത്തറിഞ്ഞ ശേഷം മാത്രം നൽകുന്ന ശ്രമകരമായ ചികിത്സയാണിതെന്ന് ആദ്യമേ അറിയുക.

സംഗീതവും രോഗനിർണയവും

മ്യൂസിക് തെറപ്പി ചെയ്യാനെത്തുന്ന രോഗിയുടെ പ്രായം, മാനസിക നില, കുടുംബ സാഹചര്യം, രോഗാവസ്ഥ, രോഗത്തിന്റെ പഴക്കം, കഴിക്കുന്ന മരുന്നുകൾ, ഏതെല്ലാം അവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ട്. എന്നിങ്ങനെ വിശദാംശങ്ങളെല്ലാം ചോദിച്ചറിയുന്നതാണ് പ്രാരംഭഘട്ടം.

രോഗിയുടെ സംഗീതത്തോടുള്ള താത്പര്യവും സംഗീത പാരമ്പര്യവും രോഗനിർണയത്തിന്റെ ഭാഗമാണ്. ഇത് മ്യൂസിക്കൽ ലൈഫ് പനോരമ എന്നാണറിയപ്പെടുന്നത്. തെറപ്പിസ്റ്റ് ഏകദേശം ഒന്നരമണിക്കൂറോളം രോഗിയോടു സംസാരിച്ചാണ് രോഗനിർണയം നടത്തുന്നത്. ഇത് തെറാഗ്നോസിസ് എന്നാണറിയപ്പെടുന്നത്. ഡോക്ടറും രോഗിയും തമ്മിൽ ആത്മബന്ധം ഉടലെടുക്കുന്ന ഘട്ടം കൂടിയാണിത്.

തുടർന്ന് രോഗിയ്ക്ക് അവരുടെ പ്രായത്തിനും ശാരീരിക—മാനസികാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ രാഗത്തിലുള്ള സംഗീതം നിർദേശിക്കുന്നു. ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങൾക്ക് രോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇന്ത്യയിലും വിദേശത്തും നടന്ന പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

എല്ലാവരും ഒരേ പാട്ടു തന്നെ കേട്ടാൽ ഒരു പ്രയോജനവുമുണ്ടാകില്ല. തലച്ചോറിലെ തരംഗങ്ങളെ ശാന്തമാക്കുന്ന തരം സംഗീതത്തിനാണ് സംഗീത ചികിത്സയിൽ പ്രാധാന്യം. കവിതയും കീർത്തനങ്ങളും സിംഫണിയുമൊക്കെ ആകാം. വ്യക്തികളുടെ താത്പര്യവും തെറപ്പിസ്റ്റിന്റെ മനോധർമവും ഇവിടെ പ്രസക്തമാണ്. യോഗ, ആയുർവേദം, അലോപ്പതി എന്നീ ചികിത്സാശാഖകളുമായി സമന്വയിപ്പിച്ചു ചെയ്യാവുന്ന ചികിത്സാരീതിയാണ് മ്യൂസിക് തെറപ്പി.

തെറപ്പി ചെയ്യുമ്പോൾ

മ്യൂസിക് തെറപ്പി ചെയ്യാൻ നന്നായി പരിശീലനം സിദ്ധിച്ച വ്യക്തി തന്നെ വേണം. ഇല്ലെങ്കിൽ രോഗിക്ക് ഒരു പ്രയോജനവും ലഭിക്കില്ല, ചൂഷണം മാത്രമാകും ഫലം. മ്യൂസിക് തെറപ്പിസ്റ്റിന് അത്യാവശ്യം മെഡിക്കൽ ജ്ഞാനം ഉണ്ടായിരിക്കണം. സംഗീതം അറിഞ്ഞിരിക്കണമെന്നില്ല, അറിഞ്ഞിരുന്നാൽ കൂടുതൽ നല്ലത്. സംഗീതം അറിയുന്ന ഒരാൾ മികച്ച മ്യൂസിക് തെറപ്പിസ്റ്റ് ആകണമെന്നു നിർബന്ധമില്ല താനും. രോഗിയെയും രോഗത്തെയും നിർദേശിക്കേണ്ട രാഗത്തെയുമെല്ലാം മനസിലാക്കാനുള്ള തെറപ്പിസ്റ്റിന്റെ കഴിവിനാണു പ്രാമുഖ്യം.

സംഗീതവും തലച്ചോറും

വളരെ ബഹളമയമായ ഒരുപാട്ട് കേൾക്കുമ്പോൾ ഇലക്ട്രോ എൻസഫലോഗ്രാം എന്ന ഇഇജി നമ്മുടെ തലച്ചോറുമായി ബന്ധിപ്പിച്ചാൽ ബീറ്റാ തരംഗങ്ങളായിരിക്കും രേഖപ്പെടുത്തപ്പെടുന്നത്. ജാഗ്രത് അവസ്ഥ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

അതേസമയം ശാന്തസുന്ദരമായ ഒരു ഗാനം ആസ്വദിക്കുമ്പോൾ ആൽഫാ തരംഗങ്ങളാണ് രേഖപ്പെടുത്തുന്നത്. തലച്ചോറിന് ഏറെ സുഖവും ശാന്തിയും പകരുന്നവയാണ് ഈ തരംഗങ്ങൾ. ഇവ മനസിന് ധ്യാനാത്മകതയും ലയവും പകരുന്നു. ആൽഫാതരംഗങ്ങൾ പുറപ്പെടുവിക്കുന്ന തരം ഗാനങ്ങൾ നമ്മുടെ പിരിമുറുക്കത്തെ അകറ്റും. മനസിന് ഏകാഗ്രത നൽകും. ആൽഫാ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഏറെ മാറ്റമുണ്ടാകുന്നു. ആ സമയത്താണ് പിരിമുറുക്കവും ടെൻഷനും കുറയ്ക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളെ ശരീരം ഉത്പാദിപ്പിക്കുന്നത്. അങ്ങനെ ശരീരം മുഴുവൻ സംതുലിതാവസ്ഥയിലെത്തുന്നു. എല്ലാ അവയവങ്ങളും താളാത്മകമാകുന്നു. രോഗമില്ലാത്തവരിൽ ഇത്തരം ഗാനങ്ങൾ കേൾക്കുന്നതിലൂടെ രോഗപ്രതിരോധശക്തി ലഭിക്കുന്നു.

രോഗിക്ക് സംഗീതമറിയണോ?

മ്യൂസിക് തെറപ്പിക്ക് വിധേയനാകുന്ന വ്യക്തി സംഗീതമറിയണമെന്നു നിർബന്ധമില്ല. നന്നായി സംഗീതമറിയുന്ന ഒരാളെക്കാൾ സംഗീതമറിയാത്ത ആളിനാകും കൂടുതൽ ഫലം കിട്ടുന്നത് എന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. സംഗീതജ്ഞാനമുള്ള വ്യക്തി പാട്ടു കേൾക്കുമ്പോൾ അതിന്റെ ഗുണങ്ങളും ദോഷങ്ങളും തിരഞ്ഞു പോകും. സംഗീതം അറിയാത്ത ആളാകട്ടെ പൂർണമനസോടെ അതിൽ ലയിക്കുകയും ചെയ്യും.

രോഗമുക്തിയേകുന്ന സംഗീതം

പിരിമുറുക്കം മാത്രമല്ല, കൊറോണറി ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര ഹൃദ്രോഗങ്ങൾ, രക്താതിസമ്മർദ്ദം, കടുത്ത ശരീരവേദനയുണ്ടാക്കുന്ന ആർത്രൈറ്റിസ്, വിഷാദം മുതലായ രോഗങ്ങൾ ഇവയ്ക്കെല്ലാം സംഗീത ചികിത്സ പരിഹാരമാണ്. കാൻസർ രോഗികൾക്കുള്ള സാന്ത്വനചികിത്സയിലും സംഗീതം ഇടം നേടിക്കഴിഞ്ഞു. ഒരു കുടുംബത്തിൽ ഒരാൾ മ്യൂസിക് തെറപ്പിയുടെ ഭാഗമായി പാട്ടുകേൾക്കുമ്പോൾ മറ്റു കുടുംബാംഗങ്ങൾക്കും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നുണ്ട്.

താരാട്ടു മുതൽ മരണകിടക്കവരെ സംഗീതത്തിന്റെ ചികിത്സാ സാധ്യതകൾ നീളുകയാണ്. ഗർഭിണികൾ ഗർഭകാലത്തേ മ്യൂസിക്തെറപ്പി ചെയ്യുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ രോഗാതുരതകൾ അകറ്റും. അമ്മയുടെ താരാട്ട് കുഞ്ഞിനുള്ള സംഗീത ചികിത്സയാണ്. സംഗീതം എല്ലാ അർഥത്തിലും സുഖദമായ ഒരു ഔഷധമാണ്.

music-therapy-2

നൂറ്റാണ്ടു പിന്നിടുന്ന സംഗീത ചികിത്സ

പുരാതന ഗ്രീസിൽ പൈതഗോറസും പ്ലേറ്റോയും അരിസ്റ്റോട്ടിലും സംഗീതത്തിന്റെ ചികിത്സാ സാധ്യതകളെ കുറിച്ച് അറിഞ്ഞിരുന്നുവത്രേ. പഴയ നിമയത്തിൽ ദാവീദ് രാജാവ് കിന്നരം മീട്ടി രോഗം സുഖപ്പെടുത്തിയതായി പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസും രോഗചികിത്സയ്ക്ക് സംഗീതം ഉപയോഗിച്ചിരുന്നു.

ഇന്ത്യയിൽ മ്യൂസിക് തെറപ്പി ആരംഭിച്ചത് പുനെയിൽ ഡോ: ഭാസ്കർ ഖാണ്ടേക്കറാണ്. ചെമ്പൈയും കുന്നക്കുടി വൈദ്യനാഥനുമൊക്കെ ഈ ചികിത്സാശാലയുടെ അനന്തസാധ്യതകൾ തേടിയവരാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സുവർണ നാലപ്പാട്ട്, പതോളജിസ്റ്റ്, മ്യൂസിക് തെറപ്പി ഗവേഷക, ചെന്നൈ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.