Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടു കുറയ്ക്കാൻ പ്രകൃതിദത്ത വഴികൾ

summer

വേനലെത്തും മുൻപു ചൂടിങ്ങെത്തി. ഈ നില തുടർന്നാൽ എങ്ങനെ ഏപ്രിൽ‌ കടക്കും. രാവും പകലും ഭേദമില്ലാതെയാണു ചൂടാറാട്ട്. കടലിനും കായലിനും കരയ്ക്കും കാറ്റിനും കൊടുംചൂടു തന്നെ. വേനൽമഴ എത്താൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണു സൂചന. ഇതു ചൂടിന്റെ വേനലാണ്. അൽപം ശ്രദ്ധിച്ചാൽ, ചൂടിനെ അറിഞ്ഞാൽ എസിയിടാതെ ചൂടു കുറയ്ക്കാം. മനസ്സും ശരീരവും വീടും തൊടിയും തണുപ്പിച്ചാൽ ചൂടു താനേ കുറയും.

ചൂടുയരുന്നു

ദിവസങ്ങൾ പോകുംതോറും കൊടുംചൂടിന്റെ പിടിയിലേക്കു നീങ്ങുന്നു. ചൂടിന്റെ അളവ് സ്ഥായിയായി നിൽക്കുമ്പോഴും ഇതുമൂലമുണ്ടാകുന്ന ക്ലേശങ്ങളും ദുരിതങ്ങളും ഓരോ വർഷം പോകുംതോറും വർധിക്കുന്നു. സമൃദ്ധമായുള്ള കായലുകളും കനാലുകളും തോടുകളും ചൂട് ക്രമീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വർധിച്ചതോതിലുള്ള ജലത്തിന്റെ സാമീപ്യം ചൂടിനെ നിയന്ത്രിക്കുന്നുണ്ട്. ജലശേഖരം ധാരാളമുള്ളപ്പോൾ തന്നെ ശുദ്ധജലത്തിനു ക്ഷാമം നേരിടുന്നതു പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ചൂട് കൂടുന്നതനുസരിച്ചു ജലത്തിന്റെ ഉപഭോഗം വർധിക്കും. ശുദ്ധജലത്തിനു ലഭ്യത കുറയും. മലിനമായ ജലം ഉപയോഗിക്കാനുള്ള സാധ്യത വർധിക്കും. ചൂടിനൊപ്പം രോഗങ്ങൾ പടരുന്നതിനും ഇതു കാരണമാകും.

പാലിക്കാം വേനൽക്കാല ചര്യ

വർഷകാലചര്യ പോലെ വേനലിനും ജീവിതചര്യയുണ്ട്. കാലാവസ്ഥയ്ക്കു യോജിക്കുന്ന തരത്തിലാണു വേനൽചര്യ ക്രമപ്പെടുത്തിയിട്ടുള്ളത്. രണ്ടു മാസമാണു ഗ്രീഷ്മ ഋതു. കുളി മുതൽ ഭക്ഷണവും ഉറക്കവും യാത്രയും അടക്കം ശ്രദ്ധിച്ചാൽ വേനൽ ദോഷകരമായി ബാധിക്കില്ല.

ശരീരത്തെ ക്ഷീണിപ്പിക്കുന്ന കാലമാണു വേനൽ. 37 ഡിഗ്രിയാണു ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയർന്നാൽ ശരീരത്തിനു സഹിക്കാൻ സാധിക്കില്ല. നിർജലീകരണം, വിശപ്പ് കുറയൽ, ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ മന്ദത എന്നിവയെ വേനൽ ബാധിക്കും. വൃക്ക, കരൾ, ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനം മെല്ലെ താളം തെറ്റിത്തുടങ്ങും. പ്രമേഹവും രക്തസമ്മർദവും കുടുതൽ ഉള്ളവർക്ക് അവ അൽപം കൂടി വർധിക്കും.

രണ്ടോ മൂന്നോ നേരം കുളിക്കാം. ചൂടുവെള്ളം വേണ്ട. കൂടുതൽ സമയം ശരീരത്തിൽ വെള്ളം വീഴ്ത്താം. ഷവർ ഉപയോഗിക്കുന്നതു നന്ന്.

കഴിവതും സോപ്പ് ഉപയോഗം കുറയ്ക്കുക. പകരം ചെറുപയർ, കടല, ഇഞ്ച പൊടികൾ ഉപയോഗിക്കാം. തലയിൽ താളി തേയ്ക്കാം. വെളിച്ചെണ്ണ, നല്ലെണ്ണ ഉപയോഗിക്കാം. ചുടുള്ള എണ്ണകൾ ഒഴിവാക്കുക.

അയഞ്ഞ വസ്ത്രങ്ങൾ നന്ന്. പരുത്തി വസ്ത്രങ്ങൾ ഉചിതം.

കേരളത്തിന്റെ സ്വന്തം കഞ്ഞിയാണു വേനലിന്റെ ഭക്ഷണം. കഞ്ഞി ശരീരത്തെ തണുപ്പിക്കും. ചമ്മന്തി, പയർ, ഇലക്കറികൾ ധാരാളം ഉപയോഗിക്കാം. എരിവ് കുറയ്ക്കുക. മസാലകളും കുറയ്ക്കാം.

മറ്റ് അസുഖങ്ങളില്ലെങ്കിൽ നെയ്യ് ഉപയോഗിക്കാം. രാവിലെയും വൈകിട്ടും ഓരോ സ്പൂൺ നെയ്യ് കഴിക്കുന്നതു ശരീരത്തെ തണുപ്പിക്കും. വെളിച്ചെണ്ണയും തണുപ്പു നൽകും. പാൽ, മോര് എന്നിവ ധാരാളം ഉപയോഗിക്കാം.

പപ്പായയും പൈനാപ്പിളും ഒഴികെയുള്ള പഴങ്ങൾ നല്ലതാണ്. മുന്തിരി, മാങ്ങ, ഓറഞ്ച്, തണ്ണിമത്തൻ, ചെറുപഴങ്ങൾ നന്ന്. നേന്ത്രപ്പഴം പുഴുങ്ങിക്കഴിക്കുക.

∙ മാംസാഹാരങ്ങൾ വേനലിൽ ചൂടുകൂട്ടും. പച്ചക്കറികൾ ഗുണം ചെയ്യും. കുമ്പളം, വെള്ളരി, ഇലക്കറികൾ, കൂവപ്പൊടി എന്നിവ ഭക്ഷണത്തിനായി ഉപയോഗിക്കാം.

ചൂടുകുറയ്ക്കാൻ കരിക്ക് അത്യുത്തമം. രണ്ടു കരിക്കു വരെ കഴിക്കാം.

എത്ര വെള്ളം കുടിക്കാം. ആവശ്യത്തിനു ധാരാളം വെള്ളം കുടിക്കുക. നാലു മുതൽ അഞ്ചു ലീറ്റർ വരെ വെള്ളമാകാം. മൂത്രത്തിന്റെ നിറം മങ്ങിയ മഞ്ഞയാണ് എന്നോർക്കുക. റഫ്രിജറേറ്ററിലെ വെള്ളത്തേക്കാളും മൺകൂജയിലെ സ്വാഭാവികമായി തണുത്ത വെള്ളം ഗുണം ചെയ്യും. മല്ലിവെള്ളവും നന്ന്.

നേരിട്ടു ഫാനിനു കീഴിൽ കിടക്കരുത്. ഫാൻ ശരീരത്തിലെ വെള്ളം കുറയുന്നതിന് ഇടയാക്കും. കൂടുതൽ വെള്ളം കുടിക്കാം.

തണുപ്പു ലഭിക്കുന്ന ലേപനങ്ങൾ പുരട്ടുന്നതു നല്ലതാണ്. രണ്ടു നേരം ഇളനീർ കുഴമ്പ് കണ്ണിൽ എഴുതുന്നതു ചൂടു മൂലമുള്ള നേത്ര രോഗങ്ങൾ കുറയ്ക്കും.

ചന്ദനം, രാമച്ചം ഇവ കലർന്ന കുഴമ്പുകൾ പുരട്ടി കുളിക്കാം. ആര്യവേപ്പ് ഇല അരച്ചു പുരട്ടി കുളിക്കുന്നതു വേനൽക്കാല രോഗങ്ങളെ അകറ്റും.

ഉറക്കം കുറയും. കിടക്കും മുമ്പ് കാൽ മുട്ടിനു താഴെ നനച്ച് ഈർപ്പം നില നിർത്തുന്നതു നല്ലതാണ്.

മഴക്കാലത്തു മാത്രമല്ല, വേനൽക്കാലത്തും കുട ശീലമാക്കാം. നേരിട്ടുള്ള ചൂട് ശരീരത്തിൽ ഏൽക്കുന്നതു തടയും. ഇരുചക്രവാഹനത്തിലെ യാത്രകൾ കുറയ്ക്കുക. ബസ്, കാർ പോലുള്ള വാഹനങ്ങളിലേക്കു മാറുക.

ചൂടു കുറച്ച് വൈദ്യുതി ബിൽ കൂട്ടേണ്ട

എയർ കണ്ടീഷനർ, റഫ്രിജറേറ്റർ, ഫാൻ... വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഉപകരണങ്ങളാണിവ. മുൻപ് എസി ആഡംബരത്തിന്റെ ലക്ഷണമായിരുന്നെങ്കിൽ ഇന്നത് അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. കാലാവസ്ഥയിലും ജീവിതരീതിയിലുമുണ്ടായ മാറ്റമാണു കാരണം. എന്നാൽ ഇവയുടെ ഉപയോഗത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് വരുമ്പോൾ ഷോക്കടിച്ച അനുഭവമുണ്ടാകും. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിനു പരിഹാരം കാണാം.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അതും ആവശ്യമുള്ള സമയത്തേക്കു മാത്രം ഇൗ ഉപകരണങ്ങൾ ഉപയോഗിക്കുക. ഉപയോഗം കഴിഞ്ഞാലുടൻ നിർത്തുക.

ഗുണമേന്മയുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കുക. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ഉപകരണങ്ങൾ വിപണിയിൽ ലഭ്യം. വാങ്ങുമ്പോൾ വില അൽപം ഉയരുമെങ്കിലും വൈദ്യുതി ബില്ലിൽ തന്നെ ഇൗ തുകയുടെ കുറവ് നമുക്ക് കണ്ടെത്താം.

ശരാശരി ആറു മാസം മഴയും ആറു മാസം വേനലുമുളള കാലാവസ്ഥയാണു നമ്മുടേത്. വീട് നിർമിക്കുമ്പോൾ തന്നെ ഇതു മനസ്സിൽ വച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം. സ്വഭാവികമായ ചൂട് നിയന്ത്രണം ഉറപ്പുവരുത്തിയാൽ ഉപകരണങ്ങളോട് അത്രയും വിടപറയാം.

റഫ്രിജറേറ്റർ ഇടയ്ക്കിടെ തുറക്കുന്നത് ഒഴിവാക്കുക. രാത്രികാലങ്ങളിൽ കുറച്ചു സമയങ്ങൾക്കുശേഷം വേണമെങ്കിൽ ഓഫാക്കിയിട്ടാലും ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നവ കേടാകില്ല.