Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം വേണ്ടെന്നു പറയുന്ന പെൺകുട്ടി, കാരണം നിസ്സാരമല്ല

521815364

സാർ 26 വയസ്സുള്ള മകളുടെ പ്രശ്നം പറയാനാണീ കത്ത്. 52 വയ‌സ്സുള്ള ‌വീട്ടമ്മയാണ് ഞാൻ. ഭർത്താവ് ഉയർന്ന പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥനും. നല്ല സാമ്പത്തികമുള്ള കുടുംബമാണ്. രണ്ട് പെൺമക്കളാണ്. മൂത്ത മകൾ പിജി കഴിഞ്ഞ് പിഎച്ച്ഡി ചെയ്യുന്നു. ഇളയമകൾ ബിരുദത്തിന് പഠിക്കുന്നു. മൂത്തമകളുടെ കാര്യത്തിലാണ് ഡോക്ടറുടെ സഹായം വേണ്ടത്. പിജിക്കു പഠിക്കുമ്പോഴെ വിവാഹാലോചന വന്നു തുടങ്ങിയിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കി. ജോലി ലഭിച്ചിട്ടുമതി വിവാഹം എന്നു മകൾ ശാഠ്യം പിടിച്ചു. ഇന്നത്തെ കാലത്ത് സ്വന്തം ‌കാലിൽ നിൽക്കുന്നതു നല്ലതാണെന്ന അഭിപ്രായം എനിക്കും ഭർത്താവിനും ‌ഉണ്ടായിരുന്നതിനാൽ ഞങ്ങൾ സമ്മതിച്ചു.

പിജി കഴിഞ്ഞു ക്യാംപസ് ഇന്റർവ്യൂ വഴി ജോലി ലഭിച്ചെങ്കിലും അതിനു പോയില്ല. പിഎച്ച്ഡി ചെയ്തിട്ടു മതി ജോലി എന്നായി മകൾ. പഠനത്തിന്റെ ‌കാര്യമായതിനാൽ അതിനും ഞങ്ങൾ വഴങ്ങി. ഇപ്പോൾ പിഎച്ച്ഡി പൂർത്തിയാകാറായി. കല്യാണം ആലോചിക്കട്ടെ എന്നു ചോദിച്ചപ്പോൾ കല്യാണത്തിനു താൽപര്യമില്ല. ‌വിവാഹമേ കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മറുപടി. എന്താണ് ഭാവി പരിപാടി ‌എന്നു ‌ചോദിക്കുമ്പോൾ ഗവേഷണം പൂർത്തിയാക്കി വടക്കേ ഇന്ത്യയിലോ മറ്റോ ജോലി ‌സമ്പാദിച്ച് അവിടെ ജീവിക്കണമെന്നും ഹിമാലയം, കാശി പോലുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്തണമെന്നും പറയുന്നു. വിവാഹം ഇതിനു തടസ്സമല്ല എന്നു ഞങ്ങൾ പറഞ്ഞു നോക്കിയെങ്കിലും വിവാഹം ഒരു തരത്തിലുള്ള തടവറയാണെന്നും സ്വന്തം ഇഷ്ടങ്ങൾ നടത്താൻ അനുവാദം തേടേണ്ടി വരുമെന്നും അത്തരമൊരു ജീവിതം ചിന്തിക്കാനാവില്ലെന്നും പറയുന്നു.

അവളെ തല്ലിയും ഭീക്ഷണിപ്പെടുത്തിയും വിവാഹത്തിനു നിർബന്ധിക്കാൻ ഞങ്ങൾക്കു താൽപര്യമില്ല. അതു ദോഷമാകുമെന്ന് അറിയാം. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അതു നടത്തി തരാൻ സമ്മതമാണെന്നും അറിയിച്ചു. പക്ഷെ അങ്ങനെയൊരാൾ ജീവിതത്തില്‍ ഇല്ലെന്നാണ് പറയുന്നത്. പിജിക്കു പഠിക്കുമ്പൾ അവളിൽ ചില മാറ്റങ്ങൾ കണ്ടിരുന്നു. കളർഫുൾ വസ്ത്രങ്ങൾ ധരിക്കുന്നത് ഉപേക്ഷിച്ചു. നോൺ വെജ് ഭക്ഷണവും കഴിക്കാതെയായി. അവധി ദിവസങ്ങളിൽ പട്ടണത്തിലെ ലൈബ്രറിയിൽ പോയി ഇരിക്കും.

അടുത്തിടെ അവളുടെ മുറിയിലെ പുസ്തകങ്ങൾ നോക്കിയപ്പോൾ അവയിൽ കൂടുതലും ആത്മീയതയും സഞ്ചാരസാഹിത്യവും വിഷയങ്ങളായിട്ടുള്ളവയായിരുന്നു. കാവി നിറത്തിലുള്ള വസ്ത്രവും രുദ്രാക്ഷവും ധരിച്ചുള്ള ഫോട്ടോ ഫെയ്സ്ബുക്കിൽ ഇടുക വരെ ചെയ്തു. ഇതു കണ്ട ബന്ധുക്കളും കൂട്ടുകാരും ഞങ്ങളോട് മകൾക്ക് എന്തു പറ്റിയെന്നു അന്വേഷിക്കുകയാണ്. അവരോട് മറുപടി പറയാൻ കഴിയാതെ ഞങ്ങൾ കുഴങ്ങുകയാണ്. എന്താണു മകളുടെ കാര്യത്തിൽ ചെയ്യേണ്ടത്? അവളെ മനശ്ശാസ്ത്രഞ്ജനെ കാണിക്കണോ? മൂത്ത കുട്ടി കല്യാണം കഴിക്കാതെ ഇരിക്കുന്നത് ഇളയമകളുടെ ഭാവിയെയും ബാധിക്കില്ലേ എന്ന പേടിയിലാണ് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

സുമംഗല, തൃശൂർ

നിങ്ങളുടെ മകളുടെ പ്രശ്നത്തിലെക്കു കടക്കുംമുമ്പ് അടുത്തിടെ ഞാൻ കണ്ട ഒരു പെൺകുട്ടിയുടെ കാര്യം പറയാം. താങ്കളുടെ മകളുടെ കേസുമായി കുറച്ചു ‌സാമ്യമുള്ള സംഭവമാണ്.

ഗീതയുടെ കഥ

ഗീതയെ ഞാൻ ആദ്യമായി കാണുന്നത്. അവളുടെ സഹോദരന്റെ കൂടെയാണ്. 28 വയസ്സ്. നല്ല സൗന്ദര്യം. സഹോദരനാണ് അവളുടെ പ്രശ്നം വിവരിച്ചു തുട‌ങ്ങിയത്. പഠിത്തത്തിൽ മിടുക്കിയാണ് എം. എ കഴിഞ്ഞു. ബി. എഡിനു പഠിക്കുന്നു. രണ്ടു മക്കളിൽ ഇളയവൾ. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഗീതയ്ക്കു വിവാഹാ‌ലോചനകൾ വന്നിരുന്നു. എല്ലാത്തിൽ നിന്നും അവൾ ഒഴിഞ്ഞുമാറി. ‌വീട്ടുകാര്‍ പലവട്ടം നിർബന്ധിച്ചിട്ടും ഫലമുണ്ടായില്ല. പഠിക്കണമെന്ന ഒറ്റകാര്യത്തിൽ അവൾ ഉറച്ചു നിന്നു. ഒടുവിൽ സഹികെട്ടപ്പോഴാണ് ഗീതയെ വീട്ടുകാർ എന്റെ പക്കൽ എത്തിച്ചത്.

ഞാൻ ആദ്യ ദിവസം ഗീതയോട് വിശദമായി സംസാരിച്ചു. ആദ്യമാദ്യം മടിച്ചെങ്കിലും പിന്നെ വാചാലയായി. ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നു തിരക്കി. ‌അങ്ങനെ ഒരു അടുപ്പം ഒരിക്കലും ഇല്ല എന്നു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. പിന്നെ എന്താണ് വിവാഹത്തിനു സമ്മതിക്കാത്തത് എന്നു ചോദിച്ചപ്പോൾ വല്ലാത്ത ഭയം എന്നാണ് അവൾ മറുപടി പറഞ്ഞത്. ചെറുപ്പത്തിൽ എന്തെങ്കിലും ദുരനുഭവം ‌ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചെങ്കിലും ഒന്നു സംഭവിച്ചിട്ടില്ല എന്നു ഗീത പറഞ്ഞു.

ഗീതയ്ക്ക് ഉറക്കത്തിനോ വിശപ്പിനോ പഠിക്കാനുള്ള ഏകാഗ്രതയ്ക്കോ ഒരു കുറവും ഇല്ല. എന്നാൽ എപ്പോഴും മനസ്സിൽ ഒരു നിർവികാരത. അകാരണമായ ഭയമായിരുന്നു ഗീതയുടെ പ്രശ്നം. ഈ ഭയം മാറ്റാൻ ചികിത്സയും മരുന്നുകളും ആവശ്യമാണെന്ന് അവളെയും സഹോദരനെയും ബോധ്യപ്പെടുത്തി. കൃത്യമായ ചികിത്സ കൊണ്ട് ഗീതയുടെ ഭയം മാറി. പിന്നീട് അവൾ എന്നെ കാണാൻ വന്നത് കൈയിൽ ‌കല്യാണക്കുറിയുമായാരുന്നു.

ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നവർ

താങ്കളുടെ മകളുടെ പ്രശ്നത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് കുട്ടി ‌പ്രത്യേകതരം മാനസികാവസ്ഥയിലാണെന്നാണ്. ഇതിനെ സ്കിസോയ്ഡ് അഥവാ ‌സ്കിസോടൈപ്പൽ‌ പേഴ്സണാലിറ്റി എന്ന് പറയാം ഇവർ സാധാരണയായി ‌ഒറ്റപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരാണ്. ഒറ്റയാനായി ജീവിതം മുന്നോട്ടു കൊണ്ടുപോകും. സൗഹൃദം ദാമ്പത്യം എന്നീ വിഷയങ്ങളിൽ താൽപര്യക്കുറവ് കാണിക്കും. പേരിന് ഒന്നോ രണ്ടോ കൂട്ടുകാർ കാണും. ആരുമായും ഉള്ളു തുറക്കില്ല. എന്നാൽ ‌പഠനത്തിലും ജോലിയിലും മിടുക്കരായിരിക്കും.

താങ്കളുടെ മകളിൽ അടുത്തിടെ കണ്ട ചില ‌സ്വഭാവമാറ്റങ്ങൾ, ഉദാഹരണത്തിനു നോൺവെജ് ഭക്ഷണം ‌ഉപേക്ഷിക്കൽ, ആധ്യാത്മിക ‌ചിന്തകൾ, സന്യാസത്തിലേക്കുള്ള പുറപ്പാട് എന്നിവ മുകളിൽ സൂചിപ്പിക്കുന്ന അവസ്ഥയാണെന്ന് തെളിയിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാം.

∙ ഈ അവസ്ഥയിൽ കൗൺസലിങ് പോലുള്ള രീതികൾ ഫലപ്രദമാകുമെന്നു തോന്നുന്നില്ല. കാരണം ഇവർ ആരോടും ഉള്ളു തുറക്കില്ല എന്നതു തന്നെ.

∙ ശകാരിച്ചിട്ടോ നിർബന്ധിച്ചിട്ടോ കാര്യമില്ല.

മരുന്നു ചികിത്സ തന്നെ വേണ്ടി വരും. മകളെ എത്രയും പെട്ടെന്ന് മാനസികാരോഗ്യവിദഗ്ധനെ കാണിക്കണം. പഠിത്തം തുടരുന്നതിനൊപ്പം ‌ചികിത്സയും തുടരാം.‌‌

ഡോ. അഷ്റഫ് അലി
സീനിയർ കൺസൽറ്റന്റ്
സൈക്യാട്രി വിഭാഗം, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം