Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കഴിക്കുന്നതിനും നല്ലശീലം വേണം

eating-food

മാളുകളുടെ എണ്ണത്തിൽ കൊച്ചി നഗരം വളരെ മുന്നിലാണ്. ദിവസേന ഇവിടേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം ലക്ഷത്തിലേറെ. രാവിലെ മുതൽ പാതിര വരെ സജീവമാണ് ഓരോ മാളും. ഷോപ്പിങ്ങിനും സിനിമയ്ക്കും കാഴ്ചകൾ കണ്ടു ചുറ്റിയടിക്കാനുമായി കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ വരെയുണ്ട്. ഇത്രയും ജനങ്ങൾ എത്തുന്നിടത്തു സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെത്ര? അപകടം ഉണ്ടായാൽ ജീവൻ രക്ഷിക്കാൻ നഗരത്തിലെ മാളുകളിൽ എന്തൊക്കെ സജ്ജീകരണങ്ങളുണ്ടെന്നു നോക്കാം.

അടിയന്തര ഘട്ടത്തിൽ ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഇടപ്പള്ളി ലുലുമാളിൽ ആംബുലൻസ് സൗകര്യമുണ്ട്. രണ്ടു ആംബുലൻസുകൾ അപകട സാഹചര്യങ്ങളെ നേരിടാൻ തയാറാക്കി നിർത്തിയിട്ടുണ്ടെന്നു ലുലു ബിസിനസ് ഹെഡ് ഷിബു ഫിലിപ് പറയുന്നു. ചില ഫ്ലോറുകളിൽ 24 മണിക്കൂറും നഴ്സുമാരുടെ സേവനം ലഭ്യമാണ്. അപകടത്തിൽപ്പെടുന്നയാൾക്കു പ്രഥമശുശ്രൂഷ നൽകി അഞ്ചു മിനിറ്റിനകം അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ കഴിയും. സെൻട്രൽ സ്ക്വയർമാളിലും ന്യൂക്ലിയസ് മാളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ മാളിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സദാ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. തൊട്ടടുത്ത ആശുപത്രികളിൽ നിന്ന് എത്രയും വേഗം ആംബുലൻസ് എത്തിക്കുന്നതിനുള്ള സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ മാളുകളിലും പ്രഥമശുശ്രൂഷ നൽകാനുള്ള സംവിധാനങ്ങൾ ഉണ്ട്. ഇതിന് ഒരു വിഭാഗം ജീവനക്കാർക്കു പരിശീലനം നൽകിയിട്ടുണ്ട്. ജോലിക്ക് എടുക്കുമ്പോൾ തന്നെ പ്രഥമശുശ്രൂഷാ പരിശീലനവും അപകടഘട്ടങ്ങളിൽ പെരുമാറേണ്ട വിധവും പരിശീലിപ്പിക്കുന്നു. ആധുനിക സുരക്ഷാ സജ്ജീകരണങ്ങളോടു കൂടിയ മെഡിക്കൽ റൂം രണ്ടു മാളുകളിൽ ഉണ്ട്. അഗ്നിബാധ പോലുള്ള ദുരന്തങ്ങളുണ്ടായാൽ ചുരുങ്ങിയ സമയം കൊണ്ട് ആളുകളെ പുറത്തെത്തിക്കാൻ കഴിയുമെന്നു ലുലു മാൾ അധികൃതർ അവകാശപ്പെട്ടു. ഇതിനു പ്രത്യേക ലിഫ്റ്റുകളും സർവീസ് ലിഫ്റ്റുകളുമാണ് ഉപയോഗിക്കുക.

അപകടമുണ്ടായാൽ പരിഭ്രാന്തരാകുന്ന ജനക്കൂട്ടമാണു മിക്കപ്പോഴും സ്ഥിതി വഷളാക്കുന്നത്. ഈ സാഹചര്യം നേരിടാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കോഡ് ഭാഷ ഉപയോഗിച്ചു സംസാരിക്കുന്ന രീതിയാണു സെൻട്രൽ മാളിലുള്ളത്. വോക്കി ടോക്കിയിൽ വിവരം കൈമാറുന്നതു കോഡ് ഭാഷയിലാണ്. ഓരോ ഫ്ലോറുകളിലും സെക്യൂരിറ്റി ഉദ്യോഗ്ഥരുണ്ട്.

എസ്കലേറ്ററാണു കൊച്ചിയിലെ മാളുകളിൽ അപകടമുണ്ടാക്കുന്നതിൽ മുന്നിൽ. ഇതിൽ നിന്നുള്ള വീഴ്ചകൾ പതിവായതോടെ എസ്കലേറ്ററുകൾക്കു മുന്നിൽ സുരക്ഷാ ജീവനക്കാരെ മിക്ക മാളുകളിലും നിയോഗിച്ചിട്ടുണ്ട്. പരിചയമില്ലാത്തവർ കയറാനെത്തുമ്പോൾ ലിഫ്റ്റ് ഉപയോഗിക്കാൻ നിർദേശിക്കുന്നു. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരെ ചില മാളുകളിൽ എസ്കലേറ്ററിൽ പ്രവേശിപ്പിക്കാറില്ല.

മാളുകളിൽ വേണ്ടത്

എല്ലാ മാളുകളിലും ആംബുലൻസ് സൗകര്യം

അപടകത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്താൻ പരിശീലനം സിദ്ധിച്ച ടീം.

പ്രഥമ ശുശ്രൂഷ നൽകാനറിയുന്ന ടീം

ഡോക്ടർ ഓൺ കോൾ സൗകര്യം.

മാളുകളിൽ അന‍ൗൺസ്മെന്റിനുള്ള സൗകര്യം. സന്ദർശകരിൽ ഡോക്ടർമാരുണ്ടെങ്കിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തൽ.

അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനു പ്രത്യേക വഴിയും ലിഫ്റ്റുകളും

അറിഞ്ഞിരിക്കണം;പ്രഥമ ശുശ്രൂഷ

ഡോ. എബ്രഹാം വർഗീസ് മെഡിക്കൽ സൂപ്രണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കുഴുപ്പിള്ളി

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വായിൽ നുരയും പതയുമായി താഴെ വീണ ഡോ. ലക്ഷ്മിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന വാർത്ത ഞെട്ടലോടെയാണു കേട്ടത്. സംഭവമറിഞ്ഞു ചുറ്റും കൂടിയവർ കാഴ്ചക്കാർ മാത്രമായി നിൽക്കുകയായിരുന്നു. അപകടകരമാണ് മലയാളിയുടെ ഈ മനോഭാവം. മൊബൈൽഫോൺ ഓൺചെയ്തു നിഷ്ക്രിയരായി അതു പകർത്താതെ ആപത്തിൽപ്പെട്ടവരെ സഹായിക്കുകയാണു വേണ്ടത്. ഷോപ്പിങ് മാളിലേക്കു കാറിലെത്തിയ ഒരാളെങ്കിലും സഹായിക്കാൻ തയാറായിരുന്നുവെങ്കിൽ ലക്ഷ്മിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കേണ്ടതെങ്ങനെയെന്ന് ഓരോരുത്തരും പരിശീലനം നേടണം. ഇന്നല്ലെങ്കിൽ നാളെ നമുക്കു വേണ്ടപ്പെട്ട ഒരു ജീവനായിരിക്കും ഇങ്ങനെ അപകടത്തിൽപ്പെടുന്നത്.

തൊണ്ടയിൽ ആഹാരമോ മറ്റെന്തെങ്കിലുമോ കുടുങ്ങിയാൽ സംസാരിക്കാനോ ശ്വസിക്കാനോ ചുമയ്ക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും. പ്രാണവായു ലഭിക്കാത്ത അവസ്ഥയിൽ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കണം.

ഇത്തം സന്ദർഭങ്ങളിൽ ഹൃദയസ്തംഭനത്തിനു സാധ്യത കൂടുതലാണ്. ഹൃദയസ്തംഭനമുണ്ടെങ്കിൽ നെഞ്ചിനുതാഴെ സെക്കന്റിൽ രണ്ടെന്ന വേഗത്തിൽ ശക്തമായ മർദ്ദം നൽകുക.

തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കാൻ രോഗിയെ കുനിച്ചുനിർത്തി പുറകിലൂടെ ഇരുകൈകളും ചേർത്തുവച്ചു ശക്തിയായി അമർത്തണം. തൊണ്ടയിൽ കുടുങ്ങിയ വസ്തു ചിലരിൽ ഈ രീതിയിൽ പുറത്തുവരും.

ഭക്ഷണം കഴിക്കുന്നതിനും നല്ലശീലം വേണം

ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് മുൻ പ്രസിഡന്റ് ഇന്ത്യൻ അക്കാദമി ഓഫ് പീടിയാട്രിക്സ്

പൊതുജീവിതത്തിൽ ആഹാരത്തിന്റെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്. ഭക്ഷ്യശാലകൾ, ഹോട്ടലുകൾ, ഭക്ഷ്യമേളകൾ, പുതിയ തലമുറയിൽപ്പെട്ട ഭക്ഷണശാലകൾ, രാജ്യാന്തര ഔട്ട്ലറ്റുകൾ എന്നിവയെല്ലാം കൂടുതൽ കഴിക്കാനുള്ള പ്രേരണ നൽകുന്നു. പണ്ടു തിയറ്ററുകളിൽ ആഹാരം കഴിക്കുന്നതിനു നിയന്ത്രണമുണ്ടായിരുന്നു. ഇന്നു കഴിച്ചും കൊറിച്ചും കുടിച്ചുമല്ലാതെ സിനിമ കാണുന്നത് ആലോചിക്കാനേ വയ്യ. വീട്ടിലെ ടിവിക്കുമുന്നിലെ അവസ്ഥയും വേറെയല്ല. കഴിച്ചുകൊണ്ടുള്ള കാഴ്ചയും തമാശയും ചിരിയുമെല്ലാം അപകടം ചെയ്യും; പ്രത്യേകിച്ചു കുട്ടികളിൽ.

ഭക്ഷണം കഴിക്കുമ്പോൾ അതിലാണു ശ്രദ്ധ വേണ്ടത.് ടിവി കണ്ടും തിയറ്ററിലിരുന്നുമൊക്കെ കഴിക്കുന്ന ശീലം ഒഴിവാക്കാം. ഭക്ഷണസമയത്തെ തമാശകളോ ചിരിയോ സംസാരമോ ഒക്കെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി അപകടത്തിനു കാരണമാകും.

പതിയെ തിന്നാൽ പനയും തിന്നാം. സമയമെടുത്ത് ആഹാരം ചവച്ചരച്ചുകഴിക്കുകയാണ് വേണ്ടത്. വാരി വിഴുങ്ങിക്കഴിക്കുന്നത് അപകടകരമാണ്. യൂറോപ്യൻ നാടുകളിലുള്ളവർ ആഹാരം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലുമെടുത്താണു കഴിക്കുന്നത്. കുട്ടികളെ പതിയെ കഴിക്കാൻ പ്രേരിപ്പിക്കണം.

എപ്പോഴും തീൻമേശയിലിരുന്ന് (ഡൈനിങ് ടേബിൾ) മാത്രം കഴിക്കുക. ചെറുപ്പം മുതൽ ഇതു ശീലിക്കുക. ചിലർ കട്ടിലിലും കിടക്കയിലുമൊക്കെയിരുന്നു കഴിക്കാറുണ്ട്. ഈ ശീലം ഒഴിവാക്കണം.

കഴിവതും വീടുകളിലുണ്ടാക്കുന്ന ആഹാരം മാത്രം കഴിക്കുക.