Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി സമ്മർദത്തിൽ നിന്ന് രക്ഷനേടാം

jobstress

സ്ട്രസ് എന്നു പറയുന്നത് അത്ര ചില്ലറക്കാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്? എന്നാൽ കേട്ടോളു, ലോകത്ത് മനഃശാസ്ത്രജ്ഞരെ കാണുന്നവരിൽ തൊണ്ണൂറു ശതമാനം പേർക്കും പറയാൻ ഒറ്റകാരണമേയുള്ളു. സ്ട്രസ്. മാനസിക സമ്മർദം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. അതിൽ ഏറ്റവും മുന്നിൽ തന്നെയുണ്ട് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദം. ഇതുമൂലം ഹൃദയാഘാതം, ഉറക്കമില്ലായ്മ, അമിതവണ്ണം, ഹൈപ്പർ ടെൻഷൻ, വിഷാദം തുടങ്ങി നിരവധി രോഗങ്ങൾ നിങ്ങളെ പിടികൂടിയേക്കാം. ജോലിസ്ഥലത്തെ മാനസികപിരിമുറുക്കം ലഘൂകരിക്കാൻ ഇതാ ചില എളുപ്പവഴികൾ

ജോലിസ്ഥലത്ത് നിങ്ങൾക്ക് ഏറ്റവും ശാന്തവും സ്വസ്ഥവുമെന്നു തോന്നുന്ന ഇരിപ്പിടം തിരഞ്ഞെടുക്കുക. ഇഷ്ട ദൈവത്തിന്റെയോ മനോഹരമായ പ്രകൃതിദൃശ്യത്തിന്റെയോ ഒരു ചിത്രം ഇവിടെ വയ്ക്കാം. അടുക്കും ചിട്ടയോടെയും ഈ സ്ഥലം സൂക്ഷിക്കുക. ആളുകളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട ഇടമാകരുത് ഇത്.

കടുത്ത തിരക്കിനിടയിലും അൽപസമയം നന്നായി ശ്വാസം ഉള്ളിലേക്കെടുത്ത് ബ്രീത്തിങ് വ്യായാമം ചെയ്യുക. ഇതു നിങ്ങളുടെ മനസിനെ ശാന്തമാക്കും.

ഏതു നേരവും ഇരിപ്പിടത്തിൽ തന്നെ കുത്തിയിരിക്കാതെ ഇടയ്ക്ക് ഒന്നെഴുന്നേറ്റു നടക്കാം. തുടർച്ചയായി ഒരേ ഇരിപ്പ് ഇരിക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാൻ ഇതു നല്ലതാണ്. ഇടയ്ക്ക് പുറംകാഴ്ചകളിലേക്ക് കണ്ണോടിക്കാം. എല്ലായ്പ്പോഴും കമ്പ്യൂട്ടറിലേക്കും ഫയലിലേക്കും നോക്കി മനസു മരവിപ്പിക്കേണ്ട.

ഇടവേളകളിൽ കൊറിക്കാൻ ലക്ഷുഭക്ഷണം കരുതാം. ഇത് ഏറ്റവുമടുപ്പമുള്ള സഹപ്രവർത്തകർക്കൊപ്പം പങ്കുവച്ചുകഴിക്കുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെ.

ഉച്ചയൂണിന്റെ ഇടവേളയിൽ അടുപ്പമുള്ളവരോട് ജോലിയെക്കുറിച്ചും വീട്ടുകാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുക. ചിരിക്കുക, തമാശകൾ പറയുക. തലേദിവസം കണ്ട ഒരു സിനിമയുടേയോ കോമഡി പരിപാടിയുടെയോ വിശേഷം ഓർത്തെടുത്തു പറയാം. ഇതൊക്കെ നിങ്ങളുടെ മനസിന്റെ ഭാരം ഇല്ലാതാക്കും.