Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കളുടെ ആയുസ്സ് മക്കളുടെ മരണം പ്രവചിക്കും

family

ദീർഘായുസ്സുള്ള അച്ഛനമ്മമാരാണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളും അറുപതുകളിലും എഴുപതുകളിലും ആരോഗ്യത്തോടെയിരിക്കും.

190000 പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ്, അച്ഛനമ്മമാരിൽ ഒരാളെങ്കിലും 70 വയസ്സു കഴിഞ്ഞിട്ടും ജീവിച്ചിരിപ്പുണ്ടെങ്കിൽ മക്കൾക്കും അത്രതന്നെ കാലം ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നു കണ്ടത്. മാതാപിതാക്കളുടെ ആയുർദൈർഘ്യവും ഹൃദ്രോഗസാധ്യതയും തമ്മിൽ ജനിതകബന്ധം ഉണ്ടെന്നും പഠനം പറയുന്നു.

രക്ഷിതാക്കളുടെ ആയുസ്സു കണക്കിലെടുത്താൽ മക്കളുടെ ഹൃദ്രോഗസാധ്യത മാത്രമല്ല, ഹൃദയാരോഗ്യത്തിന്റെ വിവിധ വശങ്ങൾകൂടി പ്രവചിക്കാനാവും. അങ്ങനെ ഹൃദ്രോഗസാധ്യത കൂടുതലുള്ള രോഗികളെ കണ്ടെത്തി യഥാസമയം ചികിത്സിക്കാനാകും. യുകെയിലെ എക്സ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

55 മുതൽ 73 വയസ്സു വരെ പ്രായമുള്ളവരിൽ എട്ടുവർഷം നീണ്ട പഠനത്തിൽ, ദീർഘകാലം ജീവിച്ചിരുന്ന മാതാപിതാക്കൾ ഉള്ളവർക്ക് ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾനില, ആട്രിയൽ ഫൈബ്രിലേഷൻ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്നു കണ്ടു. മാതാപിതാക്കളിൽ ഒരാളെങ്കിലും 70 വയസ്സിനു മുകളിൽ ജീവിച്ചിരിക്കുന്നുവെങ്കിൽ ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 20 ശതമാനവും അർബുദസാധ്യത ഏഴു ശതമാനവും കുറവായിരിക്കും.

അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.