Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ ഓർത്ത് സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കൂ

smartphone

ഭക്ഷണമേശയിൽപ്പോലും ഫോൺ കൈയിൽ നിന്നും മാറ്റാത്ത ആളാണോ നിങ്ങൾ? ഈ പെരുമാറ്റത്തിൽ നിങ്ങളുടെ കുട്ടികൾ അസന്തുഷ്ടരാണു കേട്ടോ?

സാങ്കേതികവിദ്യയുടെ കടന്നുവരവ് കുടുംബങ്ങളിൽ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാൻ യുഎസിലെ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് മുഴുവൻ സമയവും സ്മാർട്ട്ഫോൺ ഉപയോഗിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ മുഴുകുകയും ചെയ്യുന്നവരുടെ കുട്ടികൾ രക്ഷിതാക്കളുടെ ഈ ശീലത്തെ ഇഷ്ടപ്പെടുന്നില്ല എന്നു തെളിഞ്ഞത്.

റേഡിയോ, ടെലിവിഷൻ, വിഡിയോ ഗെയിമുകൾ ഇതെല്ലാം വീടുകളിൽ എത്തിയ സമയത്തും ഇതുപോലുള്ള വിഷമതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ തുടങ്ങി, പ്രത്യേകിച്ചും കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തിൽ.

സാങ്കേതികവിദ്യ വ്യാപകമായതോടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുക എന്നത് ദുഷ്കരമായി മാറി. സ്മാർട്ട്ഫോൺ ഉപയോഗം കുറച്ച് രക്ഷിതാക്കൾ കുട്ടികളുടെ കാര്യം ശ്രദ്ധിക്കണമെന്നു പഠനം പറയുന്നു.‌

പഠനത്തിനായി യു.എസിലെ 249 കുട്ടികളെയും അവരുടെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ഒരു സർവേ നടത്തി. 10 മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളിലാണ് സർവേ നടത്തിയത്.

92 ശതമാനം കുട്ടികളും അഭിപ്രായപ്പെട്ടത് തങ്ങളോടു സംസാരിക്കാൻ രക്ഷിതാക്കൾ കുറച്ചുകൂടി താൽപര്യം കാട്ടണമെന്നാണ്. കുട്ടികളുടെ അനുവാദമില്ലാതെ അവരെക്കുരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും അവർ ആഗ്രഹിക്കുന്നു. രക്ഷിതാക്കൾ കുഞ്ഞുങ്ങളെ കുറച്ചുകൂടി വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു.

രക്ഷിതാക്കൾ മുഴുവൻ സമയവും കംപ്യൂട്ടറിലും ടാബ്്ലറ്റിലും സ്മാർട്ട്ഫോമിലും ചെലവഴിക്കുന്നത് കാണാൻ കുട്ടികൾ ആഗ്രഹിക്കുന്നില്ല. സ്മാർട്ട്ഫോൺ ഉപയോഗത്തിനായി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിയമങ്ങൾ രക്ഷിതാക്കൾ പാലിക്കണമെന്നും ഇതിനായി പ്രത്യേക സമയം കണ്ടെത്തണമെന്നും കുട്ടികൾ ആഗ്രഹിക്കുന്നു. ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിനെയും കുട്ടികൾ വെറുക്കുന്നു.

രക്ഷിതാക്കൾ എന്താണോ തങ്ങളെ ഉപദേശിക്കുന്നത്, അത് അവരും പ്രാവർത്തികമാക്കണമെന്നും കുട്ടികൾ ആഗ്രഹിക്കുന്നതായി പഠനം പറയുന്നു.