Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈപ്പോതലാമസിലെ സിഗ്നലുകൾ വഴിതെറ്റി സഞ്ചരിച്ചാൽ?

rape victim

സ്ത്രീയെ അമ്മയായും ദേവിയുമായും കണക്കാക്കണം എന്നു പറയുമ്പോൾ തന്നെ ഏറ്റവുമധികം അപമാനത്തിനും പീഡനത്തിനും ഇരയാകുന്നതും സ്ത്രീകളാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള സ്ത്രീകളിൽ മൂന്നിൽ ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതായി കണക്ക്.

അമേരിക്കയിൽ മാത്രം വർഷത്തിൽ രണ്ടര ലക്ഷം സ്ത്രീകൾ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാകുന്നുണ്ട്. നാല് സ്ത്രീകളിൽ ഒരാൾ ഇംഗ്ലണ്ടിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. ഓരോ അര മണിക്കൂറിനുള്ളിലും ഇന്ത്യയിൽ ഒരു സ്ത്രീയും.

മനുഷ്യരുടെ ഇടയിൽ ലൈംഗികത വിചിത്രവും വൈവിധ്യവുമാണ്. ഷൂസ്, ടവൽ, അടിവസ്ത്രം, കണ്ണാടികൾ തുടങ്ങിയ അചേതന വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ ലൈംഗിക ഇംഗിതത്തിനു തിരഞ്ഞെടുക്കുന്നതായായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പങ്കാളിയെ ശാരീരികമായി പീഡിപ്പിച്ചും സ്വയം പീഡിപ്പിച്ചുമുള്ള രതിയും മനുഷ്യരിലുണ്ട്.

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ എന്നീ സ്ത്രീ ഹോർമോണുകളുമാണ് മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ലൈംഗിക ഹോർമോണുകൾ. ആണുങ്ങളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർഷത്തിൽ 365 ദിവസവും ഉയർന്നു നിൽക്കുന്നു. സ്ത്രീയെ അപേക്ഷിച്ചു പുരുഷനിൽ കാണുന്ന ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ പുരുഷനെ തീവ്രമായ ലൈംഗികതാല്പര്യത്തിലേക്കു നയിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിക്കുണ്ടാകുന്ന പ്രണയം തീവ്രമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് ഡോപ്പാമിൻ, നോർ എപ്പിനോഫ്രിൻ, സെറോടോണിൻ, ഫിനൈൽ ഈതൈൽ അമിൻ എന്നിവ. ഈ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ കൂടിയ അളവാണ് പ്രണയം ശക്തമായി നിലനിർത്തുന്നത്. ആ അവസ്ഥയിൽ ഉടമഭാവം, അസൂയ എന്നിവ രൂപപ്പെടുന്നു. അതിനാൽ പ്രണയിക്കുന്ന വ്യക്തി മറ്റ് വ്യക്തികളോട് ഇടപെടാതിരിക്കാൻ ആകാവുന്നതൊക്കെ ചെയ്യും.

ബലാത്സംഗം ഒരു സ്വാഭാവിക രതി അല്ല. മനുഷ്യ ലൈംഗികതയിൽ സ്ത്രീയുടെ സമ്മതത്തിന് വളരെ കരുത്തുണ്ട്. ലൈംഗികതയിൽ അധികാരം കൂടുതലുള്ളത് സ്ത്രീക്കാണ് . സ്ത്രീയുടെ സമ്മതമില്ലാതെ നടത്തുന്ന ഏതൊരു ലൈംഗികതയും ബലാത്സംഗമാണ്.

ബലാത്സംഗം ചെയ്യുന്ന ആണിന്റെ മസ്തിഷ്കത്തിൽ സംഭവിക്കുന്ന അനേകം ജൈവ രാസ മാറ്റങ്ങൾ ഉണ്ട്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്നലുകളുടെ സാന്നിധ്യമാണ് മനുഷ്യരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസിൽ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേൽക്കുന്ന അമിതമായ വൈദ്യുത സിഗ്നൽ അവിടേക്ക് ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്‌സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാർ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.

കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന ലിംബിക് വ്യവസ്ഥ മസ്തിഷ്കത്തിന്റെ പുറംഭാഗമായ കോർട്ടക്സിന് താഴെ നിലനിൽക്കുന്ന ഒരു കൂട്ടം മസ്തിഷ്ക ഭാഗമാണ്. വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങൾ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്, എന്നാൽ ചിലരിൽ കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങൾ ലിംബിക് സിസ്റ്റത്തിലേക്ക് തീവ്രമായി അയയ്ക്കുന്നതിനാൽ സ്വയം നിയന്ത്രിച്ചു് ജീവിക്കാൻ അവർക്ക് കഴിയുകയില്ല.
മറ്റുള്ളവരുടെ വേദന ഗ്രഹിക്കുവാനുള്ള മസ്തിഷ്ക ശേഷിയില്ലാത്ത ചിലരുണ്ട്. അവരുടെ മസ്തിഷ്കത്തിലെ ചില വ്യവസ്ഥകളിൽ ന്യൂനതകൾ കാണും . പ്രീഫ്രോണ്ടൽ കോർട്ടക്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു. ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകൾ വേർതിരിക്കുകയും ഓർത്തുവച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടൽ കോർട്സ്‌സിന്റെ താഴെഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്ടക്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത് .ഓര്ബിറ്റഫ്രോണ്ടൽ കോർട്ടക്സിന് ക്ഷതം പറ്റിയാൽ (അത് മസ്തിഷ്ക്കരോഗങ്ങൾ മൂലമോ,അപകടം വഴിയോ ആകാം) തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും.

ഡോ. പ്രസാദ് അമോർ
ലൈസൻസ്ഡ് സൈക്കോളജിസ്റ്റ്
സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ

Your Rating: