Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മടിക്കാതെ 'സോറി' പറയാം

saying-sorry

അതെ സോറി ഒരു മാജിക് വാക്കാണ്. ആത്മാർഥമായി ഉപയോഗിച്ചാൽ തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു സ്പർശമണി. കുടുംബജീവിതത്തിൽ ക്ഷമപറച്ചിലിന് ഒരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നവരുണ്ട്. വേണ്ട സമയത്തു പറയാതെ പോയ ഒരു സോറി ദാമ്പത്യജീവിതം തന്നെ തകർത്തേക്കാം. ഭർത്താവിന്റെ എത്ര വലിയ തെറ്റും പശ്ചാത്താപത്തോടെ ഏറ്റു പറഞ്ഞാൽ ഭാര്യയ്ക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കും.

വേണ്ടസമയത്ത് ആ ക്ഷമാപണം ഉണ്ടായാൽ നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാം. സ്വന്തം തെറ്റുകൾ ന്യായീകരിക്കാൻ നിരവധി വാദങ്ങൾ നിരത്തുന്നവർ മറ്റുള്ളവരുടെ മനസിൽ നിന്നും അകന്നു പോവും. എന്നാൽ ഒരു ആത്മാർഥതയുമില്ലാതെ എന്തിനും ഏതിനും ക്ഷമ പറയുന്നതിലും അർഥമില്ല.

നന്നായി കേൾക്കുക
കുടുംബജീവിതത്തിൽ ഒരു പ്രാസംഗികനാവുന്നതിനേക്കാൾ നല്ലത് കേൾവിക്കാരനാകുന്നതാണ്. പങ്കാളി പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുകയും കൂടുതൽ പറയാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഏതു കുടുംബജീവിതത്തിന്റേയും കെട്ടുറപ്പിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് മികച്ച ആശയവിനിമയമാണ്. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്യ്രം രണ്ടാൾക്കും ഉണ്ടാവണം. പങ്കാളികൾ പരസ്പരം നന്നായി മനസിലാക്കുന്നത് ഈ ആശയവിനിമയത്തിലൂടെയാണ്.

ജോലി പങ്കിടാം
ഭർത്താവിന്റെ ജോലിയിൽ ഭാര്യയ്ക്കും ഭാര്യയുടെ ജോലികളിൽ ഭർത്താവിനും സഹകരിക്കാൻ കഴിഞ്ഞാൽ അവരുടെ ജോലി എളുപ്പമാകും. മാത്രമല്ല കുടുംബ ജീവിതവും കെട്ടുറപ്പുള്ളതാകും. അടുക്കളപണി മുതൽ എന്തു കാര്യത്തിലും അതാകാം. ഓഫിസ് ജോലിയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെപ്പറ്റി രണ്ടാൾക്കും പരസ്പരം പറയാം. ഓഫിസിലെ കൊച്ചുകൊച്ചു തമാശകൾ പോലും പങ്കുവെയ്ക്കുക. ഇങ്ങനെയൊക്കെയാകുമ്പോൾ പറയാൻ ഒരുപാടുണ്ടാകും; ആസ്വദിക്കാനും.

ദിവസം ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരുമിച്ചിരുന്ന് കഴിക്കാൻ ഭാര്യാഭർത്താക്കന്മാർ ശ്രമിക്കണം. കുട്ടികളും ഒപ്പമുണ്ടെങ്കിൽ അത്രയും നല്ലത്. പരസ്പരം വിളമ്പിക്കൊടുത്തും പങ്കുവെച്ചും ഭക്ഷണം കഴിക്കുമ്പോൾ പങ്കുവെയ്ക്കുന്നത് മനസും കൂടിയാണ്. നമ്മുടെ കുടുംബങ്ങളിൽ ഒരുമിച്ചിരുന്നു വർത്തമാനം പറയുന്നതു പവർകട്ട് സമയത്തുമാത്രമായി ചുരുങ്ങുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഈ പാളിച്ച വല്ലാതെ ബാധിക്കുന്നുണ്ട്. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് ഇന്നത്തെ മറ്റൊരു ശീലം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇതിൽനിന്നു മോചനമില്ല എന്ന അവസ്ഥ ആയിരിക്കുന്നു. അനാരോഗ്യകരമെന്നുമാത്രമല്ല,കുടുംബബന്ധങ്ങൾ ഊട്ടിഉറപ്പിക്കേണ്ട ആശയവിനിമയങ്ങൾക്കു കിട്ടുന്ന ഇത്തിരിപ്പോന്ന സമയമാണ് ഇത് അപഹരിക്കുന്നതെന്ന് ഓർമിക്കണം. ടിവി കാണരുതെന്നല്ല, അതിനെ മുൻഗണനാ പട്ടികയിൽ കുടുംബബന്ധങ്ങൾക്കു പുറകിലേ നിർത്താവൂ.

വിജയങ്ങൾ ആഘോഷിക്കാം
പങ്കാളിയുടെ കൊച്ചു കൊച്ചു വിജയങ്ങൾപോലും നിങ്ങൾ ആഘോഷിക്കുന്നതു പങ്കാളിയുടെ ഹൃദയത്തിലേക്ക് ആഴത്തിൽ ഊന്നുന്ന വേരുകളാണ്. മികച്ച പ്രകടനത്തിന് മേലുദ്യോഗസ്ഥൻ അനുമോദിച്ചതിന്റെ സന്തോഷം ഭർത്താവു ഫോണിൽ ഭാര്യയുമായി പങ്കിട്ടിരുന്നു. വൈകിട്ട് വീട്ടിലെത്തുന്ന ഭർത്താവിനു ഭാര്യ പായസംവെച്ചു നൽകിയാലുള്ള സർപ്രൈസ് കുറച്ചൊന്നുമാവില്ല അദ്ദേഹത്തെ സന്തോഷിപ്പിക്കുക.

വലിയ വിജയങ്ങൾ ആഘോഷിക്കാൻ ചിലപ്പോൾ നിരവധി പേരുണ്ടാവും. എന്നാൽ കൊച്ചുകൊച്ചു വിജയങ്ങൾ നിങ്ങളുടെ സ്വകാര്യതയാണ്. ആ ആഘോഷം ഒരു സ്പെഷൽ ചുംബനം മുതൽ ഒരു പൂവു സമ്മാനിക്കുന്നതുപോലെ എന്തുമാകാം. എന്നാൽ അതു ലഭിക്കുന്ന പങ്കാളി അതിനെ എത്രമാത്രം വിലമതിക്കുമെന്നോ. ഇങ്ങനെയുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് സുഗന്ധമുള്ള കുടുംബജീവിതം സ്വന്തമാകുന്നത്.

കുറ്റപ്പെടുത്തേണ്ട, അഭിനന്ദനം മതി
ഒരു പ്രഭാതത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കാം. ഇന്ന് ഞാൻ, എന്റെ പങ്കാളി ചെയ്യുന്ന അഞ്ചുകാര്യങ്ങളിലെങ്കിലും അഭിനന്ദിക്കും. ഇങ്ങനെ തീരുമാനമെടുക്കാൻ നിങ്ങൾക്ക് കഴിയുമോ? ഏതെങ്കിലും കുറ്റമോ കുറവോ പറയാനായിരുന്നെങ്കിൽ ഒരു മടിയും ഉണ്ടാകുമായിരുന്നില്ല, അല്ലേ? സാമ്പാറിൽ ഉപ്പുകൂടിപ്പോയി, ഇസ്തിരിയിട്ടത് ശരിയായില്ല, സിനിമയ്ക്ക് കൊണ്ടുപോകാമെന്നു പറഞ്ഞിട്ട് സമയത്തു വരാതിരുന്നത് ശരിയായില്ല. ഏതു പ്രകൃതമുള്ളവരായാലും അഭിനന്ദനം ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എത്ര ചെറുതായാലും പാഴാക്കാതിരിക്കുക. പാഴാക്കേണ്ടത് കുറ്റപ്പെടുത്താനുള്ള അവസരമാണ്. കുറ്റപ്പെടുത്തിയാൽ തന്നെ ദേഷ്യം ഒഴിഞ്ഞനേരത്തു മാത്രം പറയുക. പ്രത്യേകിച്ചും പങ്കാളിയെ മറ്റൊരാളുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്താതിരിക്കുക.

ഡോ പി പി വിജയൻ
മൈൻഡ് പവർ ട്രെയ്നർ,
ലൈഫ് ലൈൻ ഫൗണ്ടേഷൻ,
തിരുവനന്തപുരം. 

Your Rating: