Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷേക്കു കുടിച്ചാൽ ഹൃദയം പിണങ്ങുമോ?

shake

ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റടങ്ങിയ ഷേക്കുകൾ ഹൃദയപ്രവർത്തനങ്ങൾക്കു ഹാനികരമാണെന്നു പഠനങ്ങൾ. കാർബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഷേക്കുകൾ മനുഷ്യശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നറിയാൻ 33 പേരിൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇവരിൽ നിന്നു ശേഖരിച്ച രക്ത സാംമ്പിളുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഹൃദയത്തിൽ നിന്നുള്ള എഎൻപി(ANP) ഹോർമോണിൻറെ അളവിൽ കുറവു വന്നതായി കണ്ടെത്തി. ശരീരത്തിലെ സോഡിയത്തിൻറെ അളവുകുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നത് എഎൻപി ഹോർമോണാണ്.

ഷേക്കുകൾ കുടിക്കുമ്പോൾ ശരീരത്തിൽ എഎൻപി ഹോർമോണിൻറെ അളവ് 25 ശതമാനം കുറയുന്നു. മണിക്കൂറുകളോളം ഈ നില തുടരുന്നതായും പഠനത്തിൽ തെളിഞ്ഞു.ഉയർന്ന അളവിൽ അകത്തു ചെല്ലുന്ന കാർബോഹൈഡ്രേറ്റുകൾ എഎൻപി ഹോർമോണിൻറ വ്യാപനത്തെ ത‌ടയും. രക്തസമ്മർദത്തെ നിയന്ത്രിക്കുന്ന എഎൻപി ഹോർമോണിൻറെ അളവു കുറയുന്നത് ഹൃദയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അമിത വണ്ണമുള്ളവരിൽ ഇത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എഎൻപി ഹോർമോണിന്റെ അളവു കുറയുന്നതും കാർഹോഹൈഡ്രേറ്റിൻറെ അളവു കൂടുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് യുഎസിലെ വാണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻററിലെ ഗവേഷകനായ തോമസ് വാങ് പറയുന്നു.

ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉള്ളിൽ ചെല്ലുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവു കൂടുന്നു. ഇങ്ങനെ ഗ്ലൂക്കോസിൻറെ അളവ് കൂടുന്നതാണ് എഎൻപി ഹോർമോണിന്റെ അളവു കുറയാൻ കാരണമെന്നും വാങ് വിശദീകരിക്കുന്നു.

ഗ്ലൂക്കോസ് ഹൃദയകോശങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചത് ബർമിങ്ഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ ഇന്ത്യൻ വംശജനായ ഗവേഷകൻ പങ്കജ് അറോറയാണ്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.