Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം തിരികെ ലഭിക്കാൻ പുത്തൻ വഴികൾ

beauty

മുഖക്കുരു, മുഖക്കുരുവിന്റെയും മുറിവുകളുടെയും പാടുകൾ, പ്രായം വരുത്തിയചുളിവുകൾ ഇത്രയൊക്കെമതി ആത്മവിശ്വാസം നഷ്ടപ്പെടാൻ. ആത്മവിശ്വാസത്തിനു മുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന പുതിയ തലമുറയ്ക്കു കോസ്മറ്റിക് ചികിത്സകളാണു പ്രധാന ആശ്വാസം.

മുഖക്കുരുവിന് ആശ്വാസമേകാൻ ലേസർ
കൗമാരത്തിലെത്തുന്ന എല്ലാവരെയും ഒരിക്കലെങ്കിലും വിഷമിപ്പിച്ചിട്ടുളള പ്രശ്നമായിരിക്കും മുഖക്കുരു. എണ്ണമയം കൂടുതലുളള ചർമമാണെങ്കിൽ മുഖക്കുരു ഒരു സ്ഥിരം പ്രശ്നം തന്നെയായിരിക്കും. ഡെർമറ്റോളജിസ്റ്റുകൾ മുഖക്കുരുവിനെ മൂന്നായി തിരിച്ചിട്ടുണ്ട്. വൈറ്റ്ഹെഡുകൾ എന്നു വിളിക്കുന്ന മുഖക്കുരുവിന്റെ ആദിമരൂപമാണ് ആദ്യത്തേത്. ചെറിയ ചികിത്സകളിലൂടെ തന്നെ ഇതിനു പരിഹാരം ലഭിക്കും. അഞ്ചു ശതമാനം വരെ വീര്യമുളള ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിക്കുന്നത് നല്ലതാണ്.

സാധാരണ മുഖക്കുരുവാണു രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗം സിസ്റ്റിക് ആഗ്നെ എന്നറിയപ്പെടുന്നു. ഇവ രണ്ടിനും പുറമേ പുരട്ടാനുളള ബെൻസോയിൽ പെറോക്സൈഡ്, ടെറ്റിനോയിൻ, അഡാസിലിൻ തുടങ്ങിയ ക്രീമുകൾക്കു പുറമേ ഉളളിലേക്ക് ആന്റിബയോട്ടിക്കുകളും ആവശ്യമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗം മുഖക്കുരുവിന് കോസ്മറ്റിക് ചികിത്സയിൽ വ്യക്തമായ പ്രതിവിധികളുണ്ട്. ലേസർ ചികിത്സകൊണ്ട് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയ്ക്കുകയും മുഖക്കുരുവിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യാം.

മുഖക്കുരു മൂലമുണ്ടാക്കുന്ന പാടുകൾ
മുഖക്കുരു ചികിത്സിച്ചു മാറ്റിയാലും അതുമൂലമുണ്ടാക്കുന്ന പാടുകൾ പലർക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. മുഖക്കുരു മൂലമുണ്ടായ നിർജ്ജീവമായ കലകളെ നീക്കം ചെയ്തു മുഖത്തിനു മിനുസമുണ്ടാക്കുന്ന ചികിത്സയാണു മൈക്രോ ഡെർമാബ്രേഷൻ. അലുമിനീയം ഓക്സൈഡ് ക്രിസ്റ്റലുകൾ കൊണ്ടുരച്ചു ചർമത്തിന്റെ ഉപരിതലപാളികൾ നീക്കം ചെയ്യുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. സബ്മിഷൻ, കെമിക്കൽപീൽ, ഫില്ലറുകൾ എന്നിവയും മുഖക്കുരുവിന്റെ പാടകറ്റും. ചൂടാക്കിയ അലുമിനീയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചു മുഖത്തെ കുഴികൾ നികത്തിയെടുക്കുന്ന ചികിത്സയാണു മൈക്രോ സേർച്ചബ്രേഷൻ. കരിമംഗല്യം, ചിക്കൻപോക്സ്, മറ്റു മുറിവുകൾ എന്നിവയുടെ പാടുകളകറ്റാനും ഈ മാർഗങ്ങളെല്ലാം ഫലവത്താണ്. ആഴ്ചയിൽ രണ്ടു വീതം നാലാഴ്ച ചികിത്സിച്ചാൽ പാടുകൾ അതിവേഗം അപ്രത്യക്ഷമാകും. ഒരു സിറ്റിംഗിന് 1200 രൂപയോളം വരും.

വെളളപ്പാണ്ടിനെ ഓർത്ത് വിഷമിക്കേണ്ട
ചില കോശങ്ങളിൽ ത്വക്കിനു നിറം നൽകുന്ന മെലാനിൻ നശിച്ചുപോകുന്ന അവസ്ഥയാണു വെളളപ്പാണ്ട്. കോസ്മറ്റിക് ടാറ്റൂയിംഗ്, സ്കിൻ ഗ്രാഫ്റ്റിംഗ്, ടാർജറ്റഡ് ഫോട്ടോ തെറാപ്പി എന്നീ മാർഗങ്ങളിലൂടെ ഇതിനു പരിഹാരം കാണാം. രോഗബാധിതമായ കലകളിൽ നാരോബാന്റ് അൾട്രാവയലറ്റ്—ബി രശ്മികൾ പതിപ്പിച്ചാണ് കലകളെ ചികിത്സിക്കുന്നത്. രോഗം ബാധിക്കാത്ത ത്വക്കിന്റെ കൊളാജിൻ വെളളപ്പാണ്ടുളള കലകളെ നശിപ്പിച്ച് അതിനു മുകളിൽ ഒട്ടിക്കുന്ന രീതിയാണ് മെലനോസിസ് ട്രാസ്പ്ലാന്റേഷൻ. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കു പകരാത്തതാണെന്ന് ഉറപ്പുളള പാണ്ടിനു മാത്രമേ ഇതു ഫലപ്രദമാകൂ. പടരുന്ന പാണ്ടിന് ഫോട്ടോതെറാപ്പിയാണ് അനുയോജ്യം.

മുഖത്തെ നിറവ്യത്യാസവും മറുകുകളും
മാനസിക പിരിമുറുക്കം, കൂടുതൽ അധ്വാനം വേണ്ടിവരുന്ന ജോലികൾ, സൂര്യപ്രകാശം, ഗർഭനിരോധനഗുളികകൾ ഇവയെല്ലാം മുഖത്തെ നിറവ്യത്യാസത്തിനു കാരണമാകാം. ലേസർ ഉപയോഗിച്ച് ഇതിനു വ്യക്തമായ ചികിത്സയുണ്ട്. മൂന്നോ നാലോ സിറ്റിംഗിനുളളിൽ പാടുകൾ മാറ്റിയെടുക്കാം. പലതരം കെമിക്കൽ പീലുകൾ വളരെയധികം ഫലപ്രദമാണ്.
യൗവനത്തിന്റെ അവസാന ഘട്ടങ്ങളിലാണു മറുകുകളും സ്കിൻ ടാഗുകളും മുഖസൗന്ദര്യത്തിനെയും ശരീരസൗന്ദര്യത്തിനെയും പ്രധാനമായും വെല്ലുവിളിക്കുന്നത്. ഇവ വിവിധതരം കോട്ടറികളിലൂടെയും ലേസർ ചികിത്സകളിലൂടെയും നീക്കം ചെയ്യാം.

ചുളിവുകൾ അകറ്റാം
പ്രായം കൊണ്ടും പാരമ്പര്യം കൊണ്ടും മുഖചർമത്തിനുണ്ടാകുന്ന ചുളിവുകൾ അകറ്റാൻ ഉളള ചികിത്സകളാണ് ബോട്ടോക്സും ഫില്ലേഴ്സും. വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മുഖചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ അകറ്റാനാണ് ബോട്ടോക്സ് ചെയ്യുന്നത്. എന്നാൽ മുഖത്തു സ്ഥിരമായിത്തന്നെ ഉണ്ടാകുന്ന ചുളിവുകളെ ഫില്ലേഴ്സ് നീക്കം ചെയ്യും. ത്വക്കിലെ കൊളാജിനു തുല്യമായ പദാർഥം കുത്തിവയ്ക്കുന്നതാണു ഫില്ലേഴ്സിൽ ചെയ്യുന്നത്. പുരികങ്ങളുടെ ആകൃതി വ്യത്യാസം വരുത്തൽ, മുഖത്തെ ചുളിവകറ്റുന്ന ഫേസ്ലിഫ്റ്റ് തുടങ്ങിയ ചികിത്സകൾ ബോട്ടോക്സിൽ പെടും. കവിളിലെ മസിൽ മുറിച്ചെടുത്തും നൂൽ ഉപയോഗിച്ച് ചർമ്മം മുകളിലേയ്ക്കു വലിച്ചു കെട്ടിയും ഫേസ് ലിഫ്റ്റ് ചെയ്യാം.

അനാവശ്യരോമവും കളയാം
മുടി കൂടുതലുളള തലയുടെ ഭാഗത്തു നിന്ന് അല്പം തൊലിയോടു കൂടിയ മുടി പിഴുതെടുത്ത് മുടിയില്ലാത്ത ഭാഗത്തു പിടിപ്പിക്കുന്നതാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. കഷണ്ടിയുളളവർക്ക് വലിയൊരാശ്വാസമാണീ ചികിത്സ.

കഷണ്ടി പോലെത്തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരവസ്ഥയാണ് അനാവശ്യരോമങ്ങൾ. അനാവശ്യരോമങ്ങളെ രണ്ടാക്കിത്തിരിച്ചാണു ഡോക്ടർമാർ ചികിത്സിക്കുന്നത്. സാധാരണവും ഹോർമോൺവ്യതിയാനം മൂലമുണ്ടാകുന്നതും. പലതരം ലേസറുകളുപയോഗിച്ച് മുടിയുടെ ഫോളിക്കിളിന്റെ വളർച്ച മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രാം തുടങ്ങിയ അസുഖമുളളവർക്ക് രോഗത്തിന്റെ ചികിത്സ നൽകിയതിനു ശേഷമേ ഈ ചികിത്സ കൊണ്ടു കാര്യമുളളൂ. ഒരു സിറ്റിംഗിന് 1000—3000 രൂപ വരെ ചെലവു വരാം. ചികിത്സ ഇടയ്ക്കിടെ ആവർത്തിച്ചില്ലെങ്കിൽ രോമങ്ങൾ വീണ്ടുമുണ്ടാകാം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. എ. എം. മുഷ്താഖ് അലി
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആൻഡ് കോസ്മറ്റോളജിസ്റ്റ്
ഡോ. എ. എം. മുഷ്താഖ്സ്
സ്കിൻ ആൻഡ് കോസ്മറ്റോളജി സെന്റർ
കലൂർ, കൊച്ചി.

Your Rating: