Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചിരിക്കുന്ന പങ്കാളിയും ആരോഗ്യവും തമ്മിലുള്ള ബന്ധം?

smiling-couple

വിവാഹിതരാണോ നിങ്ങൾ? പുഞ്ചിരിക്കാൻ മടി കാട്ടാത്തയാളാണോ നിങ്ങളുടെ പങ്കാളി? എങ്കിൽ ആരോഗ്യം നിങ്ങളോടൊപ്പമുണ്ട്. സന്തോഷമുള്ള പങ്കാളിയുണ്ടെങ്കിൽ മധ്യവയസ്സിലും വാർധക്യത്തിൽപ്പോലും ആരോഗ്യവും സന്തോഷവുമുണ്ടാകുമെന്നു ഗവേഷകർ. മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ വില്യം ചോപ്പിക്കിന്റെ നേതൃത്വത്തിലായിരുന്നു സന്തോഷവും ആരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പഠനം. മധ്യവയസ്കരായ 1981 ദമ്പതികളിൽ നടത്തിയ പഠനത്തിൽ സന്തോഷത്തോടെയിരിക്കുന്ന പങ്കാളിയുള്ളവർ കൂടുതൽ ആരോഗ്യമുള്ളവരാണെന്നു കണ്ടു.

സന്തുഷ്ടരായ ആളുകൾ ആരോഗ്യവാൻമാരായിരിക്കുമെന്നു മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഒരു പടികൂടിക്കടന്ന്, വ്യക്തികൾ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ ഫലമറിയുകയായിരുന്നു ചോപ്പിക്കിന്റെ ലക്ഷ്യം.

അസന്തുഷ്ടരായ ദമ്പതികൾ സമ്മർദങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ അവരെ അപേക്ഷിച്ച് സന്തുഷ്ടരായ ദമ്പതികൾ ശക്തമായ സാമൂഹികബന്ധങ്ങൾ നിലനിർത്തുന്നു.

സന്തുഷ്ടരായ ആളുകൾ തങ്ങളുടെ പങ്കാളികളെ വിവിധ പ്രവർത്തനങ്ങളിൽ മുഴുകാൻ സഹായിക്കുകയും ക്രമമായ ഉറക്കം, പോഷകസമ്പുഷ്ടമായ ആഹാരം, വ്യായാമം ഇവയെല്ലാം വഴി മികച്ച ആരോഗ്യമുള്ളവരാക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. സന്തുഷ്ടിയുള്ള പങ്കാളി, ഒരു വ്യക്തിയുടെ ജീവിതം ആയാസരഹിതമാക്കുന്നു.

50 വയസ്സു മുതൽ 94 വയസ്സു വരെ പ്രായമുള്ള ദമ്പതിമാരിൽ ആറു വർഷത്തോളം നടത്തിയ പഠനത്തിൽ അവരുടെ സന്തോഷം, ആരോഗ്യം, കായികപ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വിശകലനം ചെയ്തിരുന്നു.

അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ജേണലായ ഹെൽത്ത് സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.