Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സു നന്നാകാനും സോഷ്യൽ മീഡിയ!

Girl in rose pajamas

ഉറക്കക്കുറവു മുതൽ വിഷാദം വരെയുളള ഒരു ഡസൻ മാനസിക പ്രശ്നങ്ങൾക്കെങ്കിലും സമൂഹ്യമാധ്യമങ്ങളുടെ അമിതോപയോഗം കാരണമാകുന്നതായി വിവിധ പഠനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഫേസ്ബുക്കും വാട്സ് ആപ്പും പോലുളളവയുടെ അമിതോപയോഗം കുടുംബബന്ധങ്ങളെപ്പോലും എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുവെന്ന് കൃത്യമായി നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സമൂഹമാധ്യമങ്ങളെക്കുറിച്ച് നല്ലതൊന്നും പൊതുവേ കേള്‍ക്കാനില്ല. അതിനിടയിലാണ് സോഷ്യൽ മീഡിയയുടെ ഉപയോഗം ചിലരുടെയെങ്കിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടെന്ന് വ്യത്യസ്തമായ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

അന്തർമുഖരുടെ കൂട്ടുകാർ

അന്തർമുഖരായ കൗമാരക്കാർക്ക് സാമൂഹ്യജീവിത നൈപുണ്യങ്ങൾ (സോഷ്യൽ സ്കിൽസ്) താരതമ്യേന കുറയും. പൊതു ജീവിതത്തിലെ പെരുമാറ്റ ശീലങ്ങളോട് ഇണങ്ങാനും വേണ്ടവിധം പ്രതികരിക്കാനുമുളള ശേഷി ഇവരിൽ കുറവായിരിക്കും. ഇത്തരം അന്തർമുഖർക്ക് അവരുടെ കുറവുകളെ അതിജീവിക്കാനുളള ശേഷി സോഷ്യൽ മീഡിയയിലൂടെ നേടാനാകും. അമേരിക്കൻ സൈക്കോളജിക്കല്‍ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിലാണ് സോഷ്യൽ മീഡിയയ്ക്ക് അനുകൂലമായ ഈ പഠനം അവതരിപ്പിക്കപ്പെട്ടത്.

മറ്റുളളവരോട് സ്വതന്ത്രമായി ഇടപെടുന്നതിനും പെരുമാറുന്നതിനും കഴിയാത്ത നാണക്കാരായ കുട്ടികൾക്കും കംപ്യൂട്ടറിന്റേയോ സ്മാർട് ഫോണിന്റേയോ മറവിലുളള സ്വകാര്യ ഇടമായി സമൂഹമാധ്യമങ്ങൾ മാറുന്നു. അവിടെ മറയില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നു. അതിലൂടെ കൈവരുന്ന സമൂഹപരിചയം ഇവരിൽ ഒരു വിഭാഗം പേരുടെയെങ്കിലും അന്തർമുഖത്വം കുറച്ച് മറ്റുളളവരുമായി ഇടപഴകാനുളള ശേഷി പകരുന്നു. ഫേസ്ബുക്കിലൂടെയോ വാട്സ്ആപ്പിലൂടെയോ ഒക്കെ അടുപ്പം സ്ഥാപിച്ചുകഴിഞ്ഞ വ്യക്തിയോട് പൊതു ഇടങ്ങളിലും സംസാരിക്കാനുളള ധൈര്യം ഇവർക്കു ക്രമേണ ലഭിക്കുന്നതായി പഠനം നടത്തിയ ഡോ.ലാറി ഡി.റോസെൻ പറയുന്നു.

ഏകാന്തതയ്ക്കും വിരാമം

വിവിധ കാരണങ്ങളാൽ സമൂഹത്തിൽ നിന്നകന്ന് ഒറ്റപ്പെട്ടു ജീവിക്കുന്നവർക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനുളള മികച്ചമാർഗമായും സമൂഹമാധ്യമങ്ങൾ മാറുന്നു. വൃദ്ധർ, രോഗം വന്നും മറ്റും കിടപ്പിലായിപ്പോയവർ, വൈകല്യങ്ങൾ വന്നവർ, ട്രാൻസ്ജെൻഡറുകളെപോലെയുളള ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് സോഷ്യൽ മീഡിയ നൽകുന്ന ആശ്വാസം ചെറുതല്ല.

ഏകാന്തതയും അതിൽ നിന്ന് ഉടലെടുക്കുന്ന വിഷാദവുമുൾപ്പെയടെയുളള മാനസിക പ്രശ്നങ്ങൾക്കെല്ലാം ഇങ്ങനെ സമൂഹമാധ്യമങ്ങൾ രക്ഷാകവചമായി മാറാം. മാത്രമല്ല സമാനതയുളളവരുമായുളള ആശയ വിനിമയം ജീവിതത്തെ കൂടുതൽ ഉൾക്കരുത്തോടെ നേരിടാനും അവരെ പ്രേരിപ്പിക്കുന്നു.

മാനസിക സേവനങ്ങൾ ലഭ്യം

ഇതിനും പുറമേ മാനാസികാരോഗ്യത്തിനായുളള വിവിധ സേവന പ്രവർത്തനങ്ങൾ അനുഭവിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പേജുകൾ, സംശയങ്ങൾ നിവർത്തിക്കാനും സഹായം തേടാനുമുളള അവസരങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.

സമൂഹമാധ്യമങ്ങൾ മാനസികാരോഗ്യം തകർക്കുന്നുവെന്ന് മുറവിളി കൂട്ടുമ്പോൾ അതിൽ ഇങ്ങനെ ചില നല്ല കാര്യങ്ങളുടെ സാധ്യതയും നമുക്ക് ഇനി ഒാർമിക്കാം.

Your Rating: