Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടുകാലത്തെ തണുപ്പിക്കാൻ ഇതാ വഴികൾ

576922602

ചൂട് കൂടിത്തുടങ്ങുന്ന സമയമാണ് ഫെബ്രുവരി. ഇത്തവണ മഴ കുറവായതിനാൽ ചൂടിന് കാഠിന്യമേറോനാണ് സാധ്യത. ചൂടുകുരു, അമിതവിയർപ്പുമൂലമുള്ള ഫംഗസ് ബാധ എന്നിവയുണ്ടാകാം. ദിവസവും രണ്ടു നേരം കുളിക്കണം . ചൂടുകുരുവിന്റെ ചൊറിച്ചിൽ കുറയാൻ പ്രത്യേകം പൗഡറും ക്രീമുമുണ്ട്. തൈരു പുരട്ടുന്നതും ഐസ്പാക്ക് വയ്ക്കുന്നതും ചൊറിച്ചിലും പുകച്ചിലും കുറയ്ക്കും. കനം കുറഞ്ഞ അയഞ്ഞ കോട്ടൺ, ലിനൻ വസ്ത്രങ്ങൾ വിയര്‍പ്പിന്റെ പ്രശ്നം കുറയ്ക്കും. ഇളം നിറമുള്ള വസ്ത്രങ്ങൾ സൂര്യതാപം തടുക്കും.

∙ വിയർപ്പുമണം മാറാനേ ഡിയോഡറന്റ് ഉപകരിക്കൂ. വിയർപ്പു കുറയ്ക്കാനായി പ്രത്യേകമുള്ള സ്പ്രേകളോ റോൾ ഓണോ കക്ഷത്തിൽ പുരട്ടാം. കാപ്പി മദ്യം, ഇവ കുറച്ചാലും വിയർപ്പു കുറയും.

പനിയും മഞ്ഞപ്പിത്തവും‌

∙ കുംഭത്തിലെ ചൂടിൽ വൈറസ് രോഗങ്ങൾ എളുപ്പം പടർന്നു പിടിക്കും. ചിക്കൻപോക്സ്, അഞ്ചാംപനി വിവിധതരം പകർച്ചപ്പനികൾ എന്നിവയ്ക്ക് സാധ്യത. ആരംഭത്തിലേ ചികിത്സ തേടുന്നതു വേഗത്തിലുള്ള പരിഹാരത്തിന് സഹായിക്കും. പരീക്ഷാക്കാലം വരുന്നതിനാൽ രോഗബാധിതരിൽ നിന്നും കുട്ടികൾ അകലം പാലിക്കണം.

∙ ജലദൗർലഭ്യം മുൻകാലങ്ങളെക്കാളും രൂക്ഷമായതിനാൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ. ഇ) പോലുള്ള ജലജന്യ രോഗങ്ങൾ വ്യാപകമാകാം. ഭക്ഷണം കഴിക്കും മുമ്പ് കൈ കഴുകുക, കുറഞ്ഞത് അഞ്ചുമിനിറ്റു നേരം വെട്ടിത്തിളച്ച വെള്ളം മാത്രം കുടക്കാൻ ഉപയോഗിക്കുക, തുറന്ന തട്ടുകട ഭക്ഷണം ഒഴിവാക്കുക എന്നീ ശീലങ്ങൾ പാലിക്കുക.

വ്യായാമവും ഭക്ഷണവും

∙ ദിവസവും 5–8 ഗ്ലാസ് വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം പോലുള്ള ലവണാംശമുള്ളവയും കുടിക്കുക.

∙ ഒരുപാടു മസാലയും എണ്ണയുമില്ലാത്ത ഭക്ഷണമാണ് നല്ലത്. ഐസ്ക്രീം പോലുള്ളവ കഴിക്കുമ്പോൾ തണുപ്പു തോന്നുമെങ്കിലും ദഹിക്കുമ്പോള്‍ ശരീരം ചൂടാകും. അമിത കൊഴുപ്പും പ്രോട്ടീനും ഇക്കാരണം കൊണ്ടുതന്നെ കുറയ്ക്കണം. സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം രാത്രി കഴിക്കുന്നതിലും നല്ലത് ഉച്ചഭക്ഷണത്തോടൊപ്പമാക്കുന്നതാണ്.

∙ പ്രഭാതങ്ങളിൽ ഇളം തണുപ്പും മറ്റുസമയങ്ങളിൽ ചൂടുള്ളതുമായ കാലാവസ്ഥ വ്യായാമത്തിനു നല്ലതാണ്.

സീസണൽ ടിപ്സ്

കൈയുടെ മണിബന്ധം അഞ്ചുസെക്കൻഡ് ഒഴുക്കുവെള്ളത്തിൽ നനയ്ക്കുക. പെട്ടെന്നു ശരീരം തണുക്കും. ഫ്രിഡ്ജിൽ സ്പ്രേകുപ്പിയിൽ വെള്ളം വച്ചിരുന്നാൽ പുറത്തു പോയി വരുമ്പോൾ മുഖത്തു സ്പ്രേ ചെയ്യാം. റിഫ്രഷ് ആകാം. വീട്ടു ജനാലകള്‍ പകൽ സമയത്ത് അടച്ചിടുകയും കർട്ടനിട്ട് മൂടുകയും ചെയ്താൽ മുറി ചൂടാകില്ല.

സീസണൽ ഫൂഡ്

തണ്ണിമത്തനിലെ ഉയർന്ന ജലാംശം ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യും. മാമ്പഴം, ഓറഞ്ച് എന്നിവയും ഈ സീസണിൽ നല്ലത്. വാഴപ്പഴം പോലുള്ള നാടൻ പഴങ്ങളും ധാരാളം കഴിക്കാം. പച്ചിലക്കറികളിൽ 80–90 ശതമാനവും ജലാംശമുണ്ട്. അതുകൊണ്ട് അവയും ധൈര്യമായി കഴിക്കാം.