Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയിൽ കൊള്ളുന്നതത്ര മോശം കാര്യമോ?

sunbath

സൂര്യപ്രകാശത്തിന് ആരോഗ്യവുമായുള്ള ബന്ധം ഒരു പക്ഷേ നാം പുരോഗമിക്കുന്നതോടെ പൂർണമായും അവഗണിക്കുകയാണെന്നു തോന്നും ഇന്നത്തെ നമ്മുടെ രീതികൾ കണ്ടാൽ. വെയിൽ കൊള്ളരുത് എന്നാണ് നമ്മൾ എവിടെ നിന്നോ പഠിച്ചുവച്ചിരിക്കുന്ന പാഠം. ജീവൻ നിലനിർത്താൻ ഏറ്റവും ആവശ്യമായ പ്രാണവായു ലഭിക്കണമെങ്കിൽപോലും സൂര്യപ്രകാശം വേണം (മരങ്ങളും ചെടികളും നാം പുറന്തള്ളുന്ന കാർബൺഡയോക്സൈഡ് വലിച്ചെടുത്ത്, സൂര്യകിരണങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രകാശസംശ്ലേഷണം നടത്തുന്നതും നമുക്ക് ഉപയോഗിക്കാനായി പ്രാണവായു പുറത്തേക്കു വിടുന്നതും). മരങ്ങളും ചെടികളും പ്രാണവായു മാത്രമല്ല തരുന്നത്, ഭക്ഷണവുംകൂടി തരുന്നു. അവയുടെ വളർച്ചയ്ക്കും സൂര്യപ്രകാശം വേണം.

മരങ്ങളും ചെടികളും ഭൂമിയിൽ ഉണ്ടെങ്കിലേ മനുഷ്യനും ജീവജാലങ്ങളും നിലനിൽക്കൂ. ഒരിക്കലും സൂര്യനുദിച്ചില്ലെങ്കിൽ എന്താവും നമ്മുടെ അവസ്ഥ? വെളിച്ചമേ ഇല്ലാത്ത ഒരു മുറിയിൽ ഒരാൾ ദീർഘകാലം അടയ്ക്കപ്പെട്ടാൽ അയാളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ! സൂര്യപ്രകാശം എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഏറ്റവും അടിസ്ഥാനമായ ഘടകം തന്നെയാണ്. സൂര്യകിരണങ്ങൾ മനുഷ്യന്റെ ശരീരത്തിൽ, മരങ്ങളെയും ചെടികളെയുംപോലെ, നേരിട്ടുതട്ടേണ്ടത് ആവശ്യമാണോ? ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിൻ ഡി എന്ന ജീവകം വേണ്ടുവോളം ലഭിക്കുന്നതിന് നമ്മുടെ ശരീരത്തിന്റെ തൊലിപ്പുറത്ത് സൂര്യകിരണങ്ങൾ നേരിട്ട് പതിക്കേണ്ടത് ആവശ്യമാണ്. ഇതുകൂടാതെ നമ്മൾ അറിയാതെ പോവുന്ന അല്ലെങ്കിൽ ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത, പല ഗുണങ്ങളും സൂര്യകിരണങ്ങൾ നേരിട്ട് ശരീരത്തിൽ തട്ടുന്നതു വഴി ലഭിച്ചേക്കാം.

വിദേശികൾ ബീച്ചിലും പാർക്കിലും നീന്തൽക്കുളത്തിനു സമീപത്തും ഒക്കെ കിട്ടിയ അവസരങ്ങളിലൊക്കെ സൂര്യസ്നാനം ചെയ്യുന്നത് നാം കാണാറില്ലേ? അവർക്കു വട്ടാണോ എന്നുപോലും ചിന്തിക്കുന്നവരുണ്ട്! നമ്മുടെ നാട്ടിൽതന്നെ പുരാതന കാലംമുതൽ സൂര്യനമസ്കാരം എന്നപേരിൽ രാവിലെ സൂര്യനഭിമുഖമായി നിന്ന് പ്രാർത്ഥനയോടെ വ്യായാമം ചെയ്യുന്ന ഒരു രീതിയും ഉണ്ടായിരുന്നു. അതിനെ മതപരമായ ആചാരമാക്കാതെ അതിലെ നന്മ ഉൾക്കൊള്ളാൻ നാം മറന്നു. ഒരുപക്ഷേ സൂര്യനാണ് ഇൗ പ്രപഞ്ചത്തെ നിലനിർത്തുന്നത് എന്ന തിരിച്ചറിവായിരിക്കാം അതൊരു പ്രാർഥനാരൂപത്തിലാക്കിയതിനു പിന്നിലെ ഉദ്ദേശ്യം. എന്തായാലും മരങ്ങളെയും ചെടികളെയുംപോലെ മനുഷ്യനും സൂര്യപ്രകാശം ശരീരത്ത് തട്ടേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. എന്നുവച്ച് നാളെ മുതൽ അമിതാവേശം പാടില്ലതാനും. കഠിന വെയിലത്ത് മണിക്കൂറുകളോളം വേണ്ടത്ര മുൻകരുതലുകളില്ലാതെ ജോലി െചയ്താൽ സൂര്യാഘാതമേൽക്കും.

ആരോഗ്യാവശ്യത്തിനായി ഏതാണ്ട് ദിവസത്തിൽ അര മണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം തുറസായ സ്ഥലത്ത് വ്യായാമം ചെയ്യുന്നത് അഭികാമ്യമാണ്. ഏതാണ്ട് 15 ശതമാനത്തോളം തൊലിയിൽ സൂര്യപ്രകാശം തട്ടാനിടയുണ്ട് എന്നു കണക്കാക്കിയാണ് ഇത്. ഇതിൽ കൂടുതൽ ഭാഗത്ത് സൂര്യപ്രകാശം തട്ടുന്നുവെങ്കിൽ അതിൽ കുറച്ചു സമയം മതിയാവും. വെയിലത്ത് പണിയെടുക്കുകയോ, കളിക്കുകയോ വ്യായാമം ചെയ്യുകയോ ആവാം. കളിക്കുന്നതും വ്യായാമം ചെയ്യുന്നതും സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്താണെങ്കിൽ, അല്ലെങ്കിൽ വ്യായാമം ചെയ്യാൻ സാധിക്കാതെയുണ്ടെങ്കിൽ പത്രം വായിക്കുന്ന സമയത്തെങ്കിലും കുറച്ചുനേരം സൂര്യപ്രകാശം ശരീരത്തു തട്ടിക്കുന്നതു നന്നാവും.

മലയാളിയുടെ ഇന്നത്തെ രീതി ഒന്നാലോചിച്ചു നോക്കൂ, കൂടുതൽ സമ്പന്നരാണെങ്കിൽ പ്രത്യേകിച്ചും, ഒരിക്കലും സൂര്യപ്രകാശം ശരീരത്തു തട്ടാത്തവരാണ് കൂടുതലും. ഇനി വൈറ്റമിൻ‌ ഡിയിലേക്ക് മടങ്ങിവരാം. പണ്ടു വിദേശികൾ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഇന്ത്യയിൽ വേണ്ടുവോളം സൂര്യപ്രകാശം കിട്ടുന്നു, അതുകൊണ്ട് വൈറ്റമിൻ ഡിയുടെ കുറവില്ല എന്നാണ്. എല്ലാ കാര്യത്തിലും വിദേശികളുടെ വാക്കാണല്ലോ നമുക്ക് അവസാനവാക്ക്. എന്നാൽ 1993 മുതൽ ഇവിടത്തുകാർക്ക് വ്യാപകമായി വൈറ്റമിൻ ഡിയുടെ കുറവുള്ളതായി നിരീക്ഷണത്തിൽ കണ്ടെത്തി. ആദ്യമായി കണ്ടത് ക്ഷയരോഗം ബാധിച്ച ഒരു രോഗിയിലാണ്.

പിന്നീട് ക്ഷയരോഗം ബാധിച്ച എല്ലാവർക്കും വൈറ്റമിൻ ഡിയുടെ കുറവു കണ്ടെത്തി. ഇതു ഡോക്ടർമാരുടെ സമ്മേളനങ്ങളിൽ അവതരിപ്പിച്ചപ്പോൾ പരിഹാസവും അവഹേളനവും ഏൽക്കേണ്ടി വന്നു. സർക്കാരിൽനിന്ന് പഠനത്തിനു സഹായംപോലും ലഭിച്ചില്ല. എങ്കിലും എന്റെ ഒരു വിദ്യാർഥിയുടെ സഹായത്തോടെ പഠനം നടത്തി നിരീക്ഷണങ്ങൾ സ്ഥിരീകരിച്ചശേഷം വീണ്ടും വിഷയം ഒരു സമ്മേളനത്തിൽ അവതരിപ്പിച്ചു. അപ്പോഴും ഒരു സീനിയർ എൻഡോക്രൈനോളജിസ്റ്റ് പറഞ്ഞത് ‘ഇവിടെ സൂര്യപ്രകാശമുള്ളിടത്തോളം കാലം വൈറ്റമിൻ ഡിയുടെ കുറവുണ്ടാകില്ല’ എന്നാണ്. പഠനം പ്രസിദ്ധീകരണത്തിനയച്ചപ്പോഴും അവഗണനയായിരുന്നു ഫലം.

ഒടുവിൽ നിരന്തരമായി എഴുത്തുകുത്തുകൾ നടത്തി ശല്യം സഹിക്കാതെ 2002ൽ, പഠനം കഴിഞ്ഞ് മൂന്ന് കൊല്ലത്തിനുശേഷമാണ് അതു പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ലോകത്തിന്റെ എല്ലാഭാഗത്തും വൈറ്റമിൻ ഡിയുടെ കുറവ് വ്യാപകമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. എന്നാൽ‌ ഏറ്റവും ആദ്യം നടത്തിയ ഇൗ പഠനം പലരും അറിയാതെ പോവുന്നു. എന്താണ് വൈറ്റമിൻ ഡിയുടെ കുറവിനു കാരണം. സമീകൃതാഹാരത്തിന്റെ കുറവു തന്നെ. ആവശ്യത്തിന് വൈറ്റമിൻ ഡി കിട്ടാൻ സൂര്യപ്രകാശം മാത്രം പോരാ. സമീകൃതാഹാരവും കഴിക്കണം എന്നാണ് ഞങ്ങളുടെ പഠനത്തിൽ തെളിഞ്ഞത്.സമീകൃതാഹാരത്തെപ്പറ്റി പലർക്കും പല കാഴ്ചപ്പാടുകളാണ്. പലതും തെറ്റിദ്ധാരണകളുമാണ്.

അബദ്ധങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അബദ്ധവശാൽ മാത്രം സമീകൃതാഹാരം മൂന്നു നേരവും കഴിക്കുന്നവരുണ്ടാവും. അവർ ഒരിക്കലും സൂര്യപ്രകാശം ശരീരത്തിൽ തട്ടിക്കാത്തവരായിരിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ ശരീരത്തിൽ സൂര്യപ്രകാശം തട്ടുന്നവർ അബദ്ധത്തിൽപോലും സമീകൃതാഹാരം കഴിക്കുന്നുമില്ല. അങ്ങനെ വൈറ്റമിൻ ഡിയുടെ കുറവും പോഷകാഹാരക്കുറവും വ്യാപകമായി തുടരുന്നു. ഒരു അതിശയോക്തിയുമില്ലാതെ പറയാം, ഇന്ത്യയിൽ‌ 90% പേർക്കും ഏതെങ്കിലും തരത്തിൽ പോഷകാഹാരക്കുറവുണ്ട്. അതിന്റെ തോതിൽ മാത്രമാണ് വ്യത്യാസം. പോഷകാഹാരക്കുറവ് ഇത്ര വ്യാപകമായ, അതുകൊണ്ടു തന്നെ രോഗങ്ങളുടെ തലസ്ഥാനമായ ഇന്ത്യയിൽ അതു പരിഹരിക്കാനല്ല, ചികിത്സാ സംവിധാനങ്ങൾ എല്ലാവർക്കും തരപ്പെടുത്താനാണ് (അതും അമേരിക്കൻ‌ മോഡൽ) നമ്മുടെ തത്രപ്പാട്!  

Your Rating: