Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല മാതാപിതാക്കളാകാം, ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

parenting

മികച്ച രക്ഷാകര്‍ത്താവാകുക എന്നത് ഏതൊരു അച്ഛന്‍റെയും അമ്മയുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിനുള്ള ശ്രമം പലപ്പോഴും മാതാപിതാക്കള്‍ക്ക് തന്നെയോ അല്ലെങ്കില്‍ മക്കള്‍ക്കോ അമിത സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്. എന്നാല്‍ അധികാരം പ്രയോഗിക്കാതെയോ അമിതഭാരം ചുമക്കാതെയോ ഒരു നല്ല രക്ഷാകര്‍ത്താവാകാന്‍ കഴിയും. മികച്ച രക്ഷാകര്‍ത്താക്കളില്‍ പൊതുവായി കാണപ്പെടുന്ന 5 കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

1. കുട്ടികളെ ജോലി ചെയ്ത് ശീലിപ്പിക്കുക

ഉത്തരവാദിത്തമുണ്ടാകാനും സ്വന്തം കാലില്‍ നില്‍ക്കാനും കുട്ടികള്‍ക്ക് എന്നും തുണയാകുന്ന കാര്യമാണിത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം കാര്യമെങ്കിലും സ്വയം ചെയ്യാന്‍ അവരെ ശീലിപ്പിക്കാം. രണ്ടു വയസ്സാകുമ്പോള്‍ തന്നെ ഇതാരംഭിക്കാം. അവരാല്‍ കഴിയുന്നത് മാത്രം കുട്ടിയെക്കൊണ്ട് ശീലിപ്പിച്ചാല്‍ മതി.

2. പുസ്തകങ്ങള്‍ വായിച്ച് നല്‍കുക

ഇതൊരു നിസ്സാര കാര്യമായി കാണരുത്. പുസ്തകം വായിച്ച് നല്‍കുന്നത് കൊണ്ട് ഗുണങ്ങള്‍ പലതാണ്. കുട്ടികളും മാതാപിതാക്കളും തമ്മിൽ ഏറെ സമയം ചെലവഴിക്കപ്പെടുന്നു. പുസ്തകവായന രണ്ടു പേര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സമയമായതിനാല്‍ ബന്ധം ദൃഢമാകാനും സഹായിക്കുന്നു. മാത്രമല്ല പഠനത്തിലും കുട്ടികളെ ഇത് ഏറെ സഹായിക്കും. 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സ്വയം വായിക്കുന്നതിലും മനസിലാക്കാന്‍ എളുപ്പം മറ്റൊരാള്‍ വായിച്ച് നല്‍കുമ്പോഴാണ്. ഇത് കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കും.

3. സമ്പാദ്യശീലം വളര്‍ത്തുക

എത്ര ചെറിയതുക ആയാലും കുട്ടികളെ അവ സൂക്ഷിച്ച് ശേഖരിച്ച് വയ്ക്കാന്‍ ശീലിപ്പിക്കുക. അല്‍പം മുതിര്‍ന്നാല്‍ ഒരു ബാങ്ക് അക്കൗണ്ട് തന്നെ തുടങ്ങാം. കുട്ടികൾക്ക് സഹായകമായ ഒട്ടേറെ സമ്പാദ്യ പദ്ധതികളും പല ബാങ്കുകളും തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് പണത്തിന്‍റെ മൂല്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സഹായിക്കും. ഒരു പക്ഷേ ജീവിതത്തിലുടനീളം സഹായകരമാകാന്‍ നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ തുടങ്ങിവയ്ക്കുന്ന സമ്പാദ്യ ശീലത്തിലൂടെ സാധിക്കും.

4. നിത്യ വ്യായാമം

വ്യായാമം ചെറുപ്പത്തിലേ കുട്ടികളില്‍ ശീലമായി വളര്‍ത്തുക. ആരോഗ്യമെന്ന സമ്പത്ത് നിങ്ങളുടെ കുട്ടിക്ക് ജീവിത കാലം മുഴുവൻ കൂട്ടിനുണ്ടാകാന്‍ ഈ ശീലം കാരണമാകും. പ്രായത്തിനനുസരിച്ചുള്ള വ്യായാമം വേണം കുട്ടിയെ ശീലിപ്പിക്കാൻ‍. പ്രതിരോധശേഷി ഉള്‍പ്പടെ വര്‍ധിക്കാനും ഇത് സഹായിക്കും.

5. ലക്ഷ്യങ്ങള്‍ നിർണയിക്കുക

ലക്ഷ്യബോധം കുട്ടികളില്‍ ഉണ്ടാക്കുകയാണ് ഒരു രക്ഷകര്‍ത്താവിന് ചെയ്യാവുന്ന ഏറ്റവും വലിയ കടമ. അതും സ്വന്തം ലക്ഷ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ കുട്ടിയുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ തിരിച്ചറിയുക. അതിലേക്കെത്താൻ ചെറിയ കാലത്തേക്കും വരും കാലത്തേക്കുമായി എന്തെല്ലാം ചെയ്യണമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഇതിലൂടെ കുട്ടിയെ ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാനാകും. ഒരിക്കല്‍ ലക്ഷ്യബോധമുണ്ടാക്കാന്‍ സഹായിച്ചാല്‍ പിന്നെ വഴി നിങ്ങളുടെ കുട്ടിക്ക് സ്വയം കണ്ടെത്താനുമാകും.

Your Rating: