Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർഫ്യൂമുകൾ ആരോഗ്യത്തിനു ഭീഷണിയോ?

perfume

ശരീരദുർഗന്ധം ഇല്ലാതാക്കാനോ, പ്രതിരോധിക്കാനോ ശരീരത്തിൽ പുരട്ടുന്ന സുഗന്ധദ്രവ്യങ്ങളാണു ഡിയോഡറന്റുകൾ. വിയർപ്പും ബാക്ടീരിയയും കൂടിച്ചേർന്നുണ്ടാകുന്ന ദുർഗന്ധം ഒരു പരിധിവരെ മറ്റുള്ളവർ അറിയാതിരിക്കാൻ ഇവ സഹായിക്കുന്നു. ഡിയോഡറന്റ് വിവിധ രൂപങ്ങളിലുണ്ട്.

സ്പ്രേ— ആവശ്യാനുസരണം ദേഹത്തുപൂശാം. റോൾ ഓൺ— കുപ്പിയുടെ അറ്റത്തുള്ള ഉരുണ്ട ബോളിന്റെ സഹായത്തോടെ ദ്രാവകം ദേഹത്തു പുരട്ടാം. ജെൽ— വസ്ത്രത്തിൽ കറയുണ്ടാക്കാം. സ്റ്റിക്— മെഴുകു പോലുള്ള വസ്തുകൊണ്ട് ദേഹത്തുരസാം.

വിയർപ്പിനു പിന്നിൽ

താപനില നിയന്ത്രിക്കാൻ ശരീരം ചെയ്യുന്ന പ്രവൃത്തിയാണു വിയർക്കൽ. വെറും വെള്ളമാണു വിയർപ്പ്. വിയർപ്പ് തൊലിപ്പുറത്തുവന്ന് അന്തരീക്ഷത്തിലെ ബാക്ടീരിയയുമായി ചേർന്നു മലിനമാകുമ്പോഴാണു ദുർഗന്ധമുണ്ടാകുന്നത്. ഡിയോഡറന്റിനു വിയർപ്പിനെ ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ അമിതവിയർപ്പുള്ളവർ അവ തുടരെ ഉപയോഗിക്കണം.

വിയർപ്പു കൂടുതലുള്ള ശരീരഭാഗങ്ങളിൽ—കക്ഷം, സ്തനങ്ങളുടെ അടിയിൽ, ഗുഹ്യാഭാഗം എന്നിവിടങ്ങളിൽ ഡിയോഡറന്റുകൾ ഉപയോഗിക്കാം. ഡിയോഡറന്റുകൾ അധികവും സിന്തറ്റിക് ആയിരിക്കും. പാരബെൻസ്, പ്രോപ്പിലീൻ ഗ്ലൈക്കോൾ എന്നീ സുഗന്ധങ്ങളും പ്രിസർവേറ്റീവുകളുമാണ് ഘടകങ്ങൾ.

ദോഷഫലങ്ങൾ

സെൻസിറ്റിവിറ്റി — ശരീരത്തു പ്രത്യേകിച്ചും ചർമത്തിന് അസ്വാസ്ഥ്യമുണ്ടാക്കാം. ഡിയോഡറന്റുകളിലെ ചില ഘടകങ്ങൾ മാരകരോഗങ്ങൾക്കു കാരണമാകാമെന്നു പറയുന്നു. പക്ഷേ, തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഡിയോഡറന്റ് അൽപം കൈമുട്ടിനു താഴെ പുരട്ടി പരിശോധിക്കുക. ശരീരത്തിനു യോജിക്കാത്തതാണെങ്കിൽ ചൊറിച്ചിലും, ചുവപ്പുനിറവും പൊള്ളലും അവിടെ നിന്നു ദ്രാവകം ഊറലും ഉണ്ടാകാം. അങ്ങനെ കണ്ടാൽ മറ്റൊന്ന് ഉപയോഗിക്കുക.

ഡിയോറന്റുകളും ആന്റി പേർസ്പിരന്റുകളും ഒന്നല്ല. ആദ്യത്തേതു ദുർഗന്ധത്തെ തടയുമ്പോൾ രണ്ടാമത്തേതു വിയർപ്പു പുറത്തുവരുന്നതിനെതാണ് തടയുന്നത്. അലൂമിനിയം കലർന്ന ഈ രാസവസ്തുക്കൾ സ്വേദഗ്രന്ഥികളുടെ സുഷിരങ്ങളെ അടച്ചുകളയുന്നു.

പെർഫ്യൂമുകൾ

സുഗന്ധതൈലങ്ങൾ ആൽക്കഹോൾ ലായനിയിൽ ചേർത്താണു ഡിയോറന്റുകളും പെർഫ്യൂമുകളും നിർമിക്കുന്നത്. ഇവ രണ്ടും നേരിട്ടു ചർമത്തിൽ പുരട്ടുകയോ പൂശുകയോ ആണ് ചെയ്യുന്നത്. വസ്ത്രത്തിലല്ല, ചെവി, കഴുത്ത്, കൈത്തണ്ട ഇവിടെയൊക്കെയാണു പൂശേണ്ടത്.

ശരീരോഷ്മാവു കൂടുമ്പോൾ പെർഫ്യൂം ആവിയായി പോകുന്നു; മണം പരക്കുന്നു. കുളി കഴിഞ്ഞയുടൻ നനവില്ലാതെ ഡിയോഡറന്റുകൾ ഉപയോഗിക്കണം. ശരീരമടക്കുകളിലും കക്ഷത്തിലും പൂശുകയാണ്. ഏറ്റവും ഉത്തമം. ഡിയോഡറന്റുകളെ അപേക്ഷിച്ചു കൂടുതൽ കട്ടിയുള്ളതും കൊഴുത്തതും ആയിരിക്കും. പെർഫ്യൂമുകൾ. കൂടുതൽ ചെലവേറിയതും.

മറ്റൊരു ഗുണം ഡിയോഡറന്റുകൾക്കുണ്ട്. അവയിലെ അണുനാശിനികൾ (ആന്റി മൈക്രോബിയൽസ്) തൊലിപ്പുറത്തുള്ള ബാക്ടീരിയയെ നിയന്ത്രിക്കുന്നു.

ഡോ കുക്കു മത്തായി

കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ്,

നെടുംചാലിൽ ട്രസ്റ്റ് ഹോസ്പിറ്റൽ,

മൂവാറ്റുപുഴ.