Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ദോഷകരമോ?

114303457

ചെള്ളിനെ നശിപ്പിക്കാൻ‍ മരുന്നടിച്ച മുറിയിലിരുന്നു പഠിച്ച വിദ്യാർഥിനികൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത് വായിച്ചുകാണുമല്ലോ. നിത്യജീവിതത്തിലെ അറിവുകേടുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നതിന്റെ ഉദാഹരണമാണിത്. ദൈനംദിന ജീവിതത്തിൽ പൊതുവായി അറിഞ്ഞിരിക്കേണ്ട അവശ്യവസ്തുതകളും സംശയങ്ങളും.

1. വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ദോഷകരമാണോ?
മുറിക്കുള്ളിലെ കാർബൺ ഡൈ ഒാക്സൈഡിനെ വലിച്ചെടുത്ത് നല്ല ശുദ്ധവായു പുറത്തേക്കു വിടാൻ ചെടികൾ സഹായിക്കും. എന്നാൽ, ഇവയ്ക്ക് ചില ദോഷങ്ങളുണ്ട്. കലാഡിയം, ഇലഫന്റ് ഇയർ, ആന്തൂറിയം എന്നിവ കു‍ട്ടികളിലും മുതിർന്നവരിലും അലർജിക്കു കാരണമാകാം. ശരീരം ചൊറിഞ്ഞുതടിക്കുക, ചർമത്തിൽ തടിപ്പ്, നിറഭേദംവരുക എന്നിവയ‍്ക്കും തുമ്മലിനും ശ്വാസംമുട്ടലിനും കാരണമാകാം.

2. വീട്ടിലെ പൊടി നീക്കേണ്ടതെങ്ങനെ ?
പൊടി അപകടകാരിയാകുന്നത് അതിൽ ജീവിക്കുന്ന പൊടിച്ചെള്ള് അഥവാ ഡസ്റ്റ്മൈറ്റ് മൂലമാണ്. നമ്മുടെ ചർമത്തിലെ മൃതകോശങ്ങൾ തിന്നു ജീവിക്കുന്ന ഇവയുടെ വിസർജ്യവസ്തുക്കളാണ് ശ്വാസത്തിലൂടെ ശരീര‍ത്തിലെത്തി അലർജിയുണ്ട‍ാക്കുന്നത്. പൊട‍ിച്ചെള്ളുകളുടെ താവളമായ മെത്ത, തലയണ, സോഫ എന്നിവ ദിവസവും വൃത്തിയാക്കണം. ഇവയുടെ കവറുകളും ആഴ്ചതോറും മാറ്റണം. സോഫയും മറ്റും വാക്വം ക്ല‍ീനർ കെണ്ട് പൊടിമുക്തമാക്കണം. ഫാനിലെ പൊടി ആഴ്ചതേ‍ാറും തുടയ്ക്കണം. രോമപ്പാവകൾ ഫ്രീസറിൽ വച്ച് തണുപ്പിച്ച് പൊടിച്ച‍െള്ളിനെ നശിപ്പിക്കണം. അൽപം നാരങ്ങാചേർത്ത് ഫർണിച്ചറുകൾ തുടയ്ക്കാം. മുറ‍ി അടിച്ചശേഷം 20 മിനിറ്റു തുറന്ന് വച്ച് കാറ്റും വെളിച്ചവും കയറാനിടണം.

Cleaning

3. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ദോഷകരമാണോ?
പ്ലാസ്റ്റിക് കത്തിയുണ്ടാകുന്ന ക്ലോറോഫ്ലൂറോ കാർബൺ വാതകം അന്തരീക്ഷത്തിലെ സുരക്ഷാകവചമായ ഒാസോൺപാളിയിൽ തുളകൾ വീഴ‍്ത്തും. മാരകമായ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടും. പ്ലാസ്റ്റിക്ക് കുഴിച്ചിട്ടാൽ ദ്രവിക്കാതെ കിടന്ന് മണ്ണിലെ സൂക്ഷ്മാണു നാശത്തിനു കാരണമാകും. മണ്ണിന്റെ വളക്കൂറു കുറയും. മണ്ണിനും വായുവിനും മലിനീകരണമുണ്ടാക്കാത്ത രീതിയിൽ വീണ്ടും ഉപയോഗിക്കുകയോ (റിയൂസ്) മറ്റ് രൂപങ്ങളിലേക്ക് മാറ്റുകയോ (റീസൈക്ലിങ്) ചെയ്യുകയാണ് മികച്ച മാർഗം. അതു പ്ര‍ായോഗികമാകാത്തപ്പോൾ പ്ലാസ‍്റ്റിക് ഉപയോഗം കുറയ്ക്കുക.

4. ചൂടുകാലത്ത് എസ‍ി ദോഷകരമാണോ?
അലർജി–ആസ്മ പ്രക‍ൃതമുള്ളവർ, മൂക്കിന്റെ പാലത്തിന് വളവുള്ളവർ. ജലദോഷം പോലുള്ള രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ ഇവർക്കൊക്കെ തുടർച്ചയായ എസി ഉപയോഗം നല്ലതല്ല. മൂക്കടപ്പ്, തുടർച്ചയായ തുമ്മൽ എന്നീ ലക്ഷണങ്ങൾ എസി അലർജിയുടെതാണ്. ഇത് പിന്നീട് ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയായി മാറുന്നു. സെൻട്രലൈസ്ഡ് എസിയിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കൃത്യമായി വൃത്തിയാക്കുന്നില്ലെങ്കിൽ. ഇതിന് സിക്ക് ബിൽഡിങ് സിൻഡ്രം എന്നു പറയും. ചർമം വരളാനും ചൂടു സഹിക്കാനുള്ള ശക്തി കുറയ്ക്കാനും സ്ഥിരമായ എസി ഉപയോഗം കാരണമാകും ബിപി, വാതം, ന്യൂറൈറ്റിസ്, ശരീരവേദനകൾ എന്നിവയുടെ നിയന്ത്രണം താളം തെ‍റ്റിക്കും.
∙ 22–23 ഡിഗ്രി താപത്തിൽ എസി ക്രമീകരിക്കുന്നതാണ് നല്ലത്.
∙ എസി റൂമിൽ പഞ്ഞി കളിപ്പാട്ടങ്ങളും ഒാമനമൃഗങ്ങളും വേണ്ട.
∙ എസി ഉള്ളിടങ്ങളിൽ ഈർപ്പം നഷ്ടമാകാതിരിക്കാൻ ഹ്യൂമിഡിഫയർ വയ്ക്കണം.

5. കിണറിനടുത്ത് സെപ്റ്റിക് ടാങ്ക് പാടില്ലേ?
സെപ്റ്റിക് ടാങ്കുകളുടെ ഭിത്തികളിലൂടെ മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലരാനുള്ള സാധ്യത തടയാനാണ് അകലെ വയ്ക്കാൻ പറയുന്നത്. ടോയിലറ്റുകൾക്കുവേണ്ടി സെപ്റ്റിക് ടാങ്കോ കുഴിയോ നിർമിക്കുമ്പോൾ കിണറിൽ നിന്നും 7.5 മീറ്ററെങ്കിലും അകലെയാകണം. ഒന്നിലധികം അറകളുള്ള സെപ്റ്റിക് ടാങ്കാണു നല്ലത്. മാലിന്യം നിറയുന്നതനുസരിച്ച‍ു മലിനജലം ഒരു ടാങ്കിൽ നിന്നും മറ്റൊരു ടാങ്കിലേക്ക് ഒഴുകി മാറുന്നതിനു ഇതു സഹായിക്കും സെപ്റ്റിക് ടാങ്കുകളുടെ പരിസരത്ത് വലിയ വൃക്ഷങ്ങൾ വേണ്ട. അവയുടെ വേരുകളും ടാങ്കിനെ ശിഥിലപ്പെടുത്താം. കോൺക്രീറ്റ് ട‍ാങ്കുകളാണ് നല്ലത്.

6. അടിവസ്ത്രങ്ങൾ വെയിലത്തിട്ടുണക്കണോ?
വായുസഞ്ചാരമില്ലാത്ത ഇരുണ്ട മുറിയിൽ ഈർപ്പമടിച്ച് കിടന്നുണങ്ങുന്ന വസ്ത്രങ്ങൾ സ്വകാര്യഭാഗങ്ങളിൽ പൂപ്പൽബാധയുണ്ടാകാൻ കാരണമാകും. രൂക്ഷമല്ലാത്ത, അല്ലെങ്കിൽ കുളിക്കാനുപയോഗിക്കുന്ന സോപ്പ് കൊണ്ട് കഴുകി, ഇളം ചുടുവെള്ളത്തിൽ ഉലച്ച് മുറുക്കിപ്പിഴിഞ്ഞ് കാറ്റും വെയിലുമുള്ളിടത്ത് (സ‍ൂര്യപ്രകാശമെങ്കിലും ഉള്ളിടത്ത്) ഇട്ട് ഉണക്കുന്നതാണ് ഏറ്റവും നല്ലത്. നനവുള്ള അടി‍വസ്ത്രങ്ങൾ ധരിക്കരുത്. കണ്ടീഷനറുകൾ പോലെ രൂക്ഷഗന്ധമുള്ളവയിൽ വസ്ത്രങ്ങൾ മുക്കരുത്.

7. ഡിഷ് വാഷുകളും സ്ക്രബറുകളും ഉപയോഗിക്കുമ്പോൾ?
നമ്മുടെ ശരീരത്തിലെ സുഹൃത് ബാക്ടീരിയകളെ പോലും കൊന്നുകളയുന്നവയാണ് ഡിഷ്‍വാഷുകളിലെ സൈക്ലോസാൻ പോലുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങളെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ഇവ മിതമായി ഉപയോഗിക്കണം. മെഴുക്കു കൂടുതലുള്ള പാത്രങ്ങളും കഴുകാൻ കുറഞ്ഞ അളവ് ഡിഷ് വാഷ് മതി. പാത്രത്തിലെ ഡിഷ‍് വാഷ് അംശം പൂർണമായി മാറും വരെ കഴുക്കണം.

cleaning

ആവർത്തിച്ച് ഉപയോഗിക്കുന്ന സ്പോഞ്ച് സ്ക്രബറുകൾ ബാക‍്ടീരിയകളുടെ കേന്ദ്രമാകാം. പാത്രം കഴുകിശേഷം സ്ക്രബർ നന്നായി വെള്ളത്തിൽ കഴ‍ുകി ഞെക്കിപ്പിഴി‍ഞ്ഞ് തൂക്കിയിടണം. വിവിധ ആവശ്യങ്ങൾക്കായി പത്യേകം സ്ക്രബർ ഉദാഹരണത്തിന്, പാൽ പാത്രം കഴുകാൻ മറ്റൊന്ന്, ചീനച്ചട്ടികളിലെയും മറ്റു പാചകപാത്രങ്ങളിലെയും എണ്ണ മെഴുക്ക് കളയാൻ ഒന്ന് എന്നിങ്ങനെ ഉപയോഗിക്കാം. കൂടുതൽ ഉപയോഗിക്കുന്നത് ആഴ്ചയിലൊരിക്കൽ മാറ്റണം.

8 വൃദ്ധജനങ്ങളുള്ളപ്പോൾ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
വാർധക്യത്തിൽ മാരകമായേക്കാവുന്ന പ്രശ്നമാണ് വീഴ്ചകൾ. അതു തടയുന്ന രീതിയിൽ വയോ ജനങ്ങളുടെ മുറികളും ബാത് റൂമും ക്രമീകരിക്കണം. അധികം മിനുസമുള്ള ടൈലുകൾക്ക് പകരം ഭംഗി കുറഞ്ഞതാണെങ്കിലും ഗ്രിപ്പ് ഉള്ള ‌ടൈലുകൾ തറയിൽ ഇടുക. വീട് പലതട്ടുകളായി പണിയുന്നത് ഒഴിവ‍ാക്കുക. കൃത്രിമപ്രകാശങ്ങൾ കുറച്ചു മതിയാവുന്നവിധം വിശാലമായ വെന്റിലേഷൻ വേണം. നന്നായി കാറ്റും വെളിച്ചവും കയറാനുള്ള സൗകര്യം ഒരുക്കിയാൽ വൈറ്റമിൻ ഡിയുടെ അഭാവം പോലുള്ള പ്രശ്നങ്ങൾ ഒരുപരിധിവരെ തടയാം. യൂറോപ്യൻ ടോയ്‍ലറ്റാണ് നല്ലത്. സമീപം പിടിച്ചിരിക്കാനും എഴുന്നേൽക്കാനും കൈപ്പിടി വയ്ക്കാം. ടേ‍ായ്‍ലറ്റിൽ നല്ല പ്രകാശം ഉണ്ടായിരിക്കണം. ഇതിന്റെ സ്വ‍ിച്ച് ബെഡ്റൂമിൽ തന്നെ നൽകണം.

9. മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടികളുള്ളപ്പോൾ തറ രാസക്ലീനറുകൾ കൊ‍ണ്ട് കഴുകരുത് എന്നു കണ്ടു. ശരിയാണോ?
തറയിൽ കൈകുത്തി ഇഴയുന്ന കുട്ടികളിൽ കൈയിലൂടെ വായിലേക്ക് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളെത്താം. രാസപദാർഥങ്ങൾ വായുവിലൂടെ ശ്വാസകോശങ്ങളിലെത്തുകയോ കണ്ണ്, ചർമം എന്നിവയ‍ിൽ പുരളുകയോ ചെയ്താൽ തലകറക്കവും ശ്വാസതടസ്സവും അലർജിയും എക്സിമയും ഉൾപ്പെടെയുള്ള അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. അതു കൊണ്ട് തറ തുടയ്ക്കുന്ന സമയത്ത് കുട്ടികളെ അടുത്തുനിർത്തരുത്. ക്ലീനറുകൊണ്ട് തുടച്ചശേഷം ഒന്നുകൂടി വെറും വെള്ളത്തിൽ മു‍ക്കിയ തുണികൊണ്ട് തുടച്ച് അതിന്റെ അവശിഷ്ടം നീക്കാം.

വീട്ടിൽ തന്നെ തയാറാക്കുന്ന ലോഷനുകളാവുമ്പോൾ ഈ പ്രശ്നമില്ല. പുൽതൈലം നേർപ്പിച്ച് ഉപയോഗിക്കാം. കുറച്ച് ബേക്കിങ് സോഡ, അതിന്റെ പാതി വിനാഗിരി, അത്രയും തന്നെ നാരങ്ങ‍ാനീര് ഇവ യോജിപ്പിച്ച് ടൈല‍ിൽ പുരട്ടിവച്ച് 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. ബേക്കിങ് സോഡ ചെറുചൂടുവെള്ളത്തിൽ കലക്കി മുറികൾ വൃത്തിയാക്കാൻ ഉപയോഗിക്കാം.

10. ദാഹശമനികൾ ഇട്ട വെള്ളത്തിന് ആരോഗ‍്യഗുണമുണ്ടോ?
കടയിൽ നിന്നു കിട്ടുന്ന ദാഹശമനികൾ ഇട്ടു തിളപ്പിച്ച വെള്ളത്തിന് പ്രത്യേകിച്ചെന്തങ്കിലും ഒൗഷധഗുണമുണ്ടെന്നു പറയാനാകില്ല . മൂന്നു മിന‍ിറ്റു നേരം വെട്ടിത്തിളച്ച ശേഷമുള്ള വെള്ളം തണുപ്പിച്ച് കുടിക്കുന്നതാണ് ഏറ്റവും പ്ര‍ായോഗികം. നെല്ലിക്ക, ഗ്ര‍ാംപൂ, ചൂക്ക്, ജാതിക്ക പോലുള്ള വീട്ടൗഷധങ്ങൾ ഇട്ടു തിളപ്പിക്കുന്നത് കുടിവെള്ളത്തിൽ കാഠിന്യം, ഗന്ധം ഇവ കുറയ്ക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. തിളച്ച െവള്ളത്തിൽ ജീരകം ചൂടാക്കിയിട്ട് കുടിക്കുന്നത് വയറുവീർപ്പിനു ഗ്യാസു മൂലമുള്ള അസ്വസ്ഥതകൾക്കും നല്ലതാണ്. ഉലുവയിട്ട വെള്ളം ദേഹം തണുക്കാനും നല്ലതാണ്.

11. പുതുമഴ നനഞ്ഞാൽ ചർമ രോഗങ്ങൾ മാറുമോ?
പുതുമഴ നനയേണ്ട എന്നു തന്നെയാണ് വിദഗ്ധാഭിപ്രായം. കാരണമുണ്ട്, അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയിരുന്ന പൊടിയും രാസാവശിഷ്ടങ്ങളുമെല്ലാം കഴുകിയൊഴുക്കി വരുന്ന മഴയാണ് സീസണിലെ ആദ്യമഴ. മാലിന്യത്തിൽ മുങ്ങിയ ഈ മഴ കൊണ്ടാൽ ചർമരോഗങ്ങൾ മാറ‍ാനല്ല ഉണ്ടാകാനാണ് സാധ്യത. എന്നാൽ തുടർച്ചയായി മഴ പെയ്യുന്ന സീസണിൽ മഴയിൽ കുളിക്കാം.

12. കുടിവെള്ളം ശുദ്ധിയാക്കാൻ വീട്ടിൽ ചെയ്യ‍േണ്ടത്?
കൃത്യമായ ഇടവേളകളിൽ കൂടി വെള്ള സ്രോതസ്സുകൾ വൃത്തിയാക്കുകയും അവയിലെ ജലം ശുദ്ധീകരിക്കുകയും വേണം. കിണറ്റിലെ വെള്ളം ശുദ്ധികരിക്കാൻ‍ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. 1000 ലീറ്റർ വെള്ളത്തിന് 2.5 ഗ്രാം എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്. ഇതു നേരിട്ട് കിണറ്റിലേക്കിടരുത്. ഒരു ചെറിയ ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ പൗഡർ കലക്കി തെളിയാൻ വയ്ക്കുക. തെളി ഊറ്റിയെടുത്ത് തൊട്ടിയിലൊഴിച്ച് കിണറ്റിലെ വെള്ളത്തിലേക്കിറക്കി തൊട്ടി ശക്തിയായി കുലുക്കുക. ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം മൂന്നു നാലു മണിക്കൂറു കഴിഞ്ഞ് ഉപയോഗിക്കാം. വെ‍ള്ളം കലങ്ങിയതാണെങ്കിൽ മുര‍ിങ്ങക്കായുടെ ഉള്ളിലെ കുരു ഉണക്കിപ്പൊടിച്ച് പൊടിയോ അരച്ചതോ വെള്ളത്തിൽ കലക്കി വയ്ക്കുക. മാലിന്യങ്ങൾ അടിയിൽ അടിയും.

13. മൃഗങ്ങളെ പരിപിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
മൃഗങ്ങളുടെ വായ പരിശോധിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും മുറിവുകൾ ഡ്രസ്സ് ചെയ്യുമ്പോഴും കൈയുറകൾ ധരിക്കാൻ മറക്കരുത്. മൃഗങ്ങളുടെ കടിയേറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റുനേരം മുറിവു കഴുകണം. ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടുകയും വേണം. വ‍ീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ പേ വിഷബാധ തടയാനും മറ്റും പ്രത‍‍ിരോധകുത്തിവയ്പുകളെടുക്കണം. സാധാരണ വിര മരുന്നുകൾ നൽകുന്നതോടൊപ്പം പട്ടികളിൽ നിന്നും മനുഷ്യരിലേക്കു കൊതുകുവഴി പകരുന്ന ഡോഗ് ഹാർട്ട് വേം പോലുള്ളവ തടയാൻ പ്രത്യേക വിരമരുന്നുകളും നൽകണം. അലർജി പ്രശ്നമുള്ളവർ ഒാമനകളെ ലാളിക്കുന്നതും വീട്ടിൽ പാർപ്പിക്കുന്നതും ഒഴിവാക്കണം.

14. സിഎഫ്എൽ ലൈറ്റ് കണ്ണിനു ദോഷമാണോ?
ഇത്തരത്തിൽ പഠനങ്ങൾ വന്നിരുന്നു. പക്ഷേ, സി എഫ് എൽ ലൈറ്റ് ഉപയോഗിക്കുന്നതു കൊണ്ട് കണ്ണിന് എന്തു സംഭവിക്കുമെന്നോ, അത് എത്രത്തോളം തീവ്രമെ‌ന്നോ ഉറപ്പിച്ചു പറയുന്ന പഠനങ്ങളില്ല. എന്നാൽ ഉയർന്ന പവറുള്ളതോ എക്സ്ട്ര‍ാ ഹാലജൻ ആയതോ ആയ പ്രകാശം പതിവായി കണ്ണിലടിക്കുന്നത് നല്ലതല്ല. അതുകൊണ്ടു തന്നെ രാത്രി പതിവായി വണ്ടിയോടിക്കുന്നവർ ഇതുതടയുന്ന കണ്ണട ധരിക്കുന്നതു നല്ലതാണ്. കടുത്തപ്രകാശം പോലെ അരണ്ടവെളിച്ചവും കണ്ണിന് ആയാസകരമാണ്.
 

Your Rating: