Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിനു മുൻപ് ഈ പരിശോധനകൾ

marriage Representative Image. Courtesy: Vanitha Magazine

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. എന്നാൽ എന്റെ അച്ഛനും അമ്മയും അമ്മായിഅമ്മയും ആസ്മരോഗികളാണ്. മാനസികവൈകല്യങ്ങൾ ഉള്ളവരും താലസീമിയ ഉള്ളവരും കുടുംബത്തിലുണ്ട്. ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചാൽ അത് ആരോഗ്യമുള്ള കുട്ടിയായിരിക്കുമോ? ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാൻ പരിശോധനകളുണ്ടെന്നു കേട്ടു ശരിയാണോ?

വിവാഹത്തിനു മുമ്പ് മെഡിക്കൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാൻ ഈ കത്തിനേക്കാളും മികച്ച ഉദാഹരണം വേറെയില്ല. നമ്മുടെ നാട്ടിൽ വിവാഹങ്ങൾ നടക്കുന്നതു മതം, ജാതി, സംസ്കാരം, പാരമ്പര്യം, ഗ്രഹനില സാമ്പത്തികസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ്. ആരോഗ്യപൂർണവും കുറ്റമറ്റതുമായ ഒരു വിവാഹം, വധുവരന്മാരുടെ വിവാഹപൂർവമെഡിക്കൽ പരിശോധന കൂടാതെ അപൂർണമായിരിക്കും

ലൈംഗികതയും ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോഗ്യസംബന്ധിയായ പല പ്രശ്നങ്ങളും വിവാഹാനന്തരം ഉടലെടുക്കാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങൾ ദമ്പതികളുടെ സ്വരചേർച്ചയില്ലായ്മ, ഇരുകുടുംബങ്ങൾ തമ്മിലുള്ള യോജിപ്പിലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ,വ്യക്തിപരവും കുടുംബപരവുമായ വ്യഥകൾ എന്നിവയിലേക്കും വഴിതെളിക്കും. ഭൂരിപക്ഷം ദമ്പതികളുടെയും വിവാഹ മോചനത്തിനു ഹേതു ശാരീരിക പൊരുത്തക്കേടും ലൈംഗീകപൊരുത്തക്കേടും പ്രജനനത്തിനു കഴിവില്ലായ്മയും പങ്കാളികളുടെ വൈകാരികവും ശാരീരികവുമായ പൊരുത്തമില്ലായ്മകൊണ്ടു സംഭവിക്കുന്ന പ്രശ്നങ്ങളാണ്. യുവ മിഥുനങ്ങൾ വിവാഹപൂർവമെഡിക്കൽ പരിശോധനകൾക്കും വിവാഹപൂർവകൗൺസലിങ്ങിനും ലൈംഗീക വിദ്യാഭ്യാസത്തിനും വിധേയമായാൽ വിവാഹമോചനങ്ങളിൽ നല്ല പങ്കും ഒഴിവാക്കാം

എന്തിനാണ് മെഡിക്കൽ ചെക്കപ്പുകൾ

വിവാഹത്തിനും ലൈംഗികജീവിതത്തിനുമുള്ള ശാരീരികകഴിവുകളും, ലൈംഗിക— പ്രത്യുൽപാദന കഴിവുകളും ജനിതകമായി സന്തതികളിലേക്കു പകരാനിടയുള്ള രോഗങ്ങളും കണ്ടു പിടിക്കുകയാണ് ഈ മെഡിക്കൽചെക്കപ്പുകൾ കൊണ്ടുലക്ഷ്യമാക്കുന്നത്.

ഈ പരിശോധനകളെ രണ്ടായി തിരിക്കാം. ആദ്യത്തേത് ഒരു സമ്പൂർണ ശാരീരിക ടെസ്റ്റും General health check up) സാധാരണ ലാബറട്ടറി പരിശോധനകളുമാണ്. പങ്കാളികളുടെ പ്രമേഹം, ഉയർന്നരക്തസമ്മർദം, ഹൃദയ— ശ്വാസകോശരോഗങ്ങൾ , മൂത്രാശയരോഗങ്ങൾ, ലൈംഗികകഴിവില്ലായ്മയിലേക്കും വന്ധ്യത ഉൾപ്പെടെയുള്ള ഉൽപാദനത്തകരാറുകളിലേക്കും നയികുന്ന ശാരീരിക കഴിവില്ലായ്മകൾ ഇവയെക്കുറിച്ച് അറിയാനുള്ളതാണ് ഈ ടെസ്റ്റുകൾ പങ്കാളികളുടെ വിശദമായ ലൈംഗികചരിത്രവും ഈയവസരത്തിൽ ലഭിക്കുന്നതാണ്. പുരുഷന്മാരിൽ , അവരുടെ ലൈംഗികോദ്ധാരണശേഷി പരിശോധിക്കപ്പെടുന്നു. സ്ത്രീകളിൽ ആന്തരികലൈംഗികാവയവങ്ങളുടെയും സ്തനങ്ങളുടെയും പരിശോധന നടത്താം . ആർത്തവത്തിലെ ക്രമവും ക്രമക്കേടും പരിശോധിക്കപ്പെടുന്നു. കുടുംബത്തിലെ മനോജന്യരോഗങ്ങളുടെ ചരിത്രവും അന്വേഷിക്കുന്നത്.

രണ്ടാമത്തെ ഗ്രൂപ്പിൽ പെട്ടതു ചില ലാബറട്ടറി പരിശോധനകളാണ്. ഇവ എച്ച് എവെി അണുബാധ, എച്ച്പിവി അണുബാധ, സി ഫിലിസ്, ഹെപ്പെറ്റൈറ്റിസ് ബി പോലുള്ള പകരുന്ന അസുഖങ്ങൾ കണ്ടെത്താൻ സഹായിക്കും. ആർഎച്ച് ഘടക പരിശോധനയും രക്തഗ്രൂപ്പിങും നടത്തണം. താലസീമിയ, ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ പോലുള്ള പാരമ്പര്യമായി പകർന്നുകിട്ടാവുന്ന രോഗാവസ്ഥകളെ കണ്ടെത്താനുള്ള സ്ക്രീനിങ്ങുകളും ഈ ഗ്രൂപ്പിൽ പെടും.

പുരുഷന്മാരിൽ, ഈ ഘട്ടത്തിൽ ശുക്ലപരിശോധന (സെമൻ അനാലിസിസ്) നടത്തണം. ശുക്ലത്തിൽ എന്തെങ്കിലും അസ്വാഭാവികഘടകങ്ങൾ ഉണ്ടോ എന്ന് ഈ പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയും. സ്ത്രീകളിൽ ഗർഭപാത്രത്തിന്റെയും അണ്ഡത്തിന്റെയും അസാധാരണതകളോ രോഗങ്ങളോ സന്താനോൽപാദനത്തെ തടസ്സപ്പെടുത്തുന്നതായുണ്ടോ എന്നറിയാനുള്ള അൾട്രാസൗണ്ട് പരിശോധനയാണു നടത്തേണ്ടത്. ഈ ടെസ്റ്റ് അണ്ഡോൽപാദനത്തെക്കുറിച്ചു ശരിയായി അറിയുന്നതിനാണ്

ആർഎച്ച് ഘടകം വ്യത്യസ്തമായാൽ

രക്തത്തിലെ ആർഎച്ച് ഘടകം നിർണായകമായ ഒന്നാണ്. നമ്മളിൽ ബഹുഭൂരിപക്ഷം പേരും എർ എച്ച് പോസിറ്റീവും 15 ശതമാനത്തോളം പേർ എർഎച്ച് നെഗറ്റീവുമാണ്. ദമ്പതികളിൽ ഒരാൾ ആർഎച്ച് പോസിറ്റീവും മറ്റേയാൾ ആർ എച്ച് നെഗറ്റീവുമാണെങ്കിൽ നവജാതശിശുവിന് ചില പ്രശ്നങ്ങളുണ്ടായേക്കാം. ഇതിന് ആർഎച്ച് ഇൻകോബാറ്റിബിൾ പ്രെഗ്നൻസി എന്നു പറയും. മാത്രമല്ല ഇവരുടെ രണ്ടാമതോ മൂന്നാമതോ ഉണ്ടാകുന്ന കുട്ടി ഗർഭപാത്രത്തിൽ വച്ചോ ജനിച്ചയുടനെയോ മരണപ്പെടാം. ഇതിനെ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ് എന്നു പറയും. പരിശോധന നടത്തിയാൽ ആർ എച്ച് ഘടകത്തിലെ വ്യത്യാസങ്ങൾ നേരത്തേ കണ്ടെത്താനും ഗർഭസമയത്ത് വേണ്ട മുൻകരുതലുകൾ എടുക്കാനും സാധിക്കും.

അടുത്തബന്ധുക്കൾ തമ്മിലുള്ള വിവാഹം

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തിൽ ജനിതകവൈകല്യങ്ങളോ ജന്മനാലുള്ള തകരാറുകളോ ഉണ്ടാകാനിടയാക്കാം. പ്രത്യേകിച്ചും ഭാര്യയുടെയോ ഭർത്താവിന്റയോ കുടുംബത്തിലുള്ളവരിൽ ആർക്കെങ്കിലും എന്തെങ്കിലും അസുഖങ്ങളോ പാരമ്പര്യരോഗങ്ങളോ ഉണ്ടെങ്കിൽ അവർക്കുണ്ടാകുന്ന കുഞ്ഞിനും ഈ രോഗങ്ങളെല്ലാം പകർന്നുകിട്ടാം. പ്രസവത്തിനു വൈഷമ്യം, കുഞ്ഞിനു ബുദ്ധിമാന്ദ്യം എന്നിവയും അപൂർവമായി വരാം, താലസീമിയ, സിക്കിൾസൈൽ അനീമിയ പോലുള്ള പാരമ്പര്യരോഗങ്ങൾ, വിഷാദം പോലുള്ള ചില മനോജന്യരോഗങ്ങൾ, അപസ്മാരം, ആസ്മ, പാരമ്പര്യമായുള്ള പ്രമേഹം എന്നിവ കുടുംബപരമായി പകർന്നുകിട്ടാവുന്ന രോഗങ്ങൾക്ക് ഉദാഹരണമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം രോഗങ്ങൾ ഉണ്ടെങ്കിൽ വിവാഹത്തിനു മുമ്പേ വിദഗ്ധപരിശോധനയ്ക്ക് വിധേയരാകണം. കുടുംബചരിത്രവും ചില പരിശോധനാ ഫലങ്ങളും വിശകലനം ചെയ്ത് ഭാവിതലമുറയിലേക്കു കൂടി ഈ രോഗം പകരാൻ സാധ്യതയുണ്ടോഎന്നു നേരത്തേ കണ്ടെത്താനാകും. രോഗസാധ്യത ഉണ്ടെന്നു കണ്ടെത്തിയാൽ ജനിതക കൗൺസലിങിനു വിധേയരായി ഭാവിയിൽ എടുക്കേണ്ട മുൻകരുതലുകൾ മനസ്സിലാക്കണം.

എവിടെ ടെസ്റ്റ് നടത്താം?

പുരുഷൻമാർക്ക് ഈ ടെസ്റ്റുകൾ നടത്തേണ്ടത് ലൈംഗികരോഗവിദഗ്ധനോ, യുറോളജിസ്റ്റോ അതുമല്ലെങ്കിൽ ലൈംഗികമരുന്നുകളെക്കുറിച്ചു വ്യക്തമായ അറിവുള്ള സാധാരണ ഡോക്ടർമാരോ ആണ്. സ്ത്രീലൈംഗികതയിൽ ട്രെയിനിങും പ്രാവീണ്യവുമുള്ള ഒരു ഗൈനക്കോളജിസ്റ്റിന്,സ്ത്രീകൾക്കു വേണ്ടി ഈ ടെസ്റ്റുകൾ നടത്താൻ കഴിയും. വിവാഹപൂർവ കൗൺസിലിങ്ങിലും ലൈംഗികവിദ്യാഭ്യാസത്തിലും ട്രെയിനിങ്ങും പ്രാവീണ്യവും നേടിയിട്ടുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനും മനഃശാസ്ത്ര —ലൈംഗിക, വിവാഹകൗൺസിലിങ്, ലൈംഗികവിദ്യാഭ്യാസം എന്നിവയിൽ യുവാക്കൾക്ക് ബോധവർക്കരണം നല്കുന്നതിനു കഴിയും.

മനഃശാസ്ത്ര —ലൈംഗിക കൗൺസലിങ്

ലൈംഗിക വിദ്യാഭ്യാസത്തിലും കൗൺസിലിങ്ങിലും പ്രാവീണ്യം നേടിയിട്ടുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ഈ ടെസ്റ്റ് നടത്തേണ്ടത്. സ്ത്രീ—പുരുഷലൈംഗികതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവർക്കുണ്ടായിരിക്കണം. കുടുംബാസൂത്രണവും ഗർഭനിരോധനമാർഗങ്ങളും ലൈംഗികവിദ്യാഭ്യാസത്തിലുൾപ്പെടുത്തണം.

വിവാഹപൂർവ മനഃശാസ്ത്ര— ലൈംഗികകൗൺസലിങ്ങിൽ ലൈംഗികബന്ധത്തെക്കുറിച്ചുള്ള ഭയപ്പാട്, വിശ്വാസങ്ങൾ ,സ്വഭാവസവിശേഷതകൾ, ആചാരങ്ങൾ, മതപരമായ ചടങ്ങുകൾ എന്നിവയെല്ലാം വിശകലനം ചെയ്യണം. ലൈംഗിക— ആർത്തവശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയണം. കുടുംബാസൂത്രണത്തെക്കുറിച്ചും ഗർഭനിരോധനമാർഗങ്ങളേക്കുറിച്ചുമുള്ള ശാസ്ത്രീയ അറിവും നൽകണം. പരിശുദ്ധമായ വൈവാഹികബന്ധത്തെ ആത്മവിശ്വാസത്തോടും സ്നേഹത്തോടും മമ്മതയോടും പൂർണതയോടും കൂടി നേരിടാൻ ശരിയായി ആസൂത്രണം ചെയ്ത വിവാഹപൂർവമെഡിക്കൽ പരിശോധനകൾ സഹായിക്കും

രോഗം മറച്ചുവയ്ക്കരുത്

ചില രോഗങ്ങൾ (ഉദാ അപസ്മാരം, വിഷാദം)മാറാനുള്ള മരുന്നായി പലരും വിവാഹത്തെ കാണാറുണ്ട്. ഇത് തികച്ചും തെറ്റാണ്. വിവാഹം കഴിച്ചതുകൊണ്ട് ഏതെങ്കിലും രോഗം മാറില്ലെന്നു മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന കുട്ടികളിലേക്കു കൂടി രോഗം പകരാൻ സാധ്യതയുണ്ട്. ദമ്പതികളിൽ ആർക്കെങ്കിലും ഒരാൾക്കു മാത്രമേ രോഗമുള്ളുവെങ്കിലും കുട്ടിക്കു രോഗം പകർന്നുകിട്ടാം. അതുകൊണ്ട് കുടുംബപരമായി എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ വിവാഹത്തിനു മുമ്പേ തുറന്നു പറയേണ്ടതും പരിശോധന നടത്തേണ്ടതുമാണ്. സൗദി അറേബ്യേ ഉൾപ്പെടെയുള്ള ചില നാടുകളിൽ വിവാഹപൂർവ മെഡിക്കൽ പരിശോധനകൾ നിർബന്ധിതമാക്കിയിട്ടുണ്ട്. രാജസ്ഥാനിൽ വിവാഹപൂർവ എച്ച് എവെി പരിശോധന നിർബന്ധിതമാക്കിയിരുന്നു

ഡോ. (കേണൽ).കെ. രവീന്ദ്രൻ നായർ

സീനിയർ കൺസൽട്ടന്റ്

ആൻഡ്രോളജിസ്റ്റ് യൂറോളജിസ്റ്റ്

ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി