Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണം വയ്ക്കുമോ; ആറാം മാസത്തിലറിയാം

babies Representative Image

ഭാവിയിൽ ഒരാൾ പൊണ്ണത്തടിയനായിത്തീരുമോ എന്നത് അയാളുടെ കുട്ടിക്കാലത്തു തന്നെ മുൻകൂട്ടി അറിയാനാകുമെന്ന് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകർ. കുഞ്ഞിന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴുള്ള ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കണക്കുകൂട്ടിയാണ് ഈ പ്രവചനം നടത്താനാകുക. ആറാം മാസത്തിൽ മാത്രമല്ല, 12 മാസം, 18 മാസം പ്രായമുള്ളപ്പോഴുള്ള ബിഎംഐയും അമിതവണ്ണം മുൻകൂട്ടിയറിയുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്.

എണ്‍പത്തിയഞ്ച് ശതമാനത്തിൽ കൂടുതലാണ് ബിഎംഐ എങ്കിൽ ഈ പ്രവചനം ശരിയായിരിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. അതുകൊണ്ട് ഇത്തരം കുട്ടികൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമിതവണ്ണത്തിന്റെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭക്ഷണക്രമത്തിൽ മിതത്വം പാലിക്കണമെന്നും വാഷിങ്ടണിലെ ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.

മെലിഞ്ഞതും വണ്ണമുള്ളതുമായ കുഞ്ഞുങ്ങളെ പ്രത്യേകം നിരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടായിരുന്നു പഠനം. എഴുന്നൂറോളം മെലിഞ്ഞ കുഞ്ഞുങ്ങളും നാനൂറോളം അമിതവണ്ണമുള്ള കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ആറുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് മുഖ്യമായും കേന്ദ്രീകരിച്ചത്. ഈ കുഞ്ഞുങ്ങൾക്ക് ആറാം മാസത്തിലും പന്ത്രണ്ടാം മാസത്തിലും പതിനെട്ടാംമാസത്തിലുമുള്ള ബിഎംഐ പരിശോധിച്ചു. ഈ പ്രായത്തിൽ തന്നെ അമിതവണ്ണം രേഖപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ശരീരഭാരം വർധിക്കുന്നതായി പഠനത്തിൽ നിന്നു വ്യക്തമായി.

സാധാരണ രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ബിഎംഐ കണക്കാക്കുന്ന പതിവില്ലെങ്കിലും ഭാവിയിൽ അമിതവണ്ണത്തിന്റെ സാധ്യത മുൻകൂട്ടിയറിയാൻ വേണ്ടിയാണ് ഈ പഠനം നടത്തിയതെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

Your Rating: