Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി എംഎൽഎമാർ ആരും ഡെസ്കിനു മുകളിൽ ചാടിക്കയറില്ല

yoga-mla എംഎൽഎമാർക്കായുള്ള യോഗാ ക്ലാസിൽ ടി.വി. രാജേഷ്, പ്രതിഭാ ഹരി, സി.കെ. ആശ, സണ്ണി ജോസഫ്, പി. അയിഷാ പോറ്റി എന്നിവർ

സഭ പ്രക്ഷുബ്ധമാകുമ്പോൾ ഇനി എംഎൽഎമാർ ആരും ഡെസ്കിനു മുകളിൽ ചാടിക്കയറില്ല. മണ്ഡലത്തിലെ പ്രശ്നങ്ങൾ ഓർത്തു തല പുകയ്ക്കുകയുമില്ല. ദിവസത്തിന്റെ മുക്കാൽ ഭാഗവും സഭയിലും മണ്ഡലത്തിലുമായി സമയം ചെലവഴിക്കുന്നതു കാരണമുള്ള മാനസിക സമ്മർദം കുറയ്ക്കുന്നതിനു സ്പീക്കറുടെ ഓഫിസ് ഇടപെട്ട് അംഗങ്ങൾക്കായി യോഗാ പരിശീലനം ഏർപ്പാടാക്കി. എന്നാൽ പരിശീലനത്തിൽ പങ്കെടുക്കാൻ സാമാജികർ ഉത്സാഹം കാട്ടുന്നില്ലെന്നു സ്പീക്കർക്കു പരാതിയുണ്ട്.

141 എംഎൽഎമാരുള്ളതിൽ ആദ്യ ദിവസമായ ഇന്നലെ പങ്കെടുത്തതു വനിതകൾ ഉൾപ്പെടെ 17 പേർ മാത്രം. നിയമസഭാ മ്യൂസിയത്തിനു മുന്നിലെ തുറന്ന ഗ്രൗണ്ടിൽ പുലർച്ചെ 5.45 മുതൽ 6.45 വരെയാണു യോഗാ പരിശീലനം. യോഗാ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി പരിശീലനം നേടിയ വിദഗ്ധ അധ്യാപകരാണ് സാമാജികർക്കായി പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന യോഗാ ക്ലാസ് സംഘടിപ്പിക്കുന്നത്. യോഗാ അസോസിയേഷൻ പ്രസിഡന്റ് ബി.ബാലചന്ദ്രനിൽനിന്ന് യൂണിഫോം കിറ്റ് ഏറ്റുവാങ്ങി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ഐഷാ പോറ്റി, പ്രതിഭാ ഹരി, സി.കെ.ആശ എന്നിവരായിരുന്നു ഇന്നലെ പരിശീലന പരിപാടിയിലെ വനിതാ പ്രാതിനിധ്യം. ഇനിയും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ സന്നദ്ധമാണെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പങ്കെടുക്കുന്ന വിവരം നേരത്തേ അറിയിക്കണം. എന്നാൽ മാത്രമേ മാറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുകയുള്ളൂ.  സാമാജികരുടെ മാനസികോല്ലാസത്തിനായി വ്യത്യസ്തമായ പരിപാടികളാണു നടത്തുന്നത്. മ്യൂസിക് തെറപ്പി കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. 14നു പുസ്തക ചർച്ചയും ഗാനമേളയും നടത്തുന്നുണ്ട്.

Read More : Health and Yoga

Your Rating: