Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവതിനും ഗുണം ചെയ്യും ഒരു യോഗാസനം

sarvangasana

ഒരമ്മ കുടുംബത്തിലെ ശാന്തിക്കും സമാധാനത്തിനും കാരണമാകുന്നതുപോലെ സർവാംഗാസനം മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സർവാംഗാസനം എന്നു പേരു വന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന പല രോഗങ്ങൾക്കും മറുമരുന്നാണ് സർവാംഗാസനം. അരമണിക്കൂർ ധ്യാനിക്കുമ്പോൾ മസ്തിഷ്കത്തിലുണ്ടാകുന്ന തരംഗമാറ്റം (ശാന്തത) അഞ്ച് മിനിറ്റ് സർവാംഗാസനത്തിൽ ലഭിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ത്രിമൂർത്തികളിൽ (ശീർഷാസനം, സർവാംഗാസനം, പശ്ചിമോത്ഥനാസനം) ഒന്നായ സർവാംഗാസനം ശരീരത്തെ പരിപൂർണ ആരോഗ്യത്തിലെത്തിക്കുന്നു. കഴുത്തുവേദന, നട്ടെല്ലു സംബന്ധമായ അസുഖങ്ങൾ, വാതം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ യോഗാചാര്യന്റെ നിർദേശപ്രകാരം സർവാംഗാസനം ചെയ്യുക.

സർവാംഗാസനം ഇങ്ങനെ ചെയ്യാം

1. മലർന്നു കിടക്കുക. കൈകൾ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക.

2. ശ്വാസമെടുത്തു കൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയർത്തുക.

3. കാലുകൾക്കൊപ്പം അരക്കെട്ടും ഉയർത്തുക. തോളുകൾ വരെ ഉയർത്തുക. തലയുടെയും കഴുത്തിന്റെയും പിൻഭാഗവും തോൾഭാഗവും നിലത്തു പതിഞ്ഞിരിക്കണം.

4. പുറംഭാഗത്ത് രണ്ടു കൈകൾ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയിൽ ദീർഘമായി ശ്വാസമെടുക്കുക. ശരീരം ആടരുത്. ആസനം കഴിയുമ്പോൾ കാലുകൾ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരണം.

യോഗ ശീലമാക്കിയവർ സർവാംഗാസനത്തിൽ നിന്ന് നേരിട്ട് ഹലാസനത്തിലേക്കും പിന്നീട് ഹലാസനത്തിന്റെ വിപരീത ആസനമായ സേതുബന്ധാസനവും അവസാനം മത്സ്യാസനവും ചെയ്യുന്നുണ്ട്. തുടക്കക്കാർക്ക് സർവാംഗാസനം കഴിഞ്ഞ് നേരിട്ട് മത്സ്യാസനം ചെയ്യാം.

ശരീരവളർച്ചയ്ക്കും ഹൃദയത്തിനും

സർവാംഗാസനം ശീലിച്ചാൽ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ശക്തിപ്പെടുന്നു. തൈറോയ്ഡിലേക്ക് കൂടുതൽ രക്തപ്രവാഹമുണ്ടാവുകയും അതിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഈ ആസനം ശരീരവളർച്ചയ്ക്ക് സഹായിക്കുന്നു. ഹൃദയത്തിന് ഏറ്റവും നല്ല ആസനമാണ്. സർവാംഗാസനത്തിൽ നിൽക്കുമ്പോൾ താടി നെഞ്ചോടമരുന്നതു കാരണം ഹൃദയപ്രവർത്തനം ക്രമീകരിക്കപ്പെടുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി മനസ് ശാന്തമാകുന്നു. ശരീരഭാരം നിയന്ത്രിതമാകുന്നു. ഹൃദയമിടിപ്പ്, ഹൃദയം ചുരുങ്ങുക എന്നിവ നിയന്ത്രിക്കുന്നു. യുവത്വം നിലനിർത്തുന്നതിനും മുഖസൗന്ദര്യം വർധിക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.

സർവാംഗാസനം ദഹനസംബന്ധവും വായുസംബന്ധവുമായ എല്ലാ അസുഖങ്ങൾഡക്കും പ്രതിവിധിയാണ്. മലബന്ധം ഇല്ലാതാക്കാനും ശ്വാസസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും ഈ ആസനം നല്ലതാണ്. ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ പുറംതള്ളപ്പെടുന്നു. കണ്ഠസംബന്ധമായ സകലരോഗങ്ങളെയും പ്രതിരോധിക്കാൻ സർവാംഗാസനം ചെയ്യാവുന്നതാണ്. സർവാംഗാസനം രക്തത്തെ പുനഃചംക്രമണം ചെയ്യിക്കുന്നതിനാൽ കാലിലെ ഞരമ്പ് സംബന്ധമായ രോഗങ്ങൾക്ക് (വെരിക്കോസ് വെയിൻ) സിദ്ധൗഷധമാണ്.

അപസ്മാര രോഗിക്ക് നല്ലത്

സർവാംഗാസനം പാരാതൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും അതിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. രക്തത്തിലെയും കോശങ്ങളിലെയും കാത്സ്യത്തിന്റെ തോത് നിലനിർത്തുന്നു. വൃക്കരോഗങ്ങൾ, എല്ലുരോഗങ്ങൾ, പേശീദൗർബല്യം, വഴക്കമില്ലായ്മ, പേശീവേദന, ഞരമ്പ് വലി തുടങ്ങിയ രോഗങ്ങൾക്ക് ഈ ആസനം പ്രതിവിധിയാണ്. സർവാംഗാസനം നിരന്തരമായി അഭ്യസിക്കുന്നവർക്ക് ജലദോഷവും മൂക്ക് സംബന്ധമായ രോഗങ്ങളും വരില്ല. മൂത്രസംബന്ധമായ രോഗങ്ങൾ, ആർത്തവ തകരാറുകൾ, രക്തക്കുറവ്, പൈൽസ്, ഹെർണിയ തുടങ്ങിയ രോഗങ്ങൾക്ക് സർവാംഗാസനം പരിഹാരമായി നിർദേശിക്കപ്പെടുന്നുണ്ട്. അപസ്മാര രോഗികളിലും ഗുണം ചെയ്യും.

മാനസിക നേട്ടങ്ങൾ

നിത്യേന സർവാംഗാസനം ചെയ്യുന്നവർക്ക് ശക്തിയും സന്തോഷവും ആത്മവിശ്വാസവും വർധിക്കുന്നു. മനസ് ശാന്തവും നിശബ്ദവുമാകുന്നു. അലസത മാറി ഊർജസ്വലത വർധിക്കുന്നു. സ്വാതന്ത്യ്രവും ആത്മനിയന്ത്രണവും ഏതു പരിതസ്ഥിതിയിലും ആരുമായും ഇടപഴകാനുള്ള ശക്തിയും വർധിക്കുന്നു. വിഷാദവും ഉറക്കമില്ലായ്മയും ഇല്ലാതാക്കാനും ഈ ആസനം സഹായിക്കും.

എം. സുരേന്ദ്രനാഥ്

ഡയറക്ടർ, ശിവാനന്ദ ഇന്റർനാഷനൽ സ്കൂൾ ഓഫ് യോഗ