Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ കുറയ്ക്കാം യോഗയിലൂടെ

cholesterol-yoga

കൊളസ്ട്രോൾ നിയന്ത്രണത്തിനു ധാരാളം യോഗാസനങ്ങൾ സഹായിക്കുന്നുണ്ട്. അർധചക്രാസനം, വീരഭദ്രാസനം, സൂര്യനമസ്കാരം, ഏകപാദ ഉഥാനാസനം, ദ്വിപാദഉഥാസനം, പവനമുക്താസനം, ഭുജംഗാസനം, ശലഭാസനം, ധനുരാസനം, പശ്ചിമോഥാസനം, വിപരീതകരണി, അർധമത്സ്യേന്ദ്രാസനം, കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം, ശവാസനം എന്നിവ പ്രധാനം.

ഭുജംഗാസനം, ധനുരാസനം, ശലഭാസനം തുടങ്ങിയ ആസനപരിശീലനത്തിലൂടെ പുറംപേശികൾക്ക് നല്ല സങ്കോചവികാസം ലഭിക്കുന്നു. വയറിനുള്ളിലെ അവയവങ്ങൾക്കു നല്ല മസ്സാജിങ് കിട്ടുന്നു. കരൾ, ആമാശയം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാകുന്നു. ഇതു കൊളസ്ട്രോൾ നിയന്ത്രണത്തിനു സഹായകമാകുന്നു. കപാലഭാതി, നാഡീശുദ്ധി, പ്രാണായാമം എന്നിവ മനസ്സിനെ വളരെ ശാന്തമാക്കുന്നു. ശവാസന പരിശീലനം ശരീരത്തിനും മനസ്സിനും പൂർണ വിശ്രമം നൽകുന്നു. മാനസികസംഘർഷം ഇതു വഴി ലഘൂകരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യുന്ന ആസനങ്ങൾ വിശദമായി അറിയാം.

1. അർധചക്രാസനം

കാലുകൾ അല്പം അകലത്തിൽ വച്ചു നിവർന്നു നിൽക്കുക. കൈവിരലുകൾ താഴോട്ടാക്കി അരക്കെട്ടിന്റെ പിൻഭാഗത്തു വയ്ക്കുക. ശ്വാസം എടുത്തു പിന്നിലേക്കു വളയുക. ശ്വാസം വിട്ടു കൊണ്ടു മുന്നോട്ടു വളയുക. നേരേ മുൻവശത്തേക്കു നോക്കുക. അരക്കെട്ട് നല്ലതുപോലെ മടക്കുക. അഞ്ചു തവണ ആവർത്തിക്കുക.

2. വീരഭദ്രാസനം

കാലുകൾ നല്ലപോലെ അകലത്തിൽ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകൾ സമാന്തരമായി ഉയർത്തുക. ശ്വാസം വിട്ടു കൊണ്ടു വലതുവശത്തേക്കു തിരിഞ്ഞു കൈകൾ ചേർത്തു മുകളിലേക്ക് ഉയർത്തുക. വലതു കാൽമുട്ടു മടക്കണം. ശ്വാസം എടുത്ത് ആദ്യത്തെ അവസ്ഥയിലേക്കു വരിക. ഇടതു വശത്തേക്കും ഇതേപോലെ പരിശീലിക്കുക. അഞ്ചു തവണ.

3. പാർശ്വത്രികോണാസനം

കാലുകൾ അകലത്തിൽ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകൾ ഭൂമിക്കു സമാന്തരമായി ഉയർത്തുക. ശ്വാസം വിട്ടുകൊണ്ടു വലത്തേക്കു ചരിഞ്ഞ് വലതുകൈ താഴ്ത്തുക. കൈ തറയിലോ പാദത്തിലോ പതിക്കുക. ഇടതുകൈ ഇടതുചെവി തൊടുവിച്ചു നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. ഇടതുവശത്തേക്കും ഇതേപോലെ ചെയ്യുക. അഞ്ചു തവണ.

4. പശ്ചിമോത്ഥാനാസനം

മലർന്നു കിടന്നു കാലുകൾ ചേർത്തു വച്ചു കൈകൾ ശരീരത്തിന്റെ ഇരുഭാഗത്തും താഴ്ത്തി കമഴ്ത്തിവയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകൾ ഉയർത്തി തലയുടെ പിൻഭാഗത്തു തറയിൽ പതിക്കുക. ശ്വാസംവിട്ടുകൊണ്ടു തലയും കൈകളും ഉയർത്തി കാൽമുട്ടിനടുത്ത് പതിച്ചു വിരലുകളിൽ പിടിക്കുക. ശ്വാസം എടുത്തു കയ്യും തലയും ഉയർത്തി കിടക്കുക. കൈ തലയുടെ പിൻഭാഗത്തേക്കു നീട്ടിവയ്ക്കുക. ശ്വാസംവിട്ട് കൈ താഴ്ത്തി ആദ്യത്തെ അവസ്ഥയിൽ സ്ഥിതി ചെയ്യുക. നാലോ അഞ്ചോ തവണ പരിശീലിക്കുക.

5. അർധമത്സ്യേന്ദ്രാസനം

കാലുകൾ നീട്ടി ഇരിക്കുക. വലതു കാൽമുട്ടു മടക്കി ഇടതുതുടയുടെ താഴെ പതിക്കുക. ഇടതുകാൽ മുട്ടു മടക്കി കുത്തനെ വലതു കാൽമുട്ട് കവച്ചു വയ്ക്കുക. വലതുകൈ കക്ഷത്തിലേക്ക് ഇടതുകാൽമുട്ട് വച്ച് ഇടതുപാദത്തിൽ വയ്ക്കുക. ഇടതുകൈ പിന്നിൽ നിലത്തു പതിക്കുക. പറ്റുമെങ്കിൽ ഇടതുകൈ വലതുതുടയുടെ ആരംഭത്തിൽ പതിക്കുക. ഇടതുവശത്തിലൂടെ പിന്നോട്ടു തിരിഞ്ഞു നോക്കുക. സാധാരണ ശ്വാസഗതി. മറുഭാഗവും ചെയ്യുക. രണ്ടു തവണ.

6. ശലഭാസനം

കമഴ്ന്നു കിടക്കുക. കൈകൾ മലർത്തി തുടകളുടെ അടിയിൽ വയ്ക്കുക. ശ്വാസം എടുക്കുക. തുടർന്ന് കാൽ ഉയർത്തുക. താടി തറയിൽ പതിഞ്ഞിരിക്കണം. കാലുകൾ താഴ്ത്തുക. അതിനുശേഷം ശ്വാസം പുറത്തുവിടുക. നാലു തവണ പരിശീലിക്കുക. ഉയർന്ന രകതസമ്മർദം, ഹൃദ്രോഗം, നടുവേദന എന്നിവയുള്ളവർ ഓരോ കാൽ മാത്രം പരിശീലിക്കുക. ഓരോ കാൽ ഉയർത്തുന്നവർ കൈകൾ ശരീരത്തിനിരുഭാഗത്തും മലർത്തിവയ്ക്കുക. ശ്വാസം എടുത്ത് വലതുകാൽ ഉയർത്തുക. ശ്വാസം വിട്ടുകൊണ്ടു കാൽ താഴ്ത്തുക. ഇടതുകാലും പരിശീലിക്കുക. അഞ്ചു തവണ.

7. ശവാസനം (വിശ്രമം)

ശരീരത്തിനും മനസ്സിനും പൂർണവിശ്രമം കിട്ടുന്ന ശവാസനം പരിശീലിക്കാം. അഞ്ചോ പത്തോ മിനിറ്റ് ഇത് ചെയ്യണം. മലർന്നു കിടക്കുക. കണ്ണുകൾ അടച്ച് ഇരുകൈകളും അരക്കെട്ടിനിരുവശത്തുമായി തറയിൽ കൈപ്പത്തി മലർത്തി അയച്ചിടുക. കാലുകൾ ഒരടി അകലത്തിൽ വയ്ക്കുക. ശരീരത്തിന്റെ ഓരോ അവയവങ്ങളും കാൽവിരലുകൾ മുതൽ മുകളിലേക്ക് അയഞ്ഞുവരുന്നതായി സങ്കല്പിക്കുക. ശേഷം സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക. നല്ല വിശ്രമാവസ്ഥ ലഭിക്കുന്നതായി അറിയുക. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതില്ല. എഴുന്നേറ്റിരുന്നു സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.