Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദം അകറ്റാൻ യോഗ

yoga

ശ്വസനം അടിസ്ഥാനമാക്കിയുള്ള ഒരു ധ്യാനരീതി വിഷാദം അകറ്റാൻ സഹായിക്കുമെന്ന് പഠനം. ഗുരുതരമായ വിഷാദരോഗത്തിനു മരുന്നു കഴിക്കുന്ന രോഗികളിൽ ശ്വസനമാർഗമായ സുദർശനക്രിയാ യോഗ ഗുണപരമായ മാറ്റം പ്രകടമാക്കിയതായി ഗവേഷകർ.

സംഘമായോ അല്ലെങ്കിൽ വീട്ടിലിരുന്ന് ഒറ്റയ്ക്കോ ചെയ്യാവുന്ന ഒരു ധ്യാനമാർഗമാണിത്. താളനിബദ്ധമായ ഈ ശ്വസനവ്യായാമം ആഴത്തിലുള്ളതും വിശ്രാന്തവുമായ ഒരു ധ്യാനാവസ്ഥയിൽ നമ്മളെ എത്തിക്കും.

പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകനും ഇന്ത്യൻ വംശജനുമായ അനൂപ് ശർമയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. യോഗയും മറ്റ് ശ്വസനമാർഗങ്ങളുമെല്ലാം സ്ട്രെസ് ഹോർമോണുകളെ കുറച്ച് നാഡീവ്യവസ്ഥയെ നിയന്ത്രണവിധേയമാക്കുമെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

എട്ട് ആഴ്ചയിലധികമായി ആന്റിഡിപ്രസന്റുകൾ കഴിക്കുന്ന, ഗുരുതരമായ വിഷാദം ബാധിച്ച 25 രോഗികളിലായിരുന്നു പഠനം. ഇവരെ ബ്രീത്തിങ് ഇന്റർവെൻഷൻ ഗ്രൂപ്പ്, കൺട്രോൾ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു.

ഇരുന്നുള്ള ധ്യാനം, സ്ട്രെസ്സിനെപ്പറ്റിയുള്ള അവബോധം ഉൾപ്പടെയുള്ള യോഗയിലെ ചില നിലകളോടൊപ്പംതന്നെ സുദർശനക്രിയയും ആറു സെക്ഷനുകളടങ്ങിയ പ്രോഗ്രാമിലൂടെ ആദ്യ ആഴ്ച പരിശീലിപ്പിച്ചു.

രണ്ടു മുതൽ ഏഴ് ആഴ്ചക്കാലം ആഴ്ചതോറും സംഘമായി സുദർശനക്രിയാ യോഗാപരിശീലനവും പിന്നീട് വീടുകളിൽ ഒറ്റയ്ക്കും പരിശീലനം പൂർത്തിയാക്കി. കൺട്രോൾ ഗ്രൂപ്പിലുള്ളവരെക്കാൾ സുദർശനക്രിയാഗ്രൂപ്പിലുള്ളവരുടെ ഹാമിൽട്ടൺ റേറ്റിങ് സ്കെയിൽ അഥവാ എച്ച്ഡിആർഎസ് സ്കെയിൽ വളരെയധികം മെച്ചപ്പെട്ടതായി കണ്ടു.

ഊർജ്ജനില, ആത്മഹത്യാചിന്ത, കുറ്റബോധം, വൈകാരികാവസ്ഥ, പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം ഇവ അളക്കാൻ ഉപയോഗിക്കുന്ന ക്ലിനിക്കൽ മാർഗമാണ് എച്ച്ഡിആർഎസ്. ഒരു പരിശോധകന്റെ സഹായത്തോടെയാണ് ഇതുപയോഗിക്കുന്നത്.

പഠനത്തിന്റെ തുടക്കത്തിൽ വിഷാദരോഗം വളരെക്കൂടുതലായിരുന്ന എച്ച്ഡിആർഎസ് സ്കോർ 22 ഉള്ള ഗ്രൂപ്പ്, രണ്ടു മാസം മുഴുവൻ ശ്വസനവ്യായാമം പരിശീലിച്ചപ്പോൾ സ്കോർ ശരാശരി 10.27 ആയി കുറഞ്ഞു. ഇതുമായി താരതമ്യപ്പെടുത്തിയാൽ കൺട്രോൾ ഗ്രൂപ്പിലുള്ളവര്‍ക്ക് ഗുണപരമായ ഒരു മാറ്റവും ഉണ്ടായില്ല.

ആന്റിഡിപ്രസന്റുകൾ ഉപയോഗിച്ചിട്ടും അവയോടു പ്രതികരിക്കാതിരുന്ന എം.ഡി.ഡി വിഷാദരോഗികൾ( major depressive disorder)ക്ക് സുദർശനക്രിയ വളരെയധികം ഗുണം ചെയ്യുമെന്ന് ഈ പഠനം പറയുന്നു.

ജേണൽ ഓഫ് ക്ലിനിക്കൽ സൈക്യാട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: