Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടുക്കാത്ത കാഴ്ചകൾ നിറയുന്ന വീട്!

fusion-home-malappuram-exterior സൗകര്യത്തിനും ഉപയുക്തതയ്ക്കുമാണ് ഈ വീട്ടിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. രാത്രിയിൽ വിളക്കുകൾ മിഴി തുറക്കുമ്പോൾ വീടിന്റെ മൊഞ്ചും കൂടുന്നു.

അത്ര പെട്ടെന്ന് മടുക്കാത്ത കാഴ്ചയുള്ള, അത്യാവശ്യം സ്വകാര്യതയുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആശയം. ഇതിന് അനുയോജ്യമാകുംവിധമാണ് കന്റെംപ്രറി+ മോഡേൺ ശൈലികൾ സമന്വയിപ്പിച്ച വീടൊരുക്കിയത്. മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് ഫ്യൂഷൻ ശൈലിയിൽ ഒരുക്കിയ ഈ വീട് നിൽക്കുന്നത്. ഏകദേശം 30 സെന്റ് പ്ലോട്ടിൽ 3300 ചതുരശ്രയടിയാണ് വിസ്തീർണം.  

fusion-home-malappuram-landscape

വീടിന്റെ സിറ്റ് ഔട്ടിനോട് ചേർന്ന് ഒരു പേരമരം കാണാം. ഇത് സംരക്ഷിച്ചു കൊണ്ടാണ് ലാൻഡ്സ്കേപ്പിങ് ചെയ്തിരിക്കുന്നത്. ഷാബാദ് സ്‌റ്റോൺ കൊണ്ടാണ് മുറ്റം ലാൻഡ്സ്കേപ് ചെയ്തത്. വശങ്ങളിൽ പുൽത്തകിടിയും നൽകി. കാർ പോർച്ച് വീട്ടിൽനിന്നും മാറ്റി മുറ്റത്തിന്റെ ഒരുവശത്തായാണ് ക്രമീകരിച്ചത്. 

fusion-home-malappuram-elevation

വിശാലമായ കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങളാണ് ഇന്റീരിയർ ഹൈലൈറ്റ്. ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. കൂടാതെ മറ്റു മുറികളിൽ നിന്നും വേർപെടുത്തിയാണ് സ്വീകരണമുറി ക്രമീകരിച്ചത്. ഇതും മറ്റിടങ്ങൾക്ക് കൂടുതൽ സ്വകാര്യതയും ലഭിക്കാൻ സഹായകരമായി.

fusion-home-malappuram-living
fusion-home-family-living

മുകൾനിലയിൽ നിന്നും സ്വീകരണമുറിയുടെ ഓവർവ്യൂ ലഭിക്കും. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കാനായി മുകൾനിലയിൽ എയർവെൽ ഓപ്പണിങ്ങുകൾ നൽകിയിട്ടുണ്ട്. വളരെ മിനിമൽ ശൈലിയിൽ കോവ് ലൈറ്റിങ് ചെയ്തത് മാത്രമാണ് ലൈറ്റിങ്ങിലെ ആഡംബരം.

fusion-home-malappuram-hall

ഡൈനിങ്, ഫാമിലി ലിവിങ്, ഗോവണി എന്നിവ പ്രധാന ഹാളിന്റെ ഭാഗമായി വരുന്നു. ഉടമസ്ഥന് ഒരു കോർട്യാർഡ് വേണം എന്നുണ്ടായിരുന്നു, എന്നാൽ അഞ്ചു കിടപ്പുമുറികൾ ഉൾക്കൊള്ളിക്കുമ്പോൾ പിന്നീട് കോർട്യാർഡിനു സ്ഥലം പരിമിതമായി. അങ്ങനെ ഗോവണിയുടെ താഴെ വരുംവിധം കോർട്യാർഡ് ക്രമീകരിച്ചു. പെബിൾ കോർട്യാർഡിനു വേലി പോലെ പാർടീഷൻ നൽകിയത് കൗതുകകരമാണ്. 

fusion-home-malappuram-stair

തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയും കൈവരികളും. ഗോവണി കയറിച്ചെല്ലുമ്പോൾ അപ്പർ ലിവിങ് സ്‌പേസ്. ഇവിടെ ഭിത്തി വേർതിരിക്കാനായി പച്ച ഹൈലൈറ്റർ നിറങ്ങൾ നൽകി.

fusion-home-malappuram-upper-living

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിന് മുകളിൽ തൂക്കുവിളക്കുകൾ കലാപരമായി വിന്യസിച്ചിരിക്കുന്നു.

fusion-home-malappuram-dining

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. വളരെ ലളിതമായ കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂമുകളും നൽകിയിട്ടുണ്ട്. ഫോൾസ് സീലിങ് പോലെ കൃത്രിമമായ ആഡംബരങ്ങൾ അകത്തളങ്ങളിൽ കുത്തിനിറച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  

fusion-home-malappuram-bed

ലളിതമായ അടുക്കള. മറൈൻ പ്ലൈ കൊണ്ടാണ് കബോർഡുകൾ. ഗ്രാനൈറ്റ് കൊണ്ട് പാതകം. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്. 

fusion-home-malappuram-kitchen

ചുരുക്കത്തിൽ സൗകര്യത്തിനും ഉപയുക്തതയ്ക്കുമാണ് ഈ വീട്ടിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. രാത്രിയിൽ വിളക്കുകൾ മിഴി തുറക്കുമ്പോൾ വീടിന്റെ മൊഞ്ചും കൂടുന്നു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

Project Facts

Location- Morayur, Malappuram

Plot- 30 cent

Area- 3300 SFT

Owner- Abdul Jaleel

Contractor- Muneer

Plan& Architectural Design- Amesh K

Aakriti Designs, Kannur

Mob- 9747012288

Completion year- 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...