ADVERTISEMENT

കോഴിക്കോട് വടകരയ്ക്കടുത്ത്‌ നാദാപുരത്താണ് പ്രവാസിയായ സാജിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഖത്തറിലാണ് ഗൃഹനാഥൻ. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുബം. ഇവർ എല്ലാവരുടെയും വ്യത്യസ്ത അഭിരുചികൾ തൃപ്തിപ്പെടുത്തുന്ന വിശാലമായ വീട് എന്നതായിരുന്നു പൊതുആവശ്യം.

സമകാലിക ഫ്യൂഷൻ മാതൃകയിലാണ് എലിവേഷൻ. ഫ്ലാറ്റ്, സ്ലോപ്, കർവ്ഡ് റൂഫുകൾ മുകളിൽ കാണാം. ഇവയിൽ റൂഫ് ടൈലുകളും വിരിച്ചു.  വൈറ്റ് പുറംചുവരുകളിൽ വേറിട്ടുനിൽക്കുന്നത് ബ്രൗൺ ക്ലാഡിങ് വോളുകളാണ്. കാർ പോർച്ചിന്റെ ഒരു ഭിത്തിയും ക്ലാഡിങ് പതിച്ചു ആകർഷകമാക്കി.

vadakara-house-JPG

വീടിനൊപ്പം പ്രാധാന്യം ലാൻഡ്സ്കേപ്പിനും കൊടുത്തിട്ടുണ്ട്. വീടിന്റെ ഗാംഭീര്യം ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കിയാണ് സ്ഥാനം കണ്ടത്. മുറ്റം രണ്ടായി തിരിച്ചു. പോർച്ചിലേക്ക് കയറുന്ന ഡ്രൈവ് വേ ഗ്രാനൈറ്റ് വിരിച്ചത് ശ്രദ്ധേയമാണ്. ബാക്കി മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഒരുക്കി. പ്രധാന ഗെയ്റ്റ് കൂടാതെ വിക്കറ്റ് ഗെയ്റ്റും കൊടുത്തിട്ടുണ്ട്. പോർച്ചിനോട് ചേർന്ന് നീളൻ സിറ്റൗട്ട് കൊടുത്തിട്ടുണ്ട്. 

vadakara-house-exterior-JPG

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5800 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാനവാതിൽ തുറന്നു കടക്കുന്നത് ഫോയർ സ്‌പേസിലേക്കാണ്. ഇവിടെ നിന്നും ഗസ്റ്റ് ലിവിങ്ങിലേക്ക് പ്രവേശിക്കാം. മറ്റിടങ്ങളിലേക്ക് കാഴ്ച പതിയാത്ത ഡിറ്റാച്ഡ് ശൈലിയിലാണ് ഫോർമൽ ലിവിങ്. വീട്ടിൽ അതിഥികൾ വന്നാലും മറ്റിടങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല.  ഗസ്റ്റ് ലിവിങ്ങിന്റെ ഭിത്തി ഗ്ലേസിങ് ടെക്സ്ചർ പെയിന്റ് ചെയ്തു സൈക്കിളിന്റെ വ്യത്യസ്തമായ ഷോപീസ് കൊടുത്തിട്ടുണ്ട്.

vadakara-house-formal-JPG

വെള്ള നിറമാണ് അകംചുവരുകളിലും നിറയുന്നത്. ഇത് കൂടുതൽ വിശാലതയുടെ പ്രതീതി നൽകുന്നതിനൊപ്പം പോസിറ്റീവ് ആംബിയൻസും നിറയ്ക്കുന്നു. താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ വിട്രിഫൈഡ് ടൈലും വിരിച്ചു. ഗസ്റ്റ് ലിവിങ് പോലെയുള്ള ഇടങ്ങളിൽ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫ്ളോറിങ്ങും ചെയ്തിട്ടുണ്ട്. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു നിർമിച്ചതാണ്.

vadakara-house-living-JPG

10 സീറ്റർ ഡൈനിങ് ടേബിൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഹാളിന്റെ വിശാലതയിലാണ് ഡൈനിങ് സ്‌പേസ്. വശത്തായി ക്രോക്കറി യൂണിറ്റും കൊടുത്തു. ഡൈനിങ്ങിന്റെ തൊട്ടുപിന്നിലായി ഡബിൾഹൈറ്റിൽ ഡ്രൈ കോർട്യാർഡ് വേർതിരിച്ചു. വൈറ്റ് പെബിൾസും ഇൻഡോർ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു.  ഭിത്തി മുഴുവൻ  നിറയുന്ന ജനാലയാണിവിടെ. ഇത് തുറന്നാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഊണുമുറിയിലേക്ക് കയറും.  ഡൈനിങ്ങിൽ നിന്നും ഫാമിലി സിറ്റിങ്ങിലെ ടിവി യൂണിറ്റിലേക്ക് നോട്ടവുമെത്തും.

vadakara-house-dine-JPG

സുതാര്യമായ നയത്തിലാണ് ഗോവണി. തേക്കിലാണ് പടികൾ. കൈവരികൾ വുഡൻ ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് വേർതിരിച്ചു. ഇത് ഡബിൾ ഹൈറ്റ് സ്‌പേസാണ്. മുകൾനിലയിൽ നിന്നും താഴേക്ക് നോട്ടമെത്തും. ഗോവണി കയറി എത്തുന്നതും മറ്റൊരു ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെയും ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്.

vadakara-house-court-JPG

ഒരു കോംപ്രമൈസും ചെയ്യാതെയാണ് കിടപ്പുമുറികൾ സജീകരിച്ചത്. താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ വിന്യസിച്ചു. ഓരോ അംഗത്തിന്റെയും അഭിരുചികളും ആവശ്യങ്ങളും മനസിലാക്കിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. 

ഇതിൽ കുട്ടികളുടെ മുറിയാണ് ഏറ്റവും മനോഹരമായി ഒരുക്കിയത്. കുട്ടികൾക്ക് പഠിക്കാനും കളിക്കാനും വിശ്രമിക്കാനുമുള്ള മൾട്ടിപർപസ് ഇടമായിട്ടാണ് ഇതിന്റെ ഡിസൈൻ. പ്രത്യേകം സ്റ്റഡി ടേബിൾ, ബങ്ക് ബെഡ്, വാക്-ഇൻ വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവയെല്ലാം ഇവിടെ സുസജ്ജം. വോൾപേപ്പർ ഒട്ടിച്ച ഭിത്തി ഹൈലൈറ്റും ചെയ്തിട്ടുണ്ട്. സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് മറ്റു മുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ, സീറ്റിങ് സ്‌പേസ് എന്നിവ ഇവിടെ കൊടുത്തു.

vadakara-house-kids-bed-JPG

മോഡേൺ കാഴ്ചകളുടെ മിശ്രണമാണ് ഐലൻഡ് ശൈലിയിൽ ഒരുക്കിയ കിച്ചൻ. മറൈൻ പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടർ കൊറിയൻ ടോപ്പാണ്. മോഡുലാർ സ്‌റ്റൗ കൗണ്ടർ കൂടാതെ മറ്റൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ വേർതിരിച്ചു. ഇതിൽ ഹൈ ചെയറുകൾ കൊടുത്തു. വീട്ടുകാരിക്ക് അടുക്കള ജോലികൾക്കൊപ്പം കുട്ടികളുടെ പഠനകാര്യങ്ങളും അനായാസം മേൽനോട്ടം നടത്താൻ പാകത്തിനാണ് ഈ ഡിസൈൻ.

vadakara-house-kitchen-JPG

ഡിസംബറിലായിരുന്നു പാലുകാച്ചൽ. സ്വപ്നവീട്ടിലേക്ക് കുടുംബവുമൊത്ത് കാലെടുത്തുവയ്ക്കാൻ പ്രവാസിയായ ഗൃഹനാഥനും നാട്ടിലെത്തിയിരുന്നു. മടങ്ങിപ്പോകുന്നതിനു മുൻപുള്ള ദിനങ്ങൾ പുതിയ വീടിന്റെ സന്തോഷത്തിലും കുടുംബത്തിന്റെ കൂട്ടായ്മയിലും ആസ്വദിക്കുകയാണ് ഗൃഹനാഥൻ.

vadakara-house-gf

 

vadakara-house-ff

Project facts

Location- Nadapuram, Calicut

Plot- 40 cent

Area- 5800 SFT

Owner- Sajid

Design- Muhammed Muneer

Nufail Muneer Associates, Calicut

Mob- 98472 49528

Y.C- Dec 2020

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Luxury NRI House Vadakara; Kerala Home Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com