Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂർ ഡേയ്സിലെ റൊമാന്റിക് ഫ്ലാറ്റ്

 Drawing Room ആധുനിക ഡിസൈനിന് പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഈ വീട്ടുകാർക്കിഷ്ടം.

ബാംഗ്ലൂർ ഡെയ്സിൽ നസ്രിയയും ഫഹദും താമസിക്കുന്ന ഫ്ലാറ്റ് കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നില്ലേ? നസ്രിയ ജാലകങ്ങളിൽ തീർത്ത ചിത്രപ്പണികളിലൂടെ രാവിലെ പ്രകാശം അരിച്ചിറങ്ങുമ്പോൾ അത് അകത്തളത്തിൽ തീർക്കുന്ന വർണാഭമായ ആംബിയൻസും മൂഡും ആരും മറന്നു കാണാനിടയില്ല. അത് പോലെ മനോഹരമായ ഒരു ഫ്ലാറ്റിന്റെ വിശേഷങ്ങൾ കാണാം. നമ്മുടെ ബാംഗ്ലൂരിൽ തന്നെ.

ആയിരത്തഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ വിരിഞ്ഞൊരു ജാലവിദ്യ. സജുമോന്റെയും അക്ഷതയുടേയും ഫ്ലാറ്റിന് ഇതിൽക്കൂടുതൽ ചേരുന്നൊരു വിശേഷണമില്ല. ഈ ഫ്ലാറ്റിന് സംഭവിച്ച രൂപപരിണാമം കാണേണ്ടതുതന്നെയാണ്. വായിക്കേണ്ടതും.

Living Room

bangalore-days-3

വീടിന്റെ ബ്യൂട്ടി സ്പോട് എന്ന് പറഞ്ഞാരും വരണ്ട. അത് ലിവിങ്ങിന് മാത്രം അവകാശപ്പെട്ടതാണ്. പൈൻമരത്തിന്റെ ഇലകളും മറ്റും ഫൈബർ ഗ്ലാസിൽ കംപ്രസ് ചെയ്തെടുത്ത് ഭിത്തിയിൽ പിടിപ്പിച്ച് ലൈറ്റിങ് കൊടുത്തപ്പോൾ കിട്ടിയത് കിടിലനൊരു ഫ്രെയിം. ചേർന്നുളള ഭിത്തിയിൽ ഭംഗിയുളള മുളകൾ. വാം ടോണിൽ എൽഇഡി സ്ട്രിപ് കൂടി നൽകിയപ്പോൾ സംഗതി സിനിമാ സെറ്റ് പോലെ സുന്ദരം. സോഫകൾ പുറത്തും ആന്റിക്, ചൂരൽ കസേരകൾ ഉളളിലും ഇടം പിടിച്ചു.

Foyer

bangalore-days-9

ഫ്ലാറ്റിന്റെ വാതിൽ തുറന്നാൽ കാണുന്ന ദൃശ്യമാണിത്. ഫോയറിന്റെ അറ്റത്തുളള പാർട്ടീഷൻ ചെയ്തത് പ്ലൈവുഡിൽ. സ്റ്റൈലനൊരു കണ്ണാടിയും പിടിപ്പിച്ചു. പുതുമയാർന്ന ഡിസൈനിലുളള ടേബിളും അതിൽ ഭംഗിയുളള ഷോപീസുകളും. ഫ്ലാറ്റിലെ സ്വകാര്യത സംരക്ഷിക്കുന്നു എന്നതിനൊപ്പം ഇന്റീരിയറിന്റെ ഭംഗിയിലും പാർട്ടീഷൻ ബോർഡ് പ്രധാന ഘടകമാകുന്നു.

Dining Room

bangalore-days-4

ആദ്യ സീൻ തകർപ്പനായാൽ പിന്നെ ബാക്കിയുളളവയ്ക്ക് മോശമാകാൻ പറ്റുമോ? അങ്ങനെ ഡൈനിങ്ങും ഗ്ലാമറസ്സായി. പാർട്ടീഷൻ ബോർഡിന്റെ പിൻഭാഗത്തുമൊരു കണ്ണാടിയുണ്ട്. ഒപ്പം ക്രോക്കറി ഷെൽഫും. ഇവിടെ ലളിതമായിട്ടൊന്നുമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. സിംപ്ലനൊരു ഡൈനിങ് ടേബിളും കസേരകളും. കിഡ്സ് റൂം ഒഴിച്ച് ബാക്കിയെല്ലാ മുറികളിലും ഫോൾസ് സീലിങ് നൽകി. ഇൻഡയറക്ട് ലൈറ്റിങ് കൂടി ചേർന്നപ്പോൾ ചിത്രം പൂർണമായി.

Kitchen

bangalore-days-10

ഫോയർ കടന്നാൽ വലതു വശത്തായി കിച്ചൻ കാണാം. മൂന്നംഗ കുടുംബത്തിന് ഉതകുന്ന ഒതുക്കമുളള എൽ ഷേപ്പ് അടക്കളയാണ് ഇവിടത്തേത്. സ്ഥല പരിമിതിക്കുളളിലും സൗകര്യങ്ങളെല്ലാം ഉൾക്കൊളളിച്ചിരിക്കുന്നു. കിച്ചനോട് ചേർന്നുണ്ടായിരുന്ന ബാൽക്കണി ലോൺട്രിയായി. തുണികൾ ഇസ്തിരിയിടാനുളള സൗകര്യവും ഉണ്ട്. ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളാണ് അടുക്കളയെ വേർതിരിക്കുന്നത്. വീട്ടുകാർക്ക് ഡൈനിങ്ങിനേക്കാൾ പ്രിയം കൗണ്ടറിനോടു തന്നെ. അടുക്കളയിൽ മാത്രം പഴയ ടൈലുകൾ നിലനിർത്തി. ഒരു ഭാഗത്ത് കബോർഡുകൾ നൽകി.

Family Living

bangalore-days-5

ഫ്ലാറ്റിന്റെ പഴയ രൂപത്തിൽ ഫാമിലി ഏരിയ എന്നു പറയാനൊരിടം ഉണ്ടായിരുന്നില്ല. ഒരു കിടപ്പുമുറി പൊളിച്ചാണ് ഫാമിലി ലിവിങ്ങിന് കളമൊരുക്കിയത്. ടിവി ഏരിയയും ഇവിടെത്തന്നെ. ഫ്ലോട്ടിങ് ഫീൽ ഉളള കബോർഡ് തികച്ചും വ്യത്യസ്തമാണ്. ബെഡ് ഷീറ്റുകൾ, കുഷനുകൾ തുടങ്ങി അധികമായ ഫർണിഷിങ് സാമഗ്രികൾ സൂക്ഷിക്കാൻ കബോർഡും നല്കിയിട്ടുണ്ട്. തൊട്ടു ചേർന്നുളള സ്ലൈഡിങ് ഡോർ തുറന്നാൽ ബാൽക്കണിയിലേക്കിറങ്ങാം. വീട്ടുകാർ ഇവിടെ ചെറിയൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്നൊരു ദൃശ്യവും ഇവിടെ നിന്നാൽ കാണാം.

Bed Room

bangalore-days-8

ഫ്ലാറ്റിന്റെ ‘ക്ലൈമാക്സിലേക്ക്’ എത്തുമ്പോൾ സംഭവങ്ങൾ കൂടുതൽ ജോറായി വരികയാണ്. ഹാളിൽ നിന്ന് വലത്തേക്കുളള ഇടനാഴി മാസ്റ്റർ ബെഡ് റൂമിലെത്തിക്കും.. സീലിങ്ങിലെ ജാളി വർക്കാണ് ഇവിടത്തെ താരം. വാം ലൈറ്റിങ്ങ് കൂടി നൽകിയതോടെ സംഗതി മൊത്തത്തിൽ റൊമാന്റിക് മൂഡ് ആയി. പഴയ തടി ഉപയോഗിച്ച് കട്ടിലിന്റെ ഹെഡ് ബോർഡ് പുതുക്കി. കട്ടിലിനടിയിൽ സ്റ്റോറേജ് സ്പേസ് ഒരുക്കി. സ്ഥല പരിമിതിയെ മറികടക്കാൻ സ്ലൈഡിങ് കബോർഡുളള വാതിലുകൾ നൽകി. ഇതിൽ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട് ജനാലയ്ക്ക് ബ്ലൈൻഡുകൾ.

Kids Room

bangalore-days-6

അവസാന സീനിൽ കിഡ്സ് റൂം നിറഞ്ഞു നില്ക്കുന്നു. മാസ്റ്റർ ബെഡ് റൂമിനോട് ചേർന്നാണ് മകന്റെ മുറി. കുട്ടിയുടെ താത്പര്യങ്ങൾ മാത്രമായിരുന്നു. കിഡ്സ് റൂമിന്റെ മാനദണ്ഡം. കണ്ണിനു കുളിരാകുന്ന നീലയുടെ വിവിധ ഷേഡുകളാണ് ഇവിടെ പരീക്ഷിച്ചത്. ഷൂറാക്കിന്റെ ഡിസൈൻ തീർച്ചയായും കയ്യടി അർഹിക്കുന്നു. ബങ്ക് ബെഡിനു താഴെയായി സ്റ്റഡി ടേബിളും കബോർഡും. ഭിത്തിയിലുളള കബോർഡിനു മുകളിലൊരു സ്റ്റോറേജ് ഏരിയ ഉണ്ടായിരുന്നു. ബെഡിൽ നിന്ന് ഇങ്ങോട്ട് ചെറിയൊരു പാലം നല്കി. കിഡ്സ് റൂമിന് നേരെ എതിർവശത്തായിട്ടാണ് കോമൺ ബാത്റൂം.

മാറ്റം സമ്പൂർണം

ചെറിയ സ്പേസുകൾ വലിയ വെല്ലുവിളി ഉയർത്തും. അത് പൂർണമായി ആസ്വദിച്ചുകൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്. ഒട്ടും ആകർഷകമല്ലാത്ത രീതിയിലായിരുന്നു ഫ്ലാറ്റ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം നോക്കിയിട്ടല്ല ക്വാർട്ടേഴ്സ് അനുവദിക്കുന്നത്. ഉളള സൗകര്യത്തിൽ എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. നേരത്തെ വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഫ്ലാറ്റിലും അതേ ഫീൽ ലഭിക്കണമെന്നതായിരുന്നു ആഗ്രഹം.

കുടുംബാംഗങ്ങളോട് വിശദമായി സംസാരിക്കുകയായിരുന്നു ആദ്യം ചെയ്തത്. പല ശൈലിയിലുളള ഇന്റീരിയറുകളുടെ നൂറ് കണക്കിന് ചിത്രങ്ങൾ കാണിച്ചു. താത്പര്യങ്ങൾ ചോദിച്ചു കൊണ്ടുളള ഒരു ചോദ്യപേപ്പറും നല്കുകയുണ്ടായി. അതിൽ നിന്ന് അവർക്ക് ഇഷ്ടമുളളവ തിരഞ്ഞെടുത്തു. സെലക്ട് ചെയ്യപ്പെട്ട ചിത്രങ്ങൾക്കും നൽകിയ ഉത്തരങ്ങൾക്കുമെല്ലാം തമ്മിൽ ഒരു ‘ലിങ്ക്’ ഉണ്ട്. ഈ ലിങ്ക് വഴിയാണ് അവരുടെ മനസ്സിലിരിപ്പ് അറിഞ്ഞത്. എത്ര മണിക്കൂർ സംസാരിച്ചാലും കിട്ടാത്ത പോയിന്റുകൾ ഇതു വഴി ലഭിക്കും.

വാതിൽക്കൽ വരുന്ന അപരിചിതർ ഉൾവശം മുഴുവൻ കാണേണ്ടതില്ല. അതിനാലാണ് പാർട്ടീഷൻ ബോർഡ് നല്കിയത്. വീട്ടുകാരുടെ പ്രകൃതി സ്നേഹം മനസ്സിലാക്കിയാണ് ലിവിങ് റൂമിൽ മുള കൊണ്ടുവന്നത്. ബാൽക്കണിയിലും ചെടികൾക്ക് ഇടം നല്കി. ചെറിയ ലിവിങ്ങിൽ സോഫ പിടിച്ചിട്ടാൽ ആകെ ഞെരുങ്ങിയ അവസ്ഥയാകും. അങ്ങനെയാണ് കസേരകൾ രംഗത്തെത്തിയത്.

ലൈറ്റിങ്ങിനാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട റോൾ. ഒരു സ്പേസിന്റെ മൂഡ് മൊത്തത്തിൽ മാറ്റിയെടുക്കാൻ ലൈറ്റിങ് തന്നെ ഒന്നാമത്തെ ചോയ്സ്. ബജറ്റ് വരുതിക്ക് നിർത്തിയാണ് ഡിസൈൻ വർക്കുകൾ പൂർത്തിയാക്കിയത്. പൈൻ ഇലകൾ പതിച്ച ഫൈബർ ഗ്ലാസ് ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്നതാണ്. 5000 രൂപയേ ഇതിനു ചെലവായുളളൂ. മാസ്റ്റർ ബെഡ് റൂം സീലിങ്ങിലെ ജാളി വർക് ലേസർ കട്ട് ചെയ്തെടുത്തതിനാൽ ലാഭത്തിൽ കിട്ടി.

Interior Designer സാറ കൊച്ചുതൊമ്മൻ, ഇന്റീരിയർ ഡിസൈനർ

ഫാമിലി ഏരിയയ്ക്ക് നല്ല പ്രാമുഖ്യം നൽകി. ഇതിനായി ഒരു ബെഡ് റൂം പൊളിച്ചു മാറ്റി. ഇതിനോടു ചേർന്നൊരു ടോയ് ലറ്റുണ്ടായിരുന്നത് ഓഫിസ് റൂമാക്കി. മുൻപുണ്ടായിരുന്ന ഓഫിസ് പേരന്റ്സ് ബെഡ് റൂമാക്കി. വീട്ടിൽ ഒട്ടേറെ മെയിന്റനൻസും നടത്താനുണ്ടായിരുന്നു. അവിടവിടെ ചോർച്ചയുണ്ടായിരുന്നതിനാൽ പ്ലംബിങ് മുഴുവൻ മാറ്റേണ്ടി വന്നു. അടുക്കളയൊഴിച്ച് എല്ലായിടത്തും ഫ്ലോറിങ്ങും മാറ്റി.

Family ‘‘ഞങ്ങളുടെ ഇഷ്ടങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിരുന്നു. മനസ്സിൽ കണ്ടതിന്റെ ത്രിമാന ചിത്രം ഇന്റീരിയറിൽ പകർത്തിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഡിസൈനർക്കുളളതാണ്.’’ സുമോൻ, അക്ഷത, സാക്ഷം.

Project Facts Area:1500 sqft

Designer:

സാറ കൊച്ചുതൊമ്മൻ, കൊച്ചുതൊമ്മൻ അസോഷ്യെറ്റ്സ്, ബെംഗളുരു, sarah@ktaarchitects.com

Owner:

സജുമോൻ, അക്ഷത- ജാലഹള്ളി, ബെംഗളുരു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.