Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾ ഇനി പഴങ്കഥ! വിസ്മയമായി ലോട്ടെ ടവർ തുറന്നു!

lotte_world_tower ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമനാണെങ്കിലും നിരവധി റെക്കോർഡുകൾ ലോട്ടെ ടവർ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ മുൻപനായ ബുർജ് ഖലീഫയ്ക്കുപോലും അവകാശപ്പെടാനാകാത്ത സവിശേഷതകളുമായി ഒരു നിർമാണവിസ്മയം ദക്ഷിണകൊറിയയയിലെ സോളിൽ ഉയർന്നു- ലോട്ടെ ടവർ. ആറു വർഷത്തെ പണികൾക്കുശേഷം ഈ മാസം ആദ്യമാണ് കെട്ടിടം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. 123 നിലകളുള്ള കെട്ടിടം (1,819 അടി) ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമനാണെങ്കിലും നിരവധി റെക്കോർഡുകൾ ഇതിനകം കൈപിടിയിലൊതുക്കിയിട്ടുണ്ട്.  

ഗ്ലാസ് കൊണ്ട് അടിത്തറ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണാലയം സ്ഥിതിചെയ്യുന്ന കെട്ടിടം എന്ന ബഹുമതിയാണ് സ്വന്തമാക്കിയ റെക്കൊർഡുകളിൽ ഒന്നാമത്. 1,568 അടി ഉയരത്തിലാണ് ഈ നിരീക്ഷണകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്ന് സോൾ നഗരത്തിന്റെ വിശാലമായ കാഴ്ചകളും പ്രകൃതിഭംഗിയുമൊക്കെ സന്ദർശകർക്ക് തടസ്സമില്ലാതെ ആസ്വദിക്കാം.

glass-floor-deck ഗ്ലാസ് കൊണ്ട് അടിത്തറ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണാലയം

ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്വിമ്മിങ് പൂളും ലോട്ടെ ടവറിന് സ്വന്തം. 85–ാം നിലയിലാണ് ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമിച്ചിരിക്കുന്നത്. ആകാശക്കാഴ്ചകളും താഴത്തെ കാഴ്ചകളുമൊക്കെ ആസ്വദിച്ച് നീന്തിത്തുടിക്കാം. 

elevator-lottemall സ്‌കൈ ഷട്ടിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡബിൾ ഡക്കർ എലിവേറ്റർ വെറും 60 സെക്കൻഡുകൾകൊണ്ട് താഴെനിന്ന് 123–ാം നിലയിലെത്തും.

പ്രധാന ആകർഷണം കെട്ടിടത്തിനകത്തെ എലിവേറ്റർ സംവിധാനമാണ്. ലോകത്തെ ഏറ്റവും വേഗമേറിയതും ഉയരത്തിൽ സഞ്ചരിക്കുന്നതുമായ ലിഫ്റ്റ് സംവിധാനമാണ് ലോട്ടെ ടവറിൽ ഒരുക്കിയിരിക്കുന്നത്. സ്‌കൈ ഷട്ടിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡബിൾ ഡക്കർ എലിവേറ്റർ വെറും 60 സെക്കൻഡുകൾകൊണ്ട് താഴെനിന്ന് 123–ാം നിലയിലെത്തും. 

32 ലക്ഷം ചതുരശ്രയടിയാണ് ലോട്ടെ ടവറിന്റെ വിസ്തീർണം. ഭൂകമ്പവും കൊടുങ്കാറ്റുമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മേൽക്കൂര മാത്രം നിർമിക്കാൻ 3000 ടൺ സ്റ്റീൽ ചെലവായി. ആഡംബര ഹോട്ടലുകളും ഓഫീസുകളുമാണ് മറ്റുനിലകളിൽ പ്രവർത്തിക്കുക. 

lotte tower lights ലോട്ടെ ടവർ ഉദ്ഘാടന വേളയിൽ

ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബഹുമതിയും ഇനി ലോട്ടെ ടവറിനു സ്വന്തം.