Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ചുറ്റുന്ന കിടിലൻ വീട്!!

home-in-car ലണ്ടനിൽ നിന്ന് യാത്ര ചെയ്ത് ആലപ്പുഴയിൽ എത്തിയ കെവിൻ ഫ്യുവലും ഭാര്യ ഹെയ്ക്കയും വീടിന്റെ സൗകര്യങ്ങളുള്ള അവരുടെ കാറിനൊപ്പം.

ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈ വഴി ആലപ്പുഴയിൽ എത്തിയപ്പോൾ ലണ്ടൻ സ്വദേശി കെവിൻ ഫ്യുവലും ഭാര്യ ജർമൻകാരി ഹെയ്ക്കയും സ്വന്തം വീടും കൂടെ കൊണ്ടുപോന്നു!. വീടും ഇങ്ങനെ പാഴ്സലായി ഒപ്പം കൊണ്ടുപോകാമോ എന്നു സംശയിക്കുന്നവർക്കു സമീപത്തു പാർക്ക് ചെയ്തിരിക്കുന്ന ടെയോട്ട വാൻ ചൂണ്ടികാട്ടി കെവിൻ പറയും ഇതാണു ഞങ്ങളുടെ വീട്. 

ദൂരെ നിന്നു നോക്കുമ്പോൾ ചെറിയൊരു വാൻ. എന്നാൽ അടുത്തു ചെന്നു നോക്കണം. കിടപ്പുമുറിയും അടുക്കളയും എല്ലാം ഘടിപ്പിച്ച സഞ്ചരിക്കുന്ന വാൻ ആണു കെവിന്റെ വാഹനം. അഞ്ചുവർഷം നീണ്ട ലോകപര്യടനത്തിലാണ് ഇരുവരും. മൂന്നു വർഷം പൂർത്തിയായപ്പോൾ 40 രാജ്യങ്ങൾ സന്ദർശിച്ചു. വിവിധ രാജ്യങ്ങളിൽ എത്തിയപ്പോൾ താമസിച്ചതാകട്ടെ സ്വന്തം ‘വാഹനവീട്ടിലും’. എൻജിനീയറായ കെവിൻ വാഹനം വിവിധ ആവശ്യങ്ങൾക്കായി രൂപഭേദം വരുത്തിയിരിക്കുകയാണ്. 

ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റൗ, പാചകവാതക സിലിണ്ടർ എന്നിവ വാഹനത്തിലുണ്ട്. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമുളള വെള്ളം ശുദ്ധികരിച്ചെടുക്കാൻ പ്യൂരിഫെയർ റെഡി. വാഹനത്തിനു മുകളിൽ കിടപ്പുമുറി. കൂടാതെ വാഹനം എവിടെയെങ്കിലും നിർത്തിയിട്ടശേഷം മുകളിൽ മടക്കിവച്ചിരിക്കുന്ന ടെന്റ് രണ്ടു മിനിറ്റ് കൊണ്ടു കുടപോലെ നിവർത്താം. വാഹനത്തെയും സുരക്ഷിതമായി ഉള്ളിലാക്കി ടെന്റ് വിരിയും. ഇതിനെല്ലാം ഉൗർജം നൽകുന്നതിനായി വാഹനത്തിനു മുകളിൽ സോളർ സംവിധാനവുമുണ്ട്.

ഇതിനോടകം മൂന്നു വർഷം പൂർത്തിയായ യാത്രയിൽ ആദ്യവർഷം യൂറോപ്പ്, രണ്ടാം വർഷം ആഫ്രിക്ക എന്നിവിടങ്ങളിലും മൂന്നാം വർഷമായ ഇപ്പോൾ ഇന്ത്യയിലും നേപ്പാളിലുമായി ചെലവിടാനാണു പദ്ധതി. ഇന്ത്യയിൽ നിന്നു ചൈനയിലേക്കു പോകും. വാഹനം സുരക്ഷിതമായി ഇടാൻ ആരു സ്ഥലം കൊടുക്കുന്നുവോ അവിടെയാണു താമസം. നിലവിൽ തുമ്പോളിയിൽ കേണൽസ് ബീച്ച് വില്ലയിൽ വാഹനം പാർക്ക് ചെയ്താണു താമസം. 

വിനോദസഞ്ചാര മേഖലയിൽ ജോലി ചെയ്തിരുന്ന ഹെയ്ക്കയാണു യാത്രയുടെ രൂപരേഖ തയാറാക്കുന്നത്. കഴിഞ്ഞയാഴ്ച തൃശൂരിൽ പൂരം കണ്ടശേഷമാണ് ആലപ്പുഴയിൽ ഇരുവരും എത്തിയിരിക്കുന്നത്. ലണ്ടനിലെ വീടു വിറ്റശേഷമാണ് ഇരുവരുടെയും ലോകസഞ്ചാരം. പരമാവധി ആളുകളെയും സ്ഥലങ്ങളെയും കാണുക എന്നതാണു ലക്ഷ്യം. ഒടുവിൽ ഇഷ്ടമുള്ള ഒരു രാജ്യത്തു  ഞങ്ങൾ സ്ഥിരതാമസമാക്കും –  ഇരുവരും പറയുന്നു. 

ഒരുപക്ഷേ, അതു കേരളവുമാകാം. അത്രമാത്രം മനോഹരമാണ് ഇൗ സ്ഥലം. 40 രാജ്യങ്ങളുടെ സന്ദർശനത്തിനു ശേഷം കേരളത്തിനാണ് ഇതുവരെ കണ്ട സ്ഥലങ്ങളുടെ കാര്യത്തിൽ ഇരുവരും ഒന്നാം സ്ഥാനം നൽകുന്നത്. കുറച്ചു ദിവസം കൂടി ഇവിടെ തങ്ങിയശേഷം മടങ്ങാനാണ് ഇവരുടെ പദ്ധതി.