Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 'പറക്കും തളിക' യാഥാർഥ്യമാണ്!

chemosphere house 1960കളിൽ എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക ലോകം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും 'നവീനമായ വീട്' എന്ന് കീമോസ്ഫിയറിനെ വിശേഷിപ്പിക്കുകയും ചെയ്തു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പറക്കുംതളികയും അന്യഗൃഹജീവികളും മനുഷ്യർക്ക് എന്നും ഒരു പ്രഹേളികയാണ്. സിനിമകളിലും സാഹിത്യത്തിലും വാർത്തകളിലുമൊക്കെ പറക്കുംതളികകൾ നിറഞ്ഞുനിന്നിട്ടുണ്ട്. ലോസാഞ്ചലസിലെ ഒരു മലഞ്ചെരുവിൽ ഭാര്യാപിതാവ് ദാനം നൽകിയ ഭൂമിയിൽ ഒരു വീട് പണിയാൻ തീരുമാനിച്ചപ്പോൾ എയ്റോസ്‌പേസ് എൻജിനീയറായ ലിയോനാർഡ് മാലിൻ ഒരു തീരുമാനമെടുത്തു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വീടായിരിക്കണം നിർമിക്കുന്നത് എന്ന്. ചരിവുള്ള ഭൂപ്രകൃതിയായതിനാൽ അടിത്തറയ്ക്ക് നല്ല ഉറപ്പുണ്ടാകുകയും വേണം. അങ്ങനെയാണ് 1960 ൽ  പറക്കും തളികയുടെ രൂപത്തിലുള്ള ഈ വീട് ഉയർന്നത്. അഞ്ചടി വീതിയും ഒൻപതടി ഉയരവുമുള്ള കോൺക്രീറ്റ് തൂണിലാണ് ഈ വീട് ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്.

chemospere-old-photo

ഒറ്റയ്ക്ക് നിർമാണത്തിന്റെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വന്നപ്പോൾ ലിയോനാർഡ് സ്പോൺസർമാരെ സമീപിച്ചു. പ്രധാന സ്പോൺസർ ഒരു കെമിക്കൽ ഉല്പാദന സംരംഭമായിരുന്നു. അങ്ങനെ 'കീമോസ്ഫിയർ' എന്ന് വീടിനു പേരും നൽകി. 1960കളിൽ എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക ലോകം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും 'നവീനമായ വീട്' എന്ന് കീമോസ്ഫിയറിനെ വിശേഷിപ്പിക്കുകയും ചെയ്തു.

chemosphere-morning

ജോൺ ലോട്നർ എന്ന ആർക്കിടെക്ടാണ് അഷ്ടഭുജ (Octagonal) രൂപത്തിലുള്ള വീട് നിർമിച്ചത്. നവീന കാലിഫോർണിയൻ നിർമാണവിദ്യയുടെ മകുടമായി ഈ വീട് കരുതപ്പെടുന്നു. 2200 ചതുരശ്രയടിയാണ് വിസ്തീർണം. 1972 ൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ലിയോനാർഡിനു വീട് വിൽക്കേണ്ടിവന്നു.

പലവഴി കൈമാറി ബെനഡിക്ട് തഷൻ എന്ന പുസ്തകപ്രസാധന ഉടമയാണ് ഇപ്പോൾ ഈ വീടിന്റെ ഉടമസ്ഥൻ. സ്ഥിരതാമസമില്ലതിനാൽ സിനിമ ചിത്രീകരണത്തിനും പാർട്ടികൾ സംഘടിപ്പിക്കുന്നതിനും വീട് നൽകാറുണ്ട്. ചാർളീസ് ഏഞ്ചൽസ്, ബോഡി ഡബിൾ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

chemosphere-interior

കാലാന്തരത്തിൽ ചെറിയ അവശതകൾ വന്നെങ്കിലും അടുത്തിടെ ഈ വീട് കേടുപാടുകൾ തീർത്ത് ബലപ്പെടുത്തി. വീട്ടിലേക്കെത്താനായി ചെറിയ റോപ്‌വേയും ക്രമീകരിച്ചിട്ടുണ്ട്. 2004 ൽ കാലിഫോർണിയയിലെ വിശേഷപ്പെട്ട ചരിത്ര സാംസ്‌കാരിക സ്മാരകമായി കീമോസ്ഫിയറിനെ പ്രഖ്യാപിച്ചു. അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും പറക്കുംതളികയെപ്പോലെ നിർമാണമേഖലയിൽ ഒരു വിസ്മയമായി കീമോസ്ഫിയർ നിലകൊള്ളുന്നു.