Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ച ഒരു കെട്ടിടത്തിന്റെ കഥ

water-tower-house-belgium രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ നിരീക്ഷണകേന്ദ്രമായും കെട്ടിടം പ്രവർത്തിച്ചു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്

ജലം സംഭരിക്കുക എന്നതിൽക്കവിഞ്ഞു ഒരു ജലസംഭരണിക്കും, കെട്ടിടത്തിനും എന്തു പ്രസക്തിയാണുള്ളത്? വിചാരിച്ചാൽ പലതും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ബെൽജിയൻ ഗ്രാമമായ സ്‌റ്റീനോകെർസിലിൽ 1938 -41 കാലയളവിൽ നിർമിച്ച ഈ വാട്ടർടാങ്ക് കെട്ടിടം. 30 മീറ്റർ (98.4 അടി) ഉയരമുള്ള ഈ നിർമിതി കാലാന്തരത്തിൽ പലവിധവേഷങ്ങൾ കെട്ടിയാടി. ജലസംഭരണി, നിരീക്ഷണകേന്ദ്രം, സ്വകാര്യവസതി, അതിഥിമന്ദിരം, വിനോദസഞ്ചാരകേന്ദ്രം എന്നിവയൊക്കെയായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ നിരീക്ഷണകേന്ദ്രമായും കെട്ടിടം പ്രവർത്തിച്ചു.

water-tower-house-belgium-night

1990 ലാണ് കെട്ടിടം സജീവസേവനത്തിൽനിന്നും വിരമിക്കുന്നത്. 2007 ൽ ഭാം ഡിസൈൻ സ്‌റ്റുഡിയോ ഈ വാട്ടർടാങ്കിനെ ഒരു വീടായി രൂപം മാറ്റി. 4,844 ചതുരശ്രയടിയാണ് വിസ്തീർണം. മിനിമൽ ഡിസൈനിലാണ് ഈ സ്വകാര്യവസതി നിർമിച്ചത്. ജലസംഭരണിയുടെ പിരിയൻ ഗോവണിപ്പടികൾ, കോൺക്രീറ്റ് മേൽക്കൂര, 250,000 ലിറ്റർ ഉൾക്കൊള്ളുന്ന സംഭരണടാങ്ക് എന്നിവ കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം പരിഗണിച്ച് അതേപടി നിലനിർത്തി.

water-tower-house-staircase

അകത്തളക്കാഴ്ചകൾ കണ്ടാൽ ഏതോ മുന്തിയ വീടാണെന്ന് തോന്നിപ്പോകും. വുഡൻ പാനലുകൾ കൊണ്ട് ഫ്ളോറിങ്, കസ്റ്റം മെയ്ഡ് ഫർണിച്ചറുകൾ, മോഡുലാർ കിച്ചൻ, കിച്ചൻ കം ഡൈനിങ് സ്‌പേസ്, ഫോൾസ് സീലിങ്, കോവ് ലൈറ്റിങ് തുടങ്ങി നിരവധി ആഡംബരങ്ങൾ ഒരുക്കിയിരിക്കുന്നു. 

water-tower-house-belgium-interior

ആറു നിലകളാണ് കെട്ടിടത്തിന്. താഴത്തെ നിലയിൽ പ്രധാന കവാടവും രണ്ടു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗരാജും സ്ഥിതി ചെയ്യുന്നു. ഒന്നാം നിലയിൽ സാങ്കേതിക കാര്യങ്ങൾ നിയന്ത്രിക്കുന്ന മുറി, രണ്ടാം നിലയിൽ അതിഥിമുറിയും ഓഫിസും, മൂന്നാം നിലയിൽ ബാത്റൂം. നാലര മീറ്റർ ഉയരമുള്ള ഷവറാണ് ഇതിലെ പ്രധാന ഹൈലൈറ്റ്.

water-tower-house-belgium-interiors

നാലാം നിലയിൽ വൃത്താകൃതിയിലുള്ള കിടപ്പുമുറിയും മുകൾനിലകളിലേക്കുള്ള പിരിയൻ ഗോവണിയും, അഞ്ചാം നിലയിൽ ലിവിങ്, കിച്ചൻ, ഡൈനിങ് റൂം, വിശ്രമമുറി, ക്ലോക്ക് റൂം, ലൈബ്രറി എന്നിവ. അഞ്ചാം നിലയിലെ സ്‌റ്റീൽ ഗോവണി ടെറസിലേക്കെത്തിക്കും. ഇവിടെനിന്നാൽ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ 360 കാഴ്ചകൾ ആസ്വദിക്കാം. നിരവധി സഞ്ചാരികൾ കാലത്തെ അതിജീവിച്ചുനിൽക്കുന്ന ഈ നിർമിതി കാണാൻ ഇവിടേക്കെത്താറുണ്ട്.