Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിക്കൂടെന്ന് വിളിക്കല്ലേ, ഇത് നായ്ക്കൊട്ടാരം !

kennel-for-dog-squad-nedumbassery കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഡോഗ് സ്ക്വാഡിനു വേണ്ടി നിർമിച്ച കെന്നൽ.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ നായ്ക്കളായ സെംനയ്ക്കും അലെക്സിനും ഇനി സുഖസൗകര്യങ്ങൾ നിറഞ്ഞ പുതിയ കൂട്. വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ കെന്നലിനോടു ചേർന്ന് ആണ് കസ്റ്റംസിന്റെ ഡോഗ് സ്ക്വാഡിനു വേണ്ടിയും പുതിയ കെന്നൽ നിർമിച്ചത്. എയർകണ്ടീഷൻ ചെയ്ത കിടപ്പുമുറികളടക്കം ആഡംബരം നിറഞ്ഞതാണ് പുതിയ കെന്നൽ. 

കെന്നലിൽ ഗൃഹപ്രവേശം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട സെംനയും അലെക്സും. ഇവരെ നോക്കാൻ മൂന്ന് ഡോഗ് ഹാൻഡ്‌ലർമാരുമുണ്ട്. 2013–ലാണു കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന് ഡോഗ് സ്ക്വാഡ് നിലവിൽ വന്നത്. അതിർത്തി രക്ഷാസേനയുടെ മധ്യപ്രദേശിലെ ടെകൻപൂരിലുള്ള നാഷനൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്(എൻടിസിഡി)സിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സെംനയും അലെക്സിയും. പ്രധാനമായി ലഹരി മരുന്നുകളുടെ കള്ളക്കടത്തു കണ്ടെത്താനാണ് ഇവരെ ഉപയോഗിക്കുന്നത്.   കാർഗോ വിഭാഗത്തിലും പാസഞ്ചർ ടെർമിനലിലും ഇവർക്ക്  പണിയുണ്ട്. ലഹരിമരുന്നോ പൊട്ടിത്തെറിക്കുന്ന വസ്തുക്കളോ കണ്ടെത്തിയാൽ യാത്രക്കാരെ ഭയചകിതരാക്കുന്ന വിധത്തിൽ കുരയ്ക്കാതെ സംശയിക്കുന്ന ബാഗിൽ കയറിയിരുന്നു സൂചന നൽകുന്ന വിധത്തിലാണ് ഇവയ്ക്കു പരിശീലനം നൽകിയിരിക്കുന്നത്. 

കൊച്ചി വിമാനത്താവളത്തിനു പുറമേ ഡൽഹി, അമൃത്‌സർ, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത, തിരുച്ചിറപ്പിള്ളി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിലും കസ്റ്റംസിന് ഡോഗ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ കെന്നൽ കസ്റ്റംസ് ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു.

Read more- Kochi Airport Kochi Metro