Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൗഢിയിൽ വിക്‌ടോറിയ ടെർമിനസ്

cst-front-view വിക്‌ടോറിയൻ ഗോഥിക് ശൈലിയും പരമ്പരാഗത ഭാരതീയ ശൈലിയും സമന്വയിച്ച ടെർമിനസിന്റെ നിർമാണം 1878ലാണ് ആരംഭിച്ചത്. പത്തു വർഷംകൊണ്ട്, അതായത് 1888 മേയിൽ ഇന്നു കാണുന്ന കെട്ടിടം ഒരുങ്ങി. അന്നത്തെ 16,35,563 രൂപയാണു ചെലവു വന്നത്.

മധ്യ റെയിൽവേയുടെ ആസ്ഥാനമായ സിഎസ്ടി ടെർമിനസ് ഒരുപക്ഷേ, ലോകത്തെതന്നെ ഏറ്റവും കൂടുതൽ ക്യാമറ പതിഞ്ഞ കെട്ടിടങ്ങളിൽ ഒന്നാവാം. സിഎസ്ടിയുടെ പശ്ചാത്തലത്തിൽ മൊബൈലിലോ ക്യാമറയിലോ സ്വന്തം ചിത്രമെടുക്കാതെ നഗരം കാണാൻ എത്തുന്നവർക്കു തൃപ്തി വരില്ല.

ബ്രട്ടിഷ് ഭരണകാലത്തു വിക്‌ടോറിയൻ ഗോഥിക് ശൈലിയും പരമ്പരാഗത ഭാരതീയ ശൈലിയും സമന്വയിച്ച ടെർമിനസിന്റെ നിർമാണം 1878ലാണ് ആരംഭിച്ചത്. പത്തു വർഷംകൊണ്ട്, അതായത് 1888 മേയിൽ ഇന്നു കാണുന്ന കെട്ടിടം ഒരുങ്ങി. അന്നത്തെ 16,35,563 രൂപയാണു ചെലവു വന്നത്. വിക്‌ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന അവസരമായതിനാലാണ് രാജ്ഞിയുടെ പേരുതന്നെ തിരഞ്ഞെടുത്തത്. രാജ്ഞിയുടെ ഒൻപതടി ആറിഞ്ച് വലുപ്പമുള്ള പ്രതിമയും കെട്ടിടത്തിലെ കൂറ്റൻ ക്ലോക്കിന്റെ താഴയായി സ്ഥാപിച്ചിരുന്നു. ഈ പ്രതിമ ഇന്ന് അവിടെ കാണില്ല. എങ്ങനെ അപ്രത്യക്ഷമായി എന്ന് ആർക്കും രൂപവുമില്ല.

cst-inside

ഇംഗ്ലണ്ടിൽ അക്കാലത്ത് ഉണ്ടായിരുന്ന റെയിൽവേ സ്‌റ്റേഷനുകളെക്കാൾ പ്രൗഢിയിലാണു വിക്‌ടോറിയ ടെർമിനസ് നിർമിച്ചതെന്നു ചരിത്രകാരൻമാർ പറയുന്നു. ഫെഡറിക് വില്യം സ്റ്റീവൻസ് എന്ന ആർക്കിടെക്ടാണു കെട്ടിടം രൂപകൽപന ചെയ്തത്. കെട്ടിടം മാത്രമല്ല, അകത്തെ ഫർണിച്ചറുകൾവരെ ഫെഡറിക്കിന്റെ മനസ്സിൽ രൂപംകൊണ്ടതായിരുന്നു. ഫെഡറിക്കിന്റെ ഈ പെൻസിൽ സ്‌കെച്ചുകൾ മധ്യ റെയിൽവേയുടെ ആർക്കൈവ്‌സിൽ ഉണ്ട്.

1867ലാണ് ഫെഡറിക് വിവിധ കെട്ടിടനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ടു മുംബൈയിൽ എത്തിയത്. ടെർമിനസിന്റെ ഓഫിസുകളിലും ജനറൽ മാനേജരുടെ ചേംബറിലുംവരെ ഇപ്പോഴും ഫെഡറിക് ഡിസൈൻ ചെയ്ത ഫർണിച്ചറുകൾ കാണാം.

എന്നാൽ, വിക്‌ടോറിയ ടെർമിനസിന്റെ രൂപകൽപനയാണ് ഫെഡറിക്കിന്റെ ഏറ്റവും മികച്ച ഡിസൈനായി കണക്കാക്കുന്നത്. കെട്ടിടത്തിന്റെ മധ്യത്തിൽ സ്ഥാപിച്ച 10'6'' വ്യാസത്തിലുള്ള ഡയലോടുകൂടിയ വലിയ ക്ലോക്കിൽ നിർമാണക്കമ്പനിയുടെ പേര് ഇപ്പോഴും കാണാം – ലണ്ട് ആൻ‍ഡ് ബ്ലോക്കി, വാച്ച് ആൻഡ് ക്ലോക്ക് മാനുഫാക്‌ചറേഴ്‌സ്, പാൾ മാൾ, ലണ്ടൻ. അഞ്ചു ദിവസം കൂടുമ്പോൾ മനുഷ്യന്റെ കയ്യോളം വലുപ്പമുള്ള താക്കോൽകൊണ്ട് ഈ ക്ലോക്കിനു കീ കൊടുക്കേണ്ടതുണ്ട്.

cst-at-night

കെട്ടിടത്തിന്റെ പ്രധാന കവാടത്തിൽ കൊത്തിവച്ചിട്ടുള്ള സിംഹവും പുലിയും യഥാക്രമം ഇംഗ്ലണ്ടിനെയും ഇന്ത്യയെയും പ്രതിനിധീകരിക്കുന്നു. ബ്രിട്ടിഷ് ശിൽപി തോമസ് ഇയേർപ്പിന്റെ സംഭാവനയാണിത്. 2004ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ടെർമിനസ് ഇടംപിടിച്ചത്.

cst-new-name-banner സിഎസ്ടിയുടെ കവാടത്തിൽ പുതിയ പേരുള്ള ബാനർ കെട്ടിയിരിക്കുന്നു

1996ലാണ് വിക്‌ടോറിയ ടെർമിനസ് മറാഠി യുദ്ധവീരൻ ഛത്രപതി ശിവാജിയുടെ സ്മരണയ്ക്കായി ഛത്രപതി ശിവാജി ടെർമിനസ് എന്നു പുനർനാമകരണം ചെയ്യുന്നത്. അന്നത്തെ ശിവസേന - ബിജെപി സർക്കാരാണ് ഇതിനു മുൻകയ്യെടുത്തത്. ഇപ്പോൾ വീണ്ടും മഹാരാജ് എന്നുകൂടി ചേർക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതു ശിവസേനയാണ്. ബിജെപി ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ പാസാക്കിയ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സിഎസ്ടിയുടെ പേരു വീണ്ടും പരിഷ്‌കരിച്ചത്.

Read more- Architecture Wonders Buildings