Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണി പത്മിനി- വിവാദങ്ങൾക്കൊപ്പം ഈ കൊട്ടാരവും വാർത്തകളിൽ നിറയുന്നു!

padmavathi-movie-palace സിനിമയെ വിശ്വാസങ്ങളുമായി ഇഴചേര്‍ത്ത ജനത, തങ്ങളുടെ രാജ്ഞിയുടെ കഥയെ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ തെരുവിലിറങ്ങുന്നത്.

പത്മാവതിയാണ് ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. സിനിമ റിലീസാകും മുമ്പ് തന്നെ വന്‍വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സഞ്ജയ് ലീല ബന്‍സാലിയുടെ മാസ്റ്റര്‍പീസ് എന്ന നിലയില്‍ ശ്രദ്ധ നേടിയ ഈ ചരിത്രപശ്ചാത്തലമുള്ള ചിത്രം പറയുന്നത് രജപുത്ര രാജ്ഞിയായിരുന്ന റാണി പത്മിനിയുടെ കഥയാണ്. 

സിനിമയെ വിശ്വാസങ്ങളുമായി ഇഴചേര്‍ത്ത ജനത, തങ്ങളുടെ രാജ്ഞിയുടെ കഥയെ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞാണ് ഇപ്പോള്‍ തെരുവിലിറങ്ങുന്നത്. വിവാദങ്ങള്‍ കൊടുംപിരി കൊള്ളുമ്പോള്‍ ഒരു വീടും വാര്‍ത്തകളില്‍ നിറയുകയാണ്. റാണി പത്മിനി താമസിച്ചിരുന്ന വീടാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

റാണി പത്മിനി തന്നെയാണ് പത്മാവതി എന്നും അറിയപ്പെടുന്നത്. അതിസുന്ദരിയായിരുന്നു അവര്‍ എന്നാണ് ചരിത്രം പറയുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസിക ഇന്ത്യന്‍ രാജ്ഞിയെന്നാണ് പലരും അവരെ വിശേഷിപ്പിക്കുന്നത്. 

പത്മാവതി താമസിച്ചിരുന്ന ജല്‍ മഹല്‍ ഇപ്പോള്‍ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സിനിമക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണത്. ഇതിനുള്ളിലെ കണ്ണാടികള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് പറഞ്ഞാണ് ചിലര്‍ ആക്രമണം നടത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിലും ഇടംകണ്ടെത്തിയ കോട്ടയാണ് ചിറ്റോറിലേത്. റാണി പത്മിനിയുടെ കൊട്ടാരമായാണ് ഇത് പറയപ്പെടുന്നത്. എന്നാല്‍ താരതമ്യേന ആധുനികമാണ് ഇതിന്റെ ഘടനയെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. 

Padmini_Palace_Chittorgarh_Rajasthan

ചിറ്റോര്‍ കോട്ടയുടെ ഹൃദയത്തിലാണ് അതിസുന്ദരമായതെന്ന് പണ്ട് വിശേഷിപ്പിച്ചിരുന്ന റാണി പത്മിനി പാലസ്. 180 മീറ്റര്‍ ഉയരമുള്ള കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആകെ 700 ഏക്കറിലാണ് ചിറ്റോര്‍ കോട്ട. ഏഴാം നൂറ്റാണ്ടിലാണ് കോട്ട ശരിക്കും പണിതതെന്ന വാദങ്ങളുമുണ്ട്. അതേസമയം കോട്ടയുടെ ഭാഗമായ പത്മിനി പാലസ് അതിഗംഭീരമായ കാഴ്ച്ചാനുഭവം തന്നെയാണ് പകരുക ഇപ്പോഴും. 

പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കൊട്ടാരങ്ങളിലൊന്നാണത്. ചുറ്റുമുള്ള വെള്ളത്തില്‍ പത്മാവതിയുടെ സൗന്ദര്യം പ്രതിഫലിച്ചുവെന്നാണ് പഴമക്കാര്‍ പറയുക. 

1540 ല്‍ മാലിക് മുഹമ്മദ് ജയാസി എന്ന കവി എഴുതിയ പത്മാവതി എന്ന ഇതിഹാസ കാവ്യമാണ് പത്മാവതിയെക്കുറിച്ച് ഏറ്റവുമാദ്യം പരാമര്‍ശിക്കുന്നത്.

ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തന്‍സെനിന്റെ ഭാര്യ ആയിരുന്നു പത്മാവതി. രാജകുമാരിയുടെ അസാമാന്യ സൗന്ദര്യത്തെക്കുറിച്ച് ഹീരാമന്‍ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയില്‍ നിന്ന് മനസിലാക്കിയാണ് രത്തന്‍ സെന്‍ അവരെ വിവാഹം ചെയ്തതെന്നാണ് കഥ. 

എന്നാല്‍ ഇതേ റാണിയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ ദില്ലി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ ആക്രമിച്ചു. പത്മാവതിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ കുംഭല്‍നെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തില്‍ രത്തന്‍ സെന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീടായിരുന്നു ക്ലൈമാക്‌സ്. ഖില്‍ജി ചിത്തോര്‍ കോട്ട പിടിച്ചെടുക്കും മുമ്പ് ആര്‍ക്ക് മുന്നിലും കീഴടങ്ങുകയില്ലെന്ന അഭിമാനത്തോടെ പത്മാവതിയും നിരവധി സ്ത്രീകളും ആത്മയാഗം ചെയ്യുന്നു. മുഗളന് മുന്നില്‍ സ്വന്തം അഭിമാനം സംരക്ഷിച്ച ഇവര്‍ പിന്നീട് ധീരരാജ്ഞിയായി വിലയിരുത്തപ്പെട്ടു. അന്നാട്ടുകാര്‍ ഇപ്പോഴും അവരെ അങ്ങനെ കണ്ടുവരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമാണ് സിനിമ എന്നാരോപിച്ചാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. 

Read more on Historic Monuments Celebrity Homes