Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുർജ് ഖലീഫ ഇനി തലകുനിക്കും! റെക്കോർഡുകൾ പഴങ്കഥയാക്കാൻ ജിദ്ദ ടവർ എത്തുന്നു!

kingdom-tower-jeddah കെട്ടിടത്തിന്റെ നിർമാണപുരോഗതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട് കമ്പനി പുറത്തുവിട്ടു.

ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമിതി എന്ന ബുർജ് ഖലീഫയുടെ തലക്കനം ഇനി അധികനാൾ ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന പുതിയ വാർത്ത. ഉയരമുള്ള കെട്ടിടങ്ങളുടെ ഒരുപിടി റെക്കോർഡുകൾ പഴങ്കഥയാക്കാനായി സൗദി അറേബ്യയിലെ ജിദ്ദയിൽ കിങ്‌ഡം ടവർ എത്തുന്നു. കെട്ടിടത്തിന്റെ നിർമാണപുരോഗതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട് കമ്പനി പുറത്തുവിട്ടു. 

2017 ഒക്ടോബർ 22 വരെയുള്ള കണക്കനുസരിച്ച് 56 നിലകൾ പൂർത്തിയായിട്ടുണ്ട്. എലിവേറ്റർ, ഗോവണികൾ എന്നിവയടങ്ങിയ കെട്ടിടത്തിന്റെ അടിസ്ഥാനബ്ലോക്കുകൾ 63 നിലകൾ വരെയെത്തി. 439 അപ്പാർട്മെന്റുകൾ, 200 ഹോട്ടൽ മുറികൾ, 2205 പാർക്കിങ് സ്‌പേസുകൾ മറ്റു വിവിധോദ്ദേശ്യ നിർമിതികൾ എന്നിവ കെട്ടിടത്തിൽ ഉണ്ടാകും. 

2013 ഏപ്രിൽ ഒന്നിനാണ് നിർമാണം ആരംഭിച്ചത്. 2019 ൽ പണി പൂർത്തിയാകുമ്പോൾ ബുർജ് ഖലീഫയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന പദവി കിങ്‌ഡം ടവർ സ്വന്തമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കിലോമീറ്റർ ഉയരം എന്ന സ്വപ്നപദവിയിലെത്തുന്ന ആദ്യ കെട്ടിടവുമാകും ജിദ്ദ ടവർ. 

tallest-buildings

മനുഷ്യവാസയോഗ്യമായ 170 നിലകളാണ് ടവറിൽ ഉണ്ടാകുക. കെട്ടിടത്തിന്റെ അഗ്രഭാഗത്തുള്ള നിലകളും നിരീക്ഷണകേന്ദ്രവും ഉൾപ്പെടെ 252 നിലകളും. 5.3 മില്യൺ സ്ക്വയർ മീറ്റർ ആണ് വിസ്തീർണം. റീഎൻഫോഴ്സ്ഡ് കോൺക്രീറ്റും, സ്‌റ്റീലും, ഗ്ലാസുമാണ് കെട്ടിടത്തിന്റെ മുഖ്യ നിർമാണവസ്തുക്കൾ. 60 എലിവേറ്ററുകൾ സദാസജ്ജമായി കെട്ടിടത്തിനുള്ളിൽ നിലകൊള്ളും.

burj_khalifa

ബുർജ് ഖലീഫ ഡിസൈൻ ചെയ്ത അമേരിക്കൻ ആർക്കിടെക്ടുകളിൽ ഒരാളായ അഡ്രിയാൻ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും പ്രധാന ശില്പി. അഡ്രിയാൻ നിർമിച്ചുകഴിഞ്ഞ നാലുകെട്ടിടങ്ങളും ലോകത്തിലെ 11 ഉയരം കൂടിയ കെട്ടിടങ്ങളിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ നാൻജിങ്ങിലെ സീ ഫെങ് ടവർ, ഷിക്കാഗോയിലെ ട്രംപ് ടവർ, ഷാങ്ഹായിലെ ജിൻ മാവോ ടവർ, ചൈനയിലെ ഗ്വാൻസൂവിലെ പേൾ റിവർ ടണൽ എന്നിവ. ഇതിൽ പേൾ റിവർ ടവർ കാറ്റ്, സൂര്യപ്രകാശം എന്നിവയിൽനിന്നും ഊർജം സംഭരിക്കുന്ന വിസ്മയനിർമിതിയാണ്. അതുകൊണ്ടുതന്നെ ജിദ്ദ ടവർ എത്തുന്നതോടെ ഇവിടെ ഒരു ലോഡ് റെക്കോർഡുകൾ പഴങ്കഥയാകും എന്നതിൽ തർക്കമില്ല.

kingdom-tower-jeddah-construction

$1.23 ബില്യൺ ഡോളറാണ് നിർമാണതുക കണക്കാക്കുന്നത്. സൗദി അറേബ്യയുടെ പ്രൗഢിയുടെയും ആഢ്യത്തത്തിന്റെയും സാംസ്‌കാരിക ചിഹ്നമായി ജിദ്ദ ടവർ മാറുന്നതിനായി ലോകം കാത്തിരിക്കുന്നു.

Read more on Burj Khalifa Dubai