Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്മണി പോലെ ചരിത്രത്തെ കാക്കുന്ന പെണ്മണി

helen-infront-of-palace ഹെലൻ‍ ഹാംലിൻ ചിറ്റൂർ കോട്ടാരത്തിനു മുന്നിൽ.

ഇന്ത്യയോടുള്ള ഇഷ്ടം ഇത്രകണ്ടു തീവ്രമായിരുന്നില്ലെങ്കിൽ  ജീവിതത്തിലെ ചില മനോഹാരിതകൾ നഷ്ടമാകുമായിരുന്നുവെന്നു പറയുന്നു ലേഡി ഹെലൻ ഹാംലിൻ എന്ന ബ്രിട്ടിഷുകാരി. നാടുചുറ്റാനുള്ള പ്രണയം കൊണ്ട് ഇന്ത്യയിൽ വന്നുപോകുന്ന മദാമ്മയെന്നു പറഞ്ഞു ചുരുക്കാവുന്നതല്ല ഹെലൻ ഹാംലിന്റെ വ്യക്തിത്വം. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ മനുഷ്യപ്രയത്നത്തിന്റെ നിലവാരം ഉയർത്താൻ അവർ നടത്തിയ ആത്മാർഥ ശ്രമങ്ങളാണു രാജ്യാന്തര പ്രസാധകരായ ഹാംലിൻ ബുക്സ് ഉടമ പോൾ ഹാംലിന്റെ ഭാര്യ കൂടിയായ ഹെലനെ പൊതുസമൂഹത്തിൽ സ്വീകാര്യയാക്കിയത്. 

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് ആർട്സിൽ നിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടിയ ഹെലന്റെ താൽപര്യങ്ങൾ ഫാഷനിലും കലയിലും മാത്രം ഒതുങ്ങിയില്ല. ചരിത്രത്തിലും  പൗരാണികതയിലും അവർ ആഴത്തിൽ അറിവുനേടി. ഹെലനും അവരുടെ പേരിലുള്ള രണ്ടു ഫൗണ്ടേഷനുകളും ഇന്ത്യയിൽ സവിശേഷമായ ചില ദൗത്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. നാശോന്മുഖമായ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഏറ്റെടുത്തു സംരക്ഷിക്കുകയെന്ന ദൗത്യമാണ് ഈ എൺപത്തിനാലുകാരി ഏറ്റെടുത്തിരിക്കുന്നത്.  രാജസ്ഥാനിലെയും ഗോവയിലെയും ഏതാനും കൊട്ടാരങ്ങൾ അവർ സംരക്ഷിക്കുകയാണ്.

കൊച്ചിയിൽ ചിറ്റൂർ പാലസ് ഉൾപ്പെടെയുള്ള ചരിത്രമന്ദിരങ്ങളും ഏറ്റെടുത്തു പുനഃസ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. നിശ്ചിതകാലത്തേക്ക് ഏറ്റെടുത്തു സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി തിരികെ നൽകുന്നതാണു ഹെലൻ ഫൗണ്ടേഷന്റെ പദ്ധതി. സാമ്പത്തികലാഭമല്ല ലക്ഷ്യം.  ‘ചരിത്രത്തെ ഏറ്റെടുത്ത് ഉടയാതെയും പോറലുകൾ പറ്റാതെയും വരുംകാല തലമുറയ്ക്കായി കൈമാറുകയാണു ഞങ്ങൾ ചെയ്യുന്നത്’ – ഹെലൻ പറയുന്നു. ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനു ചെയ്യുന്ന സേവനങ്ങളെ‍ ആദരിച്ചുകൊണ്ടു ഫ്രഞ്ച് സർക്കാർ 2006ൽ അവർക്കു ‘ഷെവലിയർ ഡി ഓർ’ ബഹുമതി സമ്മാനിച്ചിരുന്നു. കൊച്ചിയിലെ ചിറ്റൂർ കൊട്ടാരത്തിൽ വച്ച് ഇന്ത്യയുടെ പൗരാണിക സമ്പന്നതയെപ്പറ്റി അവർ വാചാലയായി. ഭാരതസംസ്കൃതിയെ നമിക്കുന്നതുപോലെ വിരലുകൾ ചേർത്തുപിടിച്ചിരിക്കുന്നു.  ഇടതുകൈവിരലിലെ സുവർണമോതിരത്തിൽ ‘ഓം’ എന്നു വലുതായി മുദ്രകുത്തിയിരിക്കുന്നു. 

എന്തുകൊണ്ടാണ് ഇന്ത്യയോട് ഇത്രകണ്ട് ഇഷ്ടം തോന്നുന്നത് ? 

കഴിഞ്ഞ നാൽപതുവർഷമായി ഞാനിവിടെ വന്നുപോകുന്നുണ്ട്. സാംസ്കാരികമായും പൗരാണികമായും സമ്പന്നമാണ് ഈ രാജ്യം. ഇന്നലെകളുടെ ബൃഹത്തായ ചരിത്രം. അവയുടെ ചെറുതും വലുതുമായ ശേഷിപ്പുകൾ. പക്ഷേ, അവ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിലാണു സംശയം. ഇവയുടെ വില തുലനം ചെയ്തെടുക്കാനാവില്ല. സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ കർത്തവ്യമാണ്. അതിനു സഹായം ചെയ്യുക മാത്രമാണു ഞാൻ ചെയ്യുന്നത്. 

തങ്ങളുടെ പൈതൃകസമ്പത്തു സംരക്ഷിക്കുന്നതിൽ വർത്തമാനസമൂഹം എങ്ങനെയാണു പ്രതികരിക്കുന്നത്? 

കൊച്ചിയിലെ ഒരു മ്യൂസിയത്തിലെ അവസ്ഥ എന്നെ ദുഃഖിപ്പിച്ചു. ചരിത്രസാമഗ്രികൾ അവിടെ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നത്. ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. സമകാലിക തലമുറ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിൽ പൊതുവായി ഒരു നയപരിപാടി ഉള്ളതായി തോന്നുന്നില്ല. സർ‍ക്കാരും ട്രസ്റ്റുകളും സ്വതന്ത്ര വ്യക്തികളുമൊക്കെയാണ് ഉടമകളായുള്ളത്. പരിപാലിക്കപ്പെടുക എന്നതു ചെലവേറിയ കാര്യമാണ്. പിന്നീടു  കൈകാര്യം ചെയ്യുന്ന സാമഗ്രികളെപ്പറ്റി അടിസ്ഥാനപരമായ അറിവുണ്ടാകണം. പുതിയ തലമുറയെ പഠിപ്പിക്കണം. 18–ാം വയസ്സിൽ താമസിച്ചിരുന്ന പഴയ വീട് പുനർനിർമിച്ചതു ഞാനായിരുന്നു. അതു ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായിരുന്നു.  

∙ താങ്കളുടെ പേരിലുള്ള ഫൗണ്ടേഷൻ‍ കലയുടെ മേഖലയിൽ മാത്രമല്ല ഒട്ടേറെ കാരുണ്യ സേവന മേഖലകളിലും പ്രവർത്തിക്കുന്നു. വ്യത്യസ്തമായ മേഖകളിൽ ഒരേസമയം എങ്ങനെ വ്യാപരിക്കാൻ കഴിയുന്നു? 

ആത്മാർഥമായ താൽപര്യമുണ്ടെങ്കിൽ ഏതു പ്രവൃത്തിക്കുമായി നമുക്കു സമയം കണ്ടെത്താനാകും. എന്റെ അൻപതാം വയസ്സിൽ 1984ലാണു ‘ഹെലൻ ഹാംലിൻ ഫൗണ്ടേഷൻ’ രൂപംകൊള്ളുന്നത്. അത് എനിക്കുള്ള ജന്മദിന സമ്മാനം കൂടിയായിരുന്നു. 

കല, സംസ്കാരം, വിദ്യാഭ്യാസം, ഫാഷൻ മുതൽ റോബട്ടിക്സ് വരെയുള്ള മേഖലയിൽ കടന്നുചെല്ലാനും മിടുക്കരായവരെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കു ചലച്ചിത്ര നിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്. 

ഈ പ്രായത്തിലും ഒരുപാടു സഞ്ചരിക്കുന്ന ആളെന്ന നിലയിൽ സാങ്കേതികവിദ്യാ വികാസം ജീവിതത്തെ ഏതു രീതിയിലാണു മാറ്റിത്തീർത്തിരിക്കുന്നത് എന്നു പറയാമോ?

പ്രായംചെന്നവർക്കു കുറെക്കൂടി പരിഗണന ലഭിക്കേണ്ടതുണ്ടെന്നു കരുതുന്നു. അവരുടെ ജീവിതം, ചലനം, സഞ്ചാരം സുഗമമാക്കുന്ന ഡിസൈനുകൾ‍ ഉണ്ടാകണം. മെച്ചമേറിയ അടുക്കളകളും ശുചിമുറികളുമുണ്ടാകണം. ആളുകൾക്കു നന്നായി കഴിയാനുള്ള പരിസ്ഥിതിക്കാണു പ്രാമുഖ്യം നൽകേണ്ടത്.