Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കിടെക്ചറിന്റെ കളിത്തൊട്ടിലിലേക്ക് ഒരു യാത്ര...

corbusier-museum-switzerland സ്വിറ്റ്സർലൻഡിലെ കൊർബൂസിയർ മ്യൂസിയം സന്ദർശിച്ച അനുഭവം ആർക്കിടെക്ട് ലിജോ ജോസ് പങ്കുവയ്ക്കുന്നു.

ആർക്കിടെക്ചറിനെ ഏറ്റവും നന്നായി മനസിലാക്കാൻ ഉതകുന്നത് യാത്രകളിലൂടെയാണെന്നാണ് എന്റെ അഭിപ്രായം. പുസ്തകങ്ങളിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ കിട്ടാത്ത അറിവുകളാണ് യാത്രകൾ സമ്മാനിക്കുന്നത്. കഴിഞ്ഞ മാസം ഒരു സംഘം ആർക്കിടെക്ട് സുഹൃത്തുക്കൾക്കൊപ്പം സ്വിറ്റ്സർലൻഡിലേക്ക് നടത്തിയ യാത്ര അത്തരത്തിലൊന്നായിരുന്നു. ആർക്കിടെക്ചറിലെ സ്വിസ് നിക്ഷേപമായ ലെ കൊർബൂസിയറിനെ അടുത്തറിഞ്ഞൊരു യാത്ര.

ആധുനിക ആർക്കിടെക്ചറിലെ ഒന്നാം പേരുകാരനാണ് കൊർബൂസിയർ. ചിത്രകാരൻ, ശിൽപി എന്ന നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ആൾ. അദ്ദേഹത്തോടുള്ള ആദരമെന്ന നിലയ്ക്ക് നിർമിച്ച കൊർബൂസിയർ മ്യൂസിയമായിരുന്നു എന്റെ ലിസ്റ്റിലെ ഒരു സ്ഥലം. അദ്ദേഹം ജീവിച്ചിരുന്ന സമയത്തു തന്നെയാണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്! കൊർബൂസിയറിന്റെ ഏറ്റവും വലിയ ആരാധികയും ഇന്റീരിയര്‍ ഡിസൈനറുമായ ഹെയ്ഡി വെബ്ബറായിരുന്നു ഇതിന് പിന്നിൽ. സർക്കാർ 50 വർഷത്തേക്ക് സ്ഥലം സൗജന്യമായി നൽകി. തന്റെ പേരിലുള്ള മ്യൂസിയത്തിന്റെ ആർക്കിടെക്ടും കൊർബൂസിയർ തന്നെ.

മൂന്നാംതവണയാണ് സ്വിറ്റ്സർലൻഡിൽ പോകുന്നത്. ആദ്യ രണ്ട് തവണയും മ്യൂസിയം കാണാൻ പറ്റിയില്ല. സംഘാംഗങ്ങൾ ടിറ്റ്ലിസ് മലനിരകളിൽ സ്കീയിങ്ങിന് പോയപ്പോൾ ഞാൻ ഗൂഗിൾ മാപ്പ് പരതി മ്യൂസിയം കണ്ടുപിടിച്ചു. സൂറിക് നഗരത്തിലെ ഗതാഗത സംവിധാനം കിടയറ്റതാണ്. ട്രെയിൻ, ട്രാം, ബോട്ട് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. ഒരിടത്ത് പോലും ടാക്സി വിളിക്കേണ്ടി വന്നില്ല.

approach മ്യൂസിക്കൽ നോട്ടുകൾ പോലെ ക്രമം തെറ്റാതെയുള്ള സജ്ജീകരണം കെട്ടിടത്തിന്റെ എല്ലാ ഘടകങ്ങളിലും കാണാം.

വലിയൊരു ലാൻഡ്സ്ക്കേപ്പിന് നടുവിലാണ് മ്യൂസിയം. വളരെ ശാന്തമായ അന്തരീക്ഷം. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഈ മ്യൂസിയത്തിന്റെ നിർമാണരീതിയാണ്. എല്ലാ ആർക്കിടെക്ടിനും തന്റേതായ ഒരു ശൈലി ഉണ്ടായിരിക്കും. അത് വിട്ടുകളിക്കാൻ പൊതുവേ ആരും ധൈര്യപ്പെടാറില്ല. കോൺക്രീറ്റ് നിർമിതികളിലായിരുന്നു കൊർബൂസിയറിന്റെ സൃഷ്ടികൾ മിക്കതും. 77–ാം വയസ്സിൽ തന്റെ ആദ്യ ഉരുക്കു കെട്ടിടം നിർമിച്ച് അദ്ദേഹം ലോകത്തെ ഞെട്ടിച്ചു. 20,000 ബോൾട്ടുകളാണ് ഇതിൽ ഉപയോഗിച്ചത്. മ്യൂസിയത്തിന്റെ സ്റ്റെയർ, റാംപ് എന്നീ ഭാഗങ്ങൾ മാത്രമാണ് കോൺക്രീറ്റിൽ നിർമിച്ചത്. കാലത്തിനു മുമ്പേ സംഭവിച്ചൊരു കെട്ടിടമാണിതെന്ന് പറഞ്ഞാൽ അത്ഭുതമില്ല. കൂറ്റൻ കെട്ടിടങ്ങളിലൂടെയാണ് അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നത്. അതിവിശാലമായ സ്പേസിൽ ഉറുമ്പുകളെപ്പോലെ മനുഷ്യൻ നീങ്ങും. എന്നാൽ ഇവിടങ്ങനെയല്ല. മനുഷ്യരുടെ ശരാശരി ഉയരവുമായി ബന്ധപ്പെടുത്തിയാണ് കെട്ടിടത്തിന്റെ രൂപഘടന. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ, എഴുത്തുകൾ, ശിൽപങ്ങൾ എന്നിവയൊക്കെയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ബേസ്മെന്റിൽ കൊർബൂസിയറിന്റെ അനേകം ഫൊട്ടോഗ്രാഫുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. വർഷങ്ങളോളം അദ്ദേഹത്തെ പിന്തുടർന്ന ഒരു സ്വിസ്സ് ഫൊട്ടോഗ്രാഫർ പകർത്തിയതാണിവ.

museum-glass മ്യൂസിയത്തിന്റെ പുറംകാഴ്ച

മ്യൂസിയത്തിന്റെ മേൽക്കൂരയുടെ നിർമാണവും എടുത്തു പറയേണ്ടതാണ്. 12x12 മീറ്റർ വീതിയുള്ള രണ്ട് പാളികളായിട്ടാണ് മേൽക്കൂര നിർമിച്ചത്. കെട്ടിടത്തിന്റെ പണി തുടങ്ങുന്നതിനു മുമ്പേ നിർമിച്ച ഇവ സൈറ്റിൽ കൊണ്ടുവന്ന് പില്ലറുകളിൽ ഉറപ്പിച്ചു. ഇവയ്ക്ക് താഴെ സ്റ്റീൽ ഫ്രെയിമുകൾ സ്ഥാപിച്ച് ഭിത്തികളും വാതിലും ജനാലകളുമെല്ലാം പിടിപ്പിച്ചു.

ചുറ്റുപാടുമുള്ള ലാൻഡ്സ്കേപ്പുമായി കെട്ടിടത്തിനെ പല രീതിയിൽ ബന്ധപ്പെടുത്തിയിരിക്കുന്നു. പിവട്ടിങ് (pivoting) വാതിലുകൾ പലയിടത്തും നൽകിയിട്ടുണ്ട്. 8x8 അടി അളവിലുള്ള ഈ വാതിലുകള്‍ പലതിലും ഇനാമൽ കൊണ്ട് ചിത്രപ്പണികൾ ചെയ്തിട്ടുണ്ട്.

basement ബേസ്മെന്റിലെ ഫോട്ടോ പ്രദർശനം

ഈ കെട്ടിടത്തിന്റെ എല്ലാ ഘടങ്ങളും ഒരു കലയായിട്ടാണ് അദ്ദേഹം മനസ്സിൽ കണ്ടത്. പ്ലമിങ്, ഇലക്ട്രിസിറ്റി, ഹീറ്റിങ് തുടങ്ങിയവയിൽ പോലും കാര്യമായ പരിഗണന നൽകിയിരിക്കുന്നു. മുകൾനിലയിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകളുടെ ഡിസൈനിൽ പോലും ഈ സൂക്ഷ്മത കാണാം. അങ്ങനെയൊരു സംഗതി ഉള്ളത് പെട്ടെന്ന് നമ്മുടെ കണ്ണിൽപ്പെടില്ല. അത്രമാത്രം അത് കെട്ടിടത്തിന്റെ ഡിസൈനിനോട് ഇണങ്ങിച്ചേർന്നു നിൽക്കുന്നു. മ്യൂസിക്കൽ നോട്ടുകൾ പോലെ ക്രമം തെറ്റാതെയുള്ള സജ്ജീകരണം. ടിറ്റ്ലിസ് ഹിമഗിരികളേക്കാൾ എത്രയോ വലിയ ആനന്ദമാണ് ആ സ്പേസ് പകർന്നു തന്നതെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല.

interior മ്യൂസിയത്തിന്റെ ഉൾഭാഗം.

ഇത്തരം സന്തോഷങ്ങൾക്കിടയിലും ഒരു ദുഃഖം മാത്രം അവശേഷിച്ചു. ഗവൺമെന്റുമായി ഹെയ്ഡി വെബ്ബറിനുണ്ടായിരുന്ന കരാർ കഴിഞ്ഞ വർഷം അവസാനിച്ചു. സർക്കാര്‍ മ്യൂസിയം ഏറ്റെടുത്തതിനൊപ്പം അതിന്റെ പേരും മാറ്റി. ഹെയ്ഡി വെബ്ബർ ഫൗണ്ടേഷൻ സെന്റർ ലെ കൊർബൂസിയർ എന്നായിരുന്നു മുൻപെങ്കിൽ ഇപ്പോഴത് പവലിയൻ ലെ കൊർബൂസിയർ എന്ന് മാത്രം. കൊർബൂസിയറിന്റെ സൃഷ്ടികൾ മിക്കതും മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തത് ഹെയ്ഡിയായിരുന്നു. പേരുമാറ്റത്തിൽ പ്രതിഷേധിച്ച് അവർ തന്റെ ശേഖരമെല്ലാം മ്യൂസിയത്തിൽ നിന്ന് മാറ്റി. സർക്കാർ മറ്റ് പല കൊർബൂസിയർ സൃഷ്ടികളും പിന്നീട് മ്യൂസിയത്തിൽ എത്തിച്ചെങ്കിലും പഴയ പ്രതാപത്തിലേക്ക് കൊണ്ടു വരാനായിട്ടില്ല.

elevation മുകൾ നിലയിലെ ഡ്രെയിൻ

മിക്ക വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഫോട്ടോ എടുക്കുന്നതിന് തടസ്സമില്ല. ഫ്ലാഷ് ഉപയോഗിക്കരുതെന്ന് മാത്രം. അതുകൊണ്ട് ഒട്ടേറെ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിച്ചു. വളരെ തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല ഈ മ്യൂസിയം. ഞാനുൾപ്പെടെ അഞ്ചുപേരാണ് ആ സമയത്ത് സന്ദർശകരായി ഉണ്ടായിരുന്നത്. ഒറ്റയ്ക്കുള്ള യാത്രയായിരുന്നതിനാൽ നല്ല സമയമെടുത്ത് ആസ്വദിച്ച് കാണാൻ സാധിച്ചു.

സ്വിറ്റ്സർലൻഡിൽ ഒട്ടേറെ ആർട്ട് ഗാലറികളും പുരാതന കെട്ടിടങ്ങളുമൊക്കെ പിന്നീട് സന്ദർശിച്ചു. പക്ഷേ കൊർബൂസിയർ മ്യൂസിയം പോലൊരു അനുഭവം മറ്റെവിടെനിന്നും ലഭിച്ചില്ല. ജീവിതസായാഹ്നത്തിലും പുതിയൊരു ശൈലി പരീക്ഷിക്കാനുള്ള ആ ആർജ്ജവം ആർക്കിടെക്ട് സമൂഹത്തിനു തന്നെ പ്രചോദനമാണ്. കുറേയധികം നല്ല ഓർമകളുമായിട്ടാണ് സൂറിക് നഗരം എന്നെ യാത്രയാക്കിയത്. മനസ്സ് നിറഞ്ഞ നന്ദി, കൊർബൂസിയറിനും ഹെയ്ഡിക്കും.

lijo-infront-of-museum

കാലത്തിനു മുമ്പേ നടന്ന കൊർബൂസിയർ

Le+Corbusier

വിശ്വവിഖ്യാതനായ സ്വിസ് – ഫ്രഞ്ച് ആർക്കിടെക്ട് ആധുനിക ആർക്കിടെക്ചറിന് പുതിയ മാനം നൽകിയവരിൽ പ്രമുഖൻ. ഇന്ത്യയിലെ ആദ്യ ‘പ്ലാൻഡ് സിറ്റി’യായ ചണ്ഡിഗഡിന്റെ ആർക്കിടെക്ട്. യുഎൻ കാര്യാലയം ഉൾപ്പെടെ ലോകത്തിലെ പ്രശസ്തമായ പല കെട്ടിടങ്ങളുടേയും സൂത്രധാരൻ. അദ്ദേഹം രൂപകൽപന ചെയ്ത 17 കെട്ടിടങ്ങൾ യുനെസ്കോയുടെ പൈതൃക നിർമിതികളുടെ പട്ടികയില്‍ ഇടം പിടിച്ചു. 1965 – ൽ അന്തരിച്ചു.

ആർക്കിടെക്ട് ലിജോ ജോസ്

തൃശൂർ ആസ്ഥാനമായുള്ള ലിജോറെനി ആർക്കിടെക്ട്സിന്റെ സാരഥികളിലൊരാൾ.