Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌കൂൾ തുറക്കും മുൻപ് കുട്ടികൾക്ക് ഒരു പണി നൽകാം

School Students പുതിയ അധ്യയന വർഷം ആരംഭിക്കാൻ പോവുകയാണ്. അടുക്കും ചിട്ടയോടെ വീടും ഒരുങ്ങട്ടെ. ഇതാ ചില ടിപ്സ്...

കിടക്കവിരി ചവിട്ടിക്കൂട്ടി കട്ടിൽക്കീഴെ തട്ടിയിട്ടുണ്ടാകും, തലയണകൾ അന്തരീക്ഷത്തിൽ ഷട്ടിൽകോക്ക് പോലെ പറന്നു നടക്കും, ടിവിയുടെ റിമോട്ട് കണ്ടെടുക്കണമെങ്കിൽ അയൽപക്കത്തെ കുളത്തിൽ തപ്പണം എന്ന അവസ്ഥ...അവധിക്കാലത്ത് ഇത്തരം വികൃതികളുമായി നടക്കുന്ന മക്കളെ മെരുക്കാൻ വഴിയുണ്ട്. വീടിന്റെ അകത്തളം മോടി കൂട്ടാൻ മക്കളെയും കൂടെക്കൂട്ടിയാൽ മാത്രം മതി.

ആദ്യം ഷെൽഫ് ഒന്നു റെഡിയാക്കാം

modern-orange-kids-room

എത്ര അടുക്കിപ്പെറുക്കിയാലും പിന്നെയും പിന്നെയും കുഴച്ചു മറിക്കുന്നത് വീട്ടിനുള്ളിലെ ഷെൽഫുകൾ ആയിരിക്കും. ഷെൽഫുകളിൽ വീട്ടിലെ എല്ലാ സാധനങ്ങൾക്കും കൃത്യമായ ഇടം കണ്ടെത്താൻ കഴിഞ്ഞാൽ കുട്ടികൾക്ക് ഒന്നും അലസമായി അവിടെയും ഇവിടെയും വയ്ക്കേണ്ടി വരില്ല. ബുക്ക് ഷെൽഫും ചെരിപ്പ് സ്റ്റാൻഡുമെല്ലാം അവധിക്കാലത്ത് മക്കളേയും കൂട്ടി അടുക്കിപ്പെറുക്കാം.

∙ സ്വന്തം മുറിയിലെ മാത്രമല്ല ലിവിങ് ഏരിയയിലെയും ഡൈനിങ് സ്പേസിലേയുമൊക്കെ ഷെൽഫുകൾ അടുക്കിയൊതുക്കാൻ മക്കളെ കൂട്ടിക്കോളൂ. മാസികകൾ, ബില്ലുകൾ, താക്കോലുകൾ ഇവയോരോന്നും വയ്ക്കാൻ കൃത്യമായ സ്പേസ് കണ്ടെത്തുകയും കുട്ടികളെക്കൊണ്ടുതന്നെ യഥാസ്ഥാനങ്ങളിൽ അടുക്കി വയ്പ്പിക്കുകയും വേണം. ഇടയ്ക്കിടെ ‘അമ്മേ... അതെവിടെ വച്ചു, ഇതെവിടെ വച്ചു’ എന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ ഇതു സഹായിക്കും.

∙ ഷെൽഫുകൾക്ക് വളരെ എളുപ്പത്തില്‍ രൂപമാറ്റം നൽകാം. പഴയ ഏണി പെയിന്റ് ചെയ്തെടുത്ത് ഭിത്തിയിൽ ഉറപ്പിച്ചാൽ വ്യത്യസ്തമായ ബുക്ക് ഷെൽഫ് ആയില്ലേ? പഴയ ചെരിപ്പും മാസികകളും പത്രങ്ങളും ഒന്നും കളയണ്ട. കുട്ടികളുടെ കരവിരുത് പ്രയോജനപ്പെടുത്തി അകത്തളങ്ങളിലേക്ക് ക്രാഫ്റ്റ് വർക്കുകൾ ചെയ്യിക്കാം.

∙ക്രയോൺ കൊണ്ടു ഭിത്തിയില്‍ വരച്ചാൽ വടിയെടുക്കല്ലേ. അവർക്കായി ഒരു ഭിത്തി മാറ്റിയിട്ടോളൂ. വീടിന്റെ പുറകു വശത്തെ ഭിത്തിയോ കോമ്പൗണ്ട് വാളിന്റെ ഒരു ഭാഗമോ മക്കൾക്കായി വിട്ടുനൽകാം. പടം വരച്ചും നിറങ്ങൾ വാരിയെറിഞ്ഞും കുട്ടികൾ ആസ്വദിക്കട്ടെ.

kids-room

∙ വെള്ള കാർഡ് ബോർഡിലോ തെർമോക്കോൾ ഷീറ്റിലോ ഇളം നിറങ്ങളിലുള്ള സീക്വൻസുകൾ വിവിധ ഡിസൈനുകളിൽ ഒട്ടിക്കുക. ആകാശവും കടലുമൊക്കെ നിറവൈവിധ്യം കൊണ്ട് സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളു. ഇതിനെ ഫ്രെയിം ചെയ്ത് ഫോയറിലെ ചുവരിൽ തൂക്കാം. ഈ കാർഡിൽ ചെറിയ ദ്വാരങ്ങളിട്ട് ഇലുമിനേഷൻ ബൾബുകൾ അങ്ങിങ്ങായി ഇട്ടാൽ ആരും നോക്കി നിന്നുപോകും.

∙ പല വർണക്കടലാസുകൾ ഉപയോഗിച്ച് വ്യത്യസ്ത കോഫി കപ്പുകളും സോസറും വെട്ടിയുണ്ടാക്കുക. ഇനി ഇതിനെ ഒരു വെള്ള ചാർട്ട് പേപ്പറിലേക്ക് ഒട്ടിച്ചോളൂ. ഡൈനിങ് ഏരിയയിൽ വയ്ക്കാനുള്ള നല്ല ചുവരലങ്കാരമാണിത്. വെട്ടിയെടുത്തു മാറ്റിയ ചാർട്ട്പേപ്പറിലും ഈ രൂപം ഉണ്ടാകും. ഇതു മറ്റൊരു കളർ പേപ്പറിൽ ഒട്ടിച്ചും അലങ്കാരമാക്കാം.

∙ വിവിധ മാഗസിനുകളിൽ നിന്നും കളർഫുൾ പേജുകൾ വെട്ടി ഇംഗ്ലിഷ് അക്ഷരങ്ങൾ ഉണ്ടാക്കുക. ഇതിനെ ഒരു വെള്ള പേപ്പറിൽ ഒട്ടിച്ച് പല പല ക്വട്ടേഷൻസ് (സാരോപദേശങ്ങൾ) ഉണ്ടാക്കാൻ കുട്ടിക്കൊപ്പം കൂടാം. പൊസിറ്റീവ് ക്വട്ടേഷൻസ് കണ്ട് ഉണരാൻ ഇവയെ കുട്ടികളുടെ ബെഡ്റൂമിന്റെ ചുവരിൽ തന്നെ വയ്ക്കാം.

kids-room

∙ കുട്ടിക്ക് ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളുടെ വരികൾ മനോഹരമായി എഴുതി വെള്ള പ്രതലത്തിൽ ഒട്ടിച്ച് ഫ്രെയിം ചെയ്ത് ചുവരുകൾക്ക് അലങ്കരിക്കാം. കുട്ടികളുടെ തുണികൾ അടുക്കി വച്ചിരിക്കുന്ന അലമാര വൃത്തിയാക്കാൻ അവരെയും കൂട്ടണം. ഉപയോഗശൂന്യമായ പഴയ തുണികൾ വെറുതെ കളയരുത്.

∙ കുട്ടികളുടെ പഴയ ബനിയനും ടീ ഷർട്ടുമൊക്കെ കൈയും കഴുത്തും വെട്ടി കളഞ്ഞ് ചതുരാകൃതിയിലാക്കുക. ഇത്തരത്തിൽ രണ്ടെണ്ണം ചേർത്തു വച്ച് കൂട്ടിയടിച്ചെടുത്താൽ കുട്ടി ബാത്റൂമിന് ചവിട്ടിയായി.

∙ മിച്ചം വന്ന കുറച്ചധികം തുണികൾ ഒരേ വീതിയിൽ മടക്കി ചരടുകൊണ്ട് മുറുക്കി കെട്ടണം. ഇത് ഭംഗിയുള്ള തുണി കൊണ്ടു പൊതിഞ്ഞെടുത്താൽ ഇരിക്കാൻ കുഞ്ഞു സ്റ്റൂൾ ആയില്ലേ?

∙ തയ്യലിൽ താൽപര്യമുള്ള കുട്ടികളെ ചെറിയ എംബ്രോയ്ഡറി ചെയ്യാൻ പഠിപ്പിക്കാം. പില്ലോ കവറിലും കുഷൻ കവറിലും കുട്ടികളെക്കൊണ്ട് ചിത്രത്തുന്നൽ ചെയ്യിച്ച് മനോഹരമാക്കാം.

kid room-11-12

∙ ഉപയോഗ്യശൂന്യമായ തുണിയിൽ നിന്ന് മൃഗങ്ങളുടെ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുക. ഇത് വെള്ള പേപ്പറിൽ ഒട്ടിച്ച് ഓരോന്നിനും താഴെ പേര് നൽകാം. ഫ്രെയിം നൽകി കുട്ടികളുടെ സ്റ്റഡി റൂമിന്റെ ചുവരിൽ തൂക്കിയിടാം.

∙ ടേബിൾ മാറ്റുകൾ പെയിന്റടിച്ചു സുന്ദരമാക്കാം. ഡൈനിങ് ടേബിളിന്റെ ഗ്ലാസ് ടോപ്പിലും ചിത്രപ്പണി ചെയ്യാം. ചിത്രം വരയ്ക്കാന്‍ മക്കൾ അത്ര മിടുക്കരല്ലെങ്കിൽ സ്റ്റെൻസിൽ വാങ്ങി കൊടുത്താൽ മതി. ബെഡ് ഷീറ്റിലും കർട്ടനുകളിലും സ്റ്റെൻസിൽ ആർട്ട് ചെയ്ത് സുന്ദരമാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജാനിസ് നഹാ സജിദ്, ഇന്റീരിയര്‍ ഡിസൈനർ, 360 ഡിഗ്രി ഡിസൈൻ, കോഴിക്കോട്