Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി കാറുകൾക്ക് പാർക്കാൻ കിടിലൻ വീടുകൾ!

poly-carbonate-sheet കോൺക്രീറ്റ് മേൽക്കൂര ഒഴിവാക്കി പോർച്ച് നിർമിക്കാൻ നിരവധി മാർഗങ്ങളുണ്ട്.

ചതുരശ്രയടിക്ക് രണ്ടായിരവും അതിൽക്കൂടുതലും മുടക്കി കാർപോർച്ച് പണിയേണ്ട കാര്യമുണ്ടോ? ഇല്ലെന്ന അഭിപ്രായക്കാർക്ക് പിന്തുടരാൻ ഇഷ്ടംപോലെ വഴികളുണ്ട്. പ്രീ–എൻജിനീയേർഡ് മോഡുലാർ ആർച്ച് മുതൽ സ്റ്റീൽ സ്ട്രക്ചർ നിർമിച്ച് അതിൽ ഓടോ മെറ്റൽ ഷീറ്റോ മേയുന്നതുവരെ ഇതിലുൾപ്പെടും. നിർമാണച്ചെലവ് കുറയ്ക്കാം എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന മെച്ചം. മാത്രമല്ല, വീടിന്റെ വലുപ്പം കൂടുന്നതുമൂലമുള്ള ആഡംബര നികുതി ഒഴിവാക്കാനും വീടിൽനിന്ന് മാറി നിർമിക്കുന്നതരം കാർപോർച്ച് സഹായിക്കും.

1. പ്രീ – എൻജിനീയേർഡ് മോഡുലാർ ആർച്ച്

modular-arch

എത്ര വലുപ്പത്തിലുള്ള കാർപോർച്ച് വേണമെന്ന് പറയുക. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പോർച്ച് റെഡിയായി വീട്ടിലെത്തിക്കും. പ്രത്യേകം തൂണുകളോ സ്റ്റീൽ ട്രസ്സോ ആവശ്യമില്ലെന്നതാണ് ‘പ്രീ എൻജിനീയേർഡ് മോഡുലാർ ആർച്ച്’ മേൽക്കൂരയുടെ പ്രധാന സവിശേഷത. കമാനാകൃതിയില്‍ വളച്ചെടുത്ത ഗാൽവല്യും ഷീറ്റ് നേരിട്ട് ചുവരിൽ ഉറപ്പിച്ചാണ് ഇത്തരം പോർച്ച് നിർമിക്കുന്നത്. ‘സെൽഫ് സപ്പോർട്ടഡ് ട്രസ്‌ലെസ് ടെക്നോളജി’ പ്രയോജനപ്പെടുത്തി തയാറാക്കുന്ന ഗാൽവല്യും ഷീറ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ട്രസ്സിന്റെയോ തൂണുകളുടെയോ ഒന്നും പിൻബലമില്ലാതെ തന്നെ നിലനിൽക്കാൻ കഴിയും.

തൂണുകളുടെ ആവശ്യമില്ലെന്നതിനാൽ ചെറിയ സ്ഥലത്തുപോലും പോർച്ച് പണിയാമെന്നതാണ് പ്രധാന മെച്ചം. 0.8 എംഎം മുതൽ 1.2 എംഎം വരെ കനമുള്ള പ്രീ – പെയിന്റഡ് ഗാൽവല്യും ഷീറ്റ് ആണ് നിർമാണത്തിനുപയോഗിക്കുന്നത്. പോർച്ച് പിടിപ്പിച്ചാൽ പിന്നെ പെയിന്റ് അടിക്കുന്നതടക്കം മറ്റ് നടപടികളൊന്നും ആവശ്യമില്ല. വളരെ വേഗം നിര്‍മാണം പൂർത്തിയാക്കാം എന്നതിനൊപ്പം ‘മെയ്ന്റനൻസ് ഫ്രീ’ കൂടിയാണ് പ്രീ – എൻജിനീയേർഡ് മോഡുലാർ പോർച്ച്.

ഷീറ്റ് തുളയ്ക്കുകയോ ചുവരിൽ പിടിപ്പിക്കാനായി നട്ട്, ബോൾട്ട് എന്നിവ ഉപയോഗിക്കുകയോ ചെയ്യാത്തതിനാൽ ചോർച്ചയുടെ പ്രശ്നം ഉണ്ടാകുന്നില്ല. സാധാരണ മെറ്റൽ ഷീറ്റുകളിൽ നിന്ന് വ്യത്യസ്തമായി മഴവെള്ളം വീഴുമ്പോൾ വലിയ തോതിൽ ശബ്ദം ഉണ്ടാകാത്ത രീതിയിലാണ് മോഡുലാര്‍ പോർച്ചിന്റെ ഡിസൈൻ. മഴവെള്ളം ഒഴുക്കിക്കളയാനോ സംഭരിക്കാനോ പാത്തിയും പൈപ്പുകളും പിടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

തൂണുകളുടെ സഹായമില്ലാതെ കനോപി രീതിയിൽ 20 അടി സ്പാൻ വരെ വരുന്ന രീതിയിൽ ഇത്തരം പോർച്ച് നിർമിക്കാൻ കഴിയും. വേണമെങ്കിൽ അപ്പാടെ അഴിച്ചെടുത്ത് മറ്റെവിടെയെങ്കിലും പിടിപ്പിക്കാം എന്ന സൗകര്യവുമുണ്ട്. ബ്രിക്ക് റെഡ്, വെള്ള, നീല നിറങ്ങളിലെല്ലാം മോഡുലാര്‍ പോർച്ച് ലഭിക്കും. ചതുരശ്രയടിക്ക് 300 രൂപ മുതൽ 400 രൂപ വരെയാണ് പ്രീ – എൻജിനീയേർഡ് മോഡുലാർ പോർച്ചിന്റെ നിർമാണച്ചെലവ്.

2. ആർക്കിടെക്ചറൽ ഫാബ്രിക്

ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ആർക്കിടെക്ചറൽ ഫാബ്രിക് ഇപ്പോൾ കേരളത്തിലുമെത്തിയിരിക്കുന്നു. കാർപോർച്ച് നിര്‍മിക്കാനായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. കാഴ്ചയിലെ കൗതുകത്തിനൊപ്പം ഭാരക്കുറവും പെട്ടെന്ന് പണിതീർക്കാമെന്നതും ആർക്കിടെക്ചറൽ ഫാബ്രിക്കിന്റെ സ്വീകാര്യത കൂട്ടുന്നു.

fabric-car-porch

പിവിസി കോട്ടിങ്ങോടുകൂടിയ കട്ടി കൂടിയ ഇനം തുണിയാണ് ആർക്കിടെക്ചറൽ ഫാബ്രിക്. ‘ടെൻസൈൽ ഫാബ്രിക്’ എന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുക. വെള്ള നിറമാണ് ആർക്കിടെക്ചറൽ ഫാബ്രിക്കിന്റെ സ്റ്റാൻഡേർഡ് നിറം. ഇതുകൂടാതെ, മുപ്പതിലധികം നിറങ്ങളിലും ഒട്ടനവധി ഡിസൈനുകളിലും ഇവ ലഭിക്കും. ഭാരം കുറവായതിനാൽ സ്ട്രക്ചറിനായി അധികം പണം ചെലവാക്കേണ്ട എന്നതാണ് ആർക്കിടെക്ചറൽ ഫാബ്രിക് ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം. ഗാൽവനൈസ്ഡ് സ്റ്റീൽ, പൗഡർകോട്ടഡ് സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന ചെലവ് കുറഞ്ഞ സ്ട്രക്ചറിൽ ഇവ പിടിപ്പിക്കാം. വിദഗ്ധ ജോലിക്കാരുടെ മേൽനോട്ടത്തിൽ പ്രത്യേക രീതിയിലാണ് ഫ്രെയിമിൽ ഫാബ്രിക് ഉറപ്പിക്കുന്നത്.

വീടിനോട് ചേർന്നോ മാറിയുള്ളതോ ആയ പോർച്ച് നിർമിക്കാൻ ആർക്കിടെക്ചറൽ ഫാബ്രിക് ഉപയോഗിക്കാം. ചെറിയ തൂണുകളും ലളിതമായ സ്ട്രക്ചറും മതിയെന്നതിനാൽ സ്ഥലം പാഴാകില്ല എന്ന ഗുണവുമുണ്ട്. ഇടയ്ക്ക് പെയിന്റ് അടിക്കുകയും മറ്റും വേണ്ടാത്തതിനാൽ മെയ്ന്റനൻസ് പൊതുവേ എളുപ്പമാണ്. തുരുമ്പിക്കുമെന്ന പേടിയും വേണ്ട.

600 ജിഎസ്എം മുതൽ 950 ജിഎസ്എം വരെയാണ് ഇതിന്റെ കനം. രണ്ടോ മൂന്നോ കാർ പാർക്ക് ചെയ്യാൻ പാകത്തിന് വലിയ പോർച്ച് നിർമിക്കാൻ ആവശ്യമായ അളവിൽ വേണമെങ്കിലും ലഭിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. 15 വർഷം വരെ ഗാരന്റി കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആർക്കിടെക്ചറൽ ഫാബ്രിക് ഉപയോഗിച്ച് കാർപോർച്ച് നിർമിക്കാൻ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് നിർമാണച്ചെലവ്. സ്റ്റീൽ സ്ട്രക്ചർ, പണിക്കൂലി എന്നിവയടക്കമാണിത്.

3. പോളികാർബണേറ്റ് ഷീറ്റ്

ഭാരം വളരെ കുറവാണെന്നതാണ് പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂരയുടെ സവിശേഷത. മാത്രമല്ല, ഇത്തരം ഷീറ്റ് വെളിച്ചം കടത്തിവിടുകയും ചെയ്യും.

poly-carbonate-sheet

ഭാരം കുറവായതിനാൽ സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ ലളിതമായ സ്ട്രക്ചറിൽ പോളികാർബണേറ്റ് ഷീറ്റ് മേൽക്കൂര പിടിപ്പിക്കാം. തൂണുകൾ ഒഴിവാക്കി ‘കാന്റിലിവർ’ രീതിയിൽ മേൽക്കൂര നിർമിക്കാനും പോളികാർബണേറ്റ് ഷീറ്റ് ഉത്തമമാണ്.

രണ്ട് എംഎം മുതല്‍ 20 എംഎം വരെ കനത്തിൽ പോളികാർബണേറ്റ് ഷീറ്റ് ലഭിക്കും. നാല് എംഎം വരെ കനമുള്ളത് റോൾ ആയാണ് ലഭിക്കുക. ആറ് മില്ലിമീറ്ററിൽ കൂടുതൽ കനമുള്ളതാണ് ഷീറ്റ് സൈസിൽ ലഭിക്കുന്നത്. നാല് എംഎം വരെ കനമുള്ള ഷീറ്റ് ഒരു പരിധിവരെ വളയ്ക്കാൻ കഴിയും. സ്ക്രൂ, നട്ട്, ബോൾട്ട് എന്നിവയൊന്നും ഉപയോഗിക്കാതെ ടോപ് ആൻഡ് ബോട്ടം പ്രൊഫൈൽ (സിപിഡിഎം) ഉപയോഗിച്ചാണ് ഷീറ്റ് ഫ്രെയിമിൽ ഉറപ്പിക്കുന്നത്.

ഗ്ലാസ് പോലെ തോന്നിക്കുന്ന പ്ലെയിൻ ഡിസൈനിലും പല നിറങ്ങളിലും പോളികാർബണേറ്റ് ഷീറ്റ് ലഭിക്കും. വെളിച്ചത്തിനൊപ്പം ചൂടും കടത്തിവിടുമെന്നതാണ് ഒരു പോരായ്മ. ചൂട് കടത്തിവിടാത്തതരം പോളികാർബണേറ്റ് ഷീറ്റും ലഭ്യമാണ്. ഇതിന് വില വളരെക്കൂടുതലാണ്.

സാധാരണ പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിക്കാൻ ചതുരശ്രയടിക്ക് 150 രൂപ മുതലാണ് ചെലവ്. ട്രസ്, ഷീറ്റ്, പണിക്കൂലി എന്നിവയെല്ലാം ഉൾപ്പെടെയുള്ള നിരക്കാണിത്.

4. ഓട്, മെറ്റൽ ഷീറ്റ്, ഷിംഗിൾസ്

സ്റ്റീൽ തൂണുകളും ട്രസ്സും നൽകിയ ശേഷം അതിനുമുകളിൽ ഓടോ മെറ്റൽ ഷീറ്റോ മേഞ്ഞും പോർച്ച് നിർമിക്കാം. പുതുമ വേണമെന്നുള്ളവർക്ക് ഷിംഗിൾസോ സ്റ്റോൺ കോട്ടഡ് മെറ്റൽ ഷീറ്റോ മേയുകയുമാകാം.

shingils-car-porch

സാധാരണ കളിമൺ ഓട് മേയുന്നതിന് ചതുരശ്രയടിക്ക് 170 രൂപ മുതലാണ് ചെലവ്. നിറമുള്ള സെറാമിക് ഓട് മേയാൻ ചതുരശ്രയടിക്ക് 185 രൂപ മുതൽ ചെലവാകും. തൂണുകൾ, ട്രസ്, ഓടിന്റെ വില, പണിക്കൂലി എന്നിവയെല്ലാമടക്കമുള്ള ചെലവാണിത്.

ചതുരശ്രയടിക്ക് 275 രൂപ മുതലാണ് ഷിംഗിൾസ് മേയാനുള്ള ഏകദേശ ചെലവ്. റൂഫിങ്ങിലെ പുതുമയായ സ്റ്റോൺ കോട്ടഡ് ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് ചെലവ്.

വിവരങ്ങൾക്കു കടപ്പാട്:

മെറോവ ഗാൽവൊടെക് റൂഫ്സ്, കൊച്ചി

ടാർപൊളിൻ ഹൗസ്, ഐഎസ് പ്രസ് റോഡ്, കൊച്ചി

കീർത്തി റൂഫിങ്ങ്സ്, കോട്ടയം

സ്കൈലൈറ്റ് റൂഫിങ്ങ്സ്, കൊച്ചി

Read more on Roofing Materials Car porch