Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് ഒരുക്കാം; ഇതാണ് പുതിയ ട്രെൻഡ്സ്!

interior-home-decor വീട് അണിയിച്ചൊരുക്കുന്നതിലെ പുതിയ ട്രെൻഡുകൾ പരിചയപ്പെടാം...

∙ മിനിമലിസ്റ്റിക് ശൈലിയാണ് ഫർണിച്ചറിലും ഇപ്പോൾ ട്രെൻഡ്. തടിയാണെങ്കിലും ഡിസൈനുകൾ ഒന്നുമില്ലെങ്കിൽ ഏതുതരത്തിലുള്ള ഇന്റീരിയറിലേക്കും യോജിക്കും. ഭാവിയിൽ ഇന്റീരിയർ മാറ്റം വരുത്തുമ്പോഴും ഈ ഫർണിച്ചർ മാറ്റേണ്ടിവരില്ല. അപ്ഹോൾസ്റ്ററി മാത്രം മാറ്റിയാൽ മതി.

∙ പണ്ട് വീടുകളുടെ ചുവരുകളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വയ്ക്കുന്നത് സാധാരണയായിരുന്നു. ആ ഫാഷൻ മടങ്ങിവന്നിരിക്കുന്നു. ഒരു ഭിത്തി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾക്ക് മാറ്റിവയ്ക്കുന്നത് വ്യത്യസ്തത നൽകും.

∙ ഭിത്തിയിൽ ആർട്പീസുകളും ഫോട്ടോകളും തൂക്കുന്നത് ‘ഐ ലെവലി’ൽ ആകാൻ ശ്രദ്ധിക്കുക. തറനിരപ്പിൽനിന്ന് ഏകദേശം 58 ഇഞ്ച് ഉയരത്തിൽ ചിത്രങ്ങൾ വച്ചാണ് ആർട് ഗാലറികളും മ്യൂസിയങ്ങളും കണ്ണുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

∙ ഒന്നാംതരം തടിയാണെന്ന അവകാശവാദം ഉന്നയിച്ച് ആയുസ്സു കുറഞ്ഞ തടികൊണ്ടുള്ള ഫര്‍ണിച്ചർ വിൽക്കുന്നതു സാധാരണയാണ്. നേരിട്ട് തടി കണ്ട് ബോധ്യപ്പെട്ടതിനുശേഷം മതി പോളിഷിങ് എന്ന് ഫർണിച്ചർ നിർമിക്കുന്നവരോട് നേരത്തേ പറയുക.

∙ പോളിഷ് ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള മാറ്റ്, സാറ്റിൻ ഫിനിഷുകൾ ആണ് ഇപ്പോൾ മിക്കവരും ആവശ്യപ്പെടുന്നത്. അതിൽതന്നെ സാറ്റിൻ ഫിനിഷിന് ഡിമാൻഡ് കൂടും.

∙ കലാമൂല്യമുള്ള കണ്ണാടികൾ ആർട്പീസ് കൂടിയാണ്. മുറിയിൽ ഒരു പെയിന്റിങ്ങിനു പകരം ഇത്തരമൊരു കണ്ണാടി ഉപയോഗിക്കാം.

∙ പഴയ സിംഗിൾകോട്ട്, അപ്ഹോൾസ്റ്ററി ചെയ്ത് സോഫയാക്കി മാറ്റാം. കോട്ടിന്റെ ഹെഡ്ബോര്‍ഡ് ഉപയോഗിച്ച് സോഫയുടെ ചാര് ഉണ്ടാക്കാം. ഹെഡ്ബോര്‍ഡിന് ഉയരം കുറവാണെങ്കിൽ ഹാൻഡ്റെസ്റ്റ് ആക്കാം.

∙ പിത്തള, ഓട്, ഗ്ലാസ്, ഒനിക്സ്, അക്രിലിക് ഇതൊക്കെയാണ് വാഷ്ഏരിയയിലേക്കുള്ള വാഷ്ബേസിനിലെ പുതിയ മെറ്റീരിയലുകൾ. സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് പാത്രങ്ങളും മറ്റും തുളച്ചും വാഷ്ബേസിൻ ഉണ്ടാക്കാം.

∙ മുറിക്ക് കൂടുതൽ വലുപ്പം തോന്നിക്കാൻ വലിയ നിലക്കണ്ണാടികൾക്കു സാധിക്കും.

∙ ഭിത്തി മുഴുവനായി നിറഞ്ഞുനിൽക്കുന്ന, എംബ്രോയ്ഡറി ചെയ്ത തുണി അല്ലെങ്കിൽ കാൻവാസ് ആണ് ടാപ്സ്ട്രി (Tapestry). ഇത്തരത്തിൽ ഭിത്തി ഹൈലൈറ്റ് ചെയ്യുന്നത് ട്രെൻഡ് ആണ്.

∙ കബോർഡ് അല്ലെങ്കിൽ ബുക്ക്ഷെൽഫ് മങ്ങിത്തുടങ്ങിയാൽ അതിന്റെ വശങ്ങളിലും മുൻ ഭിത്തിയിലും മാത്രം കടും നിറം നൽകി ശ്രദ്ധേയമാക്കാം.

കടപ്പാട്: അനു അലക്സാണ്ടർ

ട്രോവ്, കാ‍ഞ്ഞിരപ്പള്ളി

trovein@gmail.com