Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിലുകൾ- ഇതാണ് ഇപ്പോൾ ട്രെൻഡ്!

x-default

മരംകൊണ്ടുള്ള പണികൾക്കാണു വീടുപണിയിൽ നല്ലൊരു ശതമാനം പണവും മാറ്റിവയ്ക്കുന്നത്. ഉറപ്പിനോടൊപ്പം നിറം, ഭംഗി തുടങ്ങിയ ഫാൻ‍സി സങ്കൽപങ്ങൾ‍ കൂടി ചേർ‍ന്നതാണ് ഇന്നത്തെ വീടുനിർ‍മാണത്തിന്റെ ഒരു രീതി. അതിന്റെ ഭാഗമായാണു വാതിലുകൾ‍ക്കും ജനലുകൾ‍ക്കും തടിക്കു പകരം ഉപയോഗിക്കാവുന്ന ബദൽ‍ സാമഗ്രികൾ‍ കടന്നുവരുന്നത്. സ്റ്റീൽ‍, അലുമിനിയം, പിവിസി, യുപിവിസി  മെറ്റീരിയലുകളിൽ‍ കുറഞ്ഞ പണിക്കൂലിയിൽ‍ എളുപ്പം ഘടിപ്പിക്കാവുന്ന മനോഹരമായ വാതിലുകൾ‍ ഇന്നു വിപണിയിൽ‍ ലഭ്യമാണ്. ഈ മേഖലയിലെ ന്യൂജെൻ‍ ട്രെൻഡുകൾ‍ പരിചയപ്പെടാം.

സ്റ്റീൽ‍ ഡോറുകൾ‍

സ്റ്റീൽ ഡോറുകൾ ആണ് ഏറ്റവും പുതിയ ട്രെൻ‍ഡ്. സുരക്ഷിതത്വവും ഉറപ്പുമാണ് സ്റ്റീൽ‍ ഡോറുകളുടെ ഗാരന്റി. ഒരു പൂട്ടിൽ‍ത്തന്നെ ഒൻ‍പതോ  പത്തോ  ലോക്ക് ആണ് വീഴുന്നത്. നല്ല ഫിനിഷിങ് ഉണ്ട്.പെയിന്റ് ഉൾ‍പ്പെടെ ഫുൾ ഫിനിഷിങ് കഴിഞ്ഞാണ് ഡോർ‍ ഫിറ്റ് ചെയ്യുന്നത്. തടിവാതിലുകളെക്കാൾ‍ ഭംഗിയും ഉറപ്പുമുണ്ട്.

ഫ്രെയിം, ഡോർ‍, ഹാൻ‍ഡിൽ‍, ഹിൻ‍ജസ് ലോക്ക് എന്നിവയെല്ലാം തന്നെ സ്റ്റീലിൽ‍ റെഡിമെയ്ഡ് ആയി ലഭിക്കും. 30 മിമീ കട്ടിയുള്ള സ്റ്റീൽ‍ ഡോറുകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. സ്റ്റീലിന് സ്‌ക്വയർ‍ഫീറ്റിനു 150 രൂപയ്ക്കു മുകളിലാണു വില. പൗഡർ‍ കോട്ടഡ് സ്റ്റീൽ‍, ഗാൽ‍വനൈസ്ഡ് സ്റ്റീൽ‍, സ്‌റ്റെയിൻലെസ് സ്റ്റീൽ‍, മൈൽ‍ഡ് സ്റ്റീൽ‍ തുടങ്ങിയ വ്യത്യസ്ത മെറ്റീരിയലുകളിലും ഇവ ലഭ്യമാണ്.

ഏതു കാലാവസ്ഥയ്ക്കുമിണങ്ങുന്ന കോൾ‍ഡ് റോൾ‍ഡ് സ്റ്റീൽ‍ ഉപയോഗിച്ചുള്ള വാതിലുകളും ഇന്നു പ്രചാരത്തിലുണ്ട്. ഹൈ സെക്യൂരിറ്റി ലോക്കിങ് സിസ്റ്റമുള്ള ഇത്തരം ഡോറുകൾ‍ ഉയർ‍ന്ന ഊഷ്മാവിൽ‍ ലാമിനേറ്റ് ചെയ്തതിനുശേഷം കവർ‍ കോട്ടിങ് കൊടുക്കുകയാണു ചെയ്യുന്നത്. തടിവാതിലുകളെ അപേക്ഷിച്ച് ഇവ വളരെ ലാഭകരമാണ്. ഇത്തരം ഡോറുകളുടെ കീ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ‍ പറ്റില്ല എന്നതാണ് മറ്റൊരു ഗുണം. അതിനാൽ‍ത്തന്നെ മറ്റാർക്കും ഈ വാതിൽ‍ തുറക്കാൻ‍ പറ്റില്ല. അതുകൊണ്ട് മുൻ‍വശത്തെ പ്രധാന ഡോറിനും ഇപ്പോൾ‍ ഈ ഓപ്ഷൻ‍ തിരഞ്ഞെടുക്കുന്നവരുണ്ട്.

പുറത്തെ വാതിലിനും അകത്തെ വാതിലിനും വ്യത്യസ്തമായ നിർ‍മാണ രീതിയാണ്. പുറത്തെ വാതിലുകൾ‍ക്കു കൂടുതൽ‍ ഉറപ്പിനും സുരക്ഷയ്ക്കുമായി രണ്ടര ഇഞ്ച് വരെ ഘനം നൽ‍കിയാണ് നിർ‍മിക്കുന്നത്. അഞ്ചു പോയിന്റുകളിലായി ഒൻപതു മുതൽ‍ പതിനഞ്ചു വരെ ലോക്ക് പൊയിന്റുകളാണ് സാധാരണ വാതിലുകളെ അപേക്ഷിച്ച് കൂടുതൽ‍ സുരക്ഷിതമായ ഈ വാതിലുകൾക്കുള്ള ത്. ബോൾ‍ ബെയറിങ്ങുകളാണ് ഈ വാതിലുകളിൽ‍ ഉപയോഗിക്കുന്നത്. ഡോർ‍ ബെൽ‍, ഐ വ്യൂവർ‍ തുടങ്ങിയ സംവിധാനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. ഒറ്റപ്പാളി, ഇരട്ടപ്പാളി, ജനലോടു കൂടിയത് അങ്ങനെ വിവിധ തരത്തിലുള്ള മോഡലുകൾ‍ ലഭ്യമാണ്. വിവിധ നിറങ്ങളിലും ലഭ്യമാണ്.

തേക്കിന്റെ ഡോറിന്  മുപ്പതിനായിരം രൂപയോളം വരുമ്പോൾ‍ സ്റ്റീൽ‍ ഇരുപത്തയ്യായിരത്തിൽ‍ ഒതുങ്ങും. ചിതൽ‍ പോലെയുള്ള ഭീഷണികൾ‍ ഇല്ല. വുഡ് എത്ര ക്വാളിറ്റിയുള്ളതാണ് എങ്കിലും മൂന്നോ നാലോ കൊല്ലം  കഴിഞ്ഞാൽ‍ കുത്തുവീണു തുടങ്ങും. ഒരു  പത്തു പതിനഞ്ചു കൊല്ലം മുൻപു പണിത മിക്ക വാതിലുകൾ‍ക്കും ഇപ്പോൾ‍ ഏതെങ്കിലും വിധത്തിൽ‍ പ്രശ്നങ്ങൾ‍ ഉണ്ടാകും. വരുംകാലങ്ങളിൽ‍ സ്റ്റീൽ‍ ഡോറുകൾ‍ പ്രചരിക്കാനുള്ള സാധ്യതയാണ് വിപണി മുന്നിൽ‍ കാണുന്നത്.

പിവിസി വാതിലുകൾ‍

ready-made-door-design

ഏറ്റവും കുറഞ്ഞ സമയം കൊണ്ടു വിപണി പിടിച്ചടക്കിയ ബദൽ‍ മാർഗമാണ് പിവിസി ഡോറുകൾ‍. വീടുകളുടെ സങ്കൽപങ്ങൾ‍ ഫാൻ‍സി ആയതോടെ വ്യത്യസ്തമായ പതിമൂന്നു കളറുകളിൽ‍ ലഭ്യമാകുന്ന പിവിസി ഡോറുകൾ‍ക്കു വിപണിയിൽ‍ ഡിമാൻഡ് കൂടി. ഫുൾ‍ ഗ്ലാസ് ഡോർ‍ ആയും പകുതി മാത്രം ചിത്രപ്പണികളോടുകൂടിയ വാതിലുകളും വിവിധ നിറങ്ങളിൽ‍ ഇപ്പോൾ‍ ലഭ്യമാണ്. 

ബാത്റൂമുകൾ‍ക്ക് ഏറ്റവും അനുയോജ്യമാണ് പിവിസി വാതിലുകൾ‍. മരം തീരെ ഉപയോഗിക്കാതെ പണിയാം. അല്ലെങ്കിൽ‍ പഴയ വീടുകൾ‍ പൊളിക്കുന്നവർ‍ക്കു ഡോർ വിൻഡോ വച്ചു പണിതു തരുന്നവരും ഉണ്ട്. പഴയ മരം ആകുമ്പോൾ നല്ല ഗുണനിലവാരം ഉണ്ടാകും. മഴക്കാലത്തു മരം വട്ടച്ച് അടയാതെ വരുന്ന പ്രശ്നവും ഒഴിവാക്കാം.

പ്രിന്റഡ് ഡോറുകൾ ട്രെൻ‍ഡ് ആണ് ഇപ്പോൾ‍. പെട്ടെന്ന് ആവശ്യം വരുമ്പോൾ‍ എത്തിക്കാൻ‍ പറ്റുന്ന തരം ഡോറുകൾ‍ ആണ് ഇവ. ഒരു ബൈക്കിൽ‍ വേണമെങ്കിൽ‍ കൊണ്ടു പോകാവുന്നതാണ്. ഉടമസ്ഥന്റെ ആവശ്യവും താൽ‍പര്യവും അനുസരിച്ചു നിർമിക്കാവുന്നതാണ് ഇവ. മുൻപു ബാത്റൂമിനു മാത്രമാണു പ്രിന്റഡ് ഡോറുകൾ‍ ഉപയോഗിച്ചിരുന്നത്. വെള്ളം വീണു നനഞ്ഞാലും പ്രശ്നമില്ല എന്നതായിരുന്നു കാരണം. ഇപ്പോൾ‍ ബെഡ് റൂമുകൾ‍ക്കും ഉപയോഗിക്കുന്നുണ്ട്. ഫാൻ‍സിയായിട്ടു തീം ചെയ്യാവുന്നതാണ്. 

പ്രത്യേകിച്ചും കുട്ടികളുടെ റൂമുകൾ‍ക്ക് ഇഷ്ടമുള്ള പ്രിന്റുകൾ ലഭ്യമാണ്. ഓഫിസുകൾ‍, സ്കൂളുകൾ‍, ഹോട്ടലുകൾ‍ ഇവയ്ക്കും അനുയോജ്യമാണ്. യാതൊരുവിധ മെയിന്റനൻ‍സ് ജോലിയും ഇത്തരം ഡോറുകൾ‍ക്ക് ആവശ്യമായി വരുന്നില്ല. മരവാതിലുകൾ‍ക്കു ചെലവാക്കേണ്ടി വരുന്ന തുകയുടെ ഏതാണ്ട് മൂന്നിലൊന്നു മാത്രമേ ഇവയ്ക്കു ചെലവും വരുന്നുള്ളു. കട്ടിള അടക്കം 2,000-3,500 രൂപ പരിധിക്കുള്ളിൽ‍ ലഭിക്കുന്ന പിവിസി ഡോറുകളുടെ കുറച്ചുകൂടി കട്ടിയുള്ള സോളിഡ് മോൾ‍ഡഡ് ടൈപ്പ് ഡോറുകളും വിപണിയിൽ‍ ലഭ്യമാണ്.

വെനീർ‍ ഫ്ലഷ് ഡോർ‍

readymade-door

തേക്ക്, മഹാഗണി, വീട്ടി, പ്ലാവ്, മേപ്പിൾ‍, ഓക്ക് തുടങ്ങിയ തടികളുടെ അതേ ഫിനിഷിങ്ങിൽ‍ ലഭിക്കുന്നതാണ് ഫാക്ടറി മെയ്ഡ് വെനീർ‍ ഫ്ലഷ് ഡോറുകൾ‍. തടി ഡോറുകളുടെ നാലിലൊന്നു വില മാത്രമേ ഇവയ്ക്കു വരുന്നുള്ളൂ. 2000-2500 റേഞ്ചിൽ‍ ഇത്തരം ഡോറുകൾ‍ വിപണിയിൽ‍ ലഭ്യമാണ്. തടി ഡോറുകളെ അപേക്ഷിച്ച് ഭാരം കുറവായ ഫ്ലഷ് ഡോറുകൾ‍ നല്ല ഉറപ്പുള്ളവയായിരിക്കും. ഏതെങ്കിലും ഹാർ‍ഡ് വുഡിന്റെ പുറത്ത് .5 മിമീ കനത്തിലുള്ള വുഡൻ‍ ഷീറ്റ് ഒട്ടിച്ചു നിർ‍മിക്കുന്ന ഇത്തരം ഡോറുകൾ‍ക്കു സ്‌ക്വയർ‍ ഫീറ്റിനു 80 രൂപ മുതൽ‍ 180 രൂപ വരെയാണു വില.

യുപിവിസി ഡോർ‍

ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായതും ഒരിക്കലും തുരുമ്പു പിടിക്കാത്തതുമായ അണ്‍ പ്ലാസ്റ്റിസൈഡ് പോളിവിനൈൽ‍ ക്ലോറൈഡ് മെറ്റീരിയൽ‍ കൊണ്ടുള്ള വാതിലുകളാണ് ന്യൂ ജനറേഷൻ‍ വാതിലുകളിലെ മറ്റൊരു താരം. ഭാരം കുറവുള്ള ഇത്തരം ഡോറുകൾ‍ക്കു കറയും ചെളിയും പിടിക്കാത്ത തിളങ്ങുന്ന പ്രതലമാണുള്ളത്. ഇവ കഴുകി വൃത്തിയാക്കാനും എളുപ്പമാണ്. സ്‌ക്വയർ‍ ഫീറ്റിന് 400 രൂപ മുതൽ‍ വില വരുന്ന യുപിവിസി ഡോറുകൾ‍ സ്ലൈഡിങ് ഡോറുകൾ‍ക്ക് ഏറ്റവും ഉത്തമമാണ്.  

അലുമിനിയം വാതിലുകൾ‍ 

ഉയർ‍ന്ന ഫിനിഷിങ് ആണ് അലുമിനിയം വാതിലുകളുടെ മേന്മ അടുക്കളയിലും ബാത് റൂമിലും ഡ്രെസിങ് റൂമിലും എല്ലാം വിവിധ രൂപത്തിൽ‍ അലുമിനിയം ഉപയോഗിക്കാമെന്നതാണ്. ഗ്ലാസ് വർ‍ക്ക് ചെയ്ത ഫുൾ‍ ഗ്ലാസ് ഡോർ‍ ആണ് ഇപ്പോൾ‍ ട്രെൻ‍ഡ്. ഭംഗിയും ഉറപ്പും ചെലവു കുറഞ്ഞതും എളുപ്പം ഘടിപ്പിക്കാവുന്നതുമായ ഈ വാതിലുകൾ‍ വിവിധ തരങ്ങളിൽ‍ വിവിധ നിറങ്ങളിൽ‍ ലഭ്യമാണ്. 

കടപ്പാട്

ഹഫീഫ് മുഹമ്മദുണ്ണി,

സ്റ്റൈലക്സ് ഡോർ‍സ്, തൃക്കാക്കര

തയാറാക്കിയത് 

രശ്മി രാധാകൃഷ്ണൻ