Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളുടെ മുറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂട്ടി വച്ച് പണിയുന്ന സ്വർഗകിളിക്കൂടാണ് വീട്. കുട്ടികൾ വളരുമെന്നും മാതാപിതാക്കൾക്ക് പ്രായമേറുമെന്നുമൊന്നും അപ്പോൾ ആലോചിക്കണമെന്നില്ല. ആവശ്യങ്ങളുടെ സ്വഭാവം മാറുമ്പോൾ ഓരോ തവണയും അഴിച്ചു പണികൾ നടത്തേണ്ടി വരുന്നത് മിക്കവാറും ബെഡ്റൂമുകൾക്കാണ്. ബെഡ്റൂം പണിയുമ്പോഴും ഒരുക്കുമ്പോഴും അൽപം ശ്രദ്ധ നൽകിയാൽ എല്ലാക്കാലത്തും ട്രെൻഡിയാക്കി നിലനിറുത്താൻ കഴിയും.

കരുതലോടെ ഈ ‘കുരുന്ന് മുറി’

mother-baby

∙ ആദ്യ നാളുകളത്രയും അമ്മയും കുഞ്ഞും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ബെഡ്റൂമിലാകും. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സൗകര്യപ്രദമായ രീതിയിൽ വേണം കിടപ്പുമുറി ഒരുക്കാൻ. അമ്മയുടെ കൈയെത്തും ദൂരത്ത്, കട്ടിലിനോടു ചേർന്ന് റാക്കുകൾ പണിയാം കുഞ്ഞിന്റെ ഉടുപ്പും നാപ്കിനുമൊക്കെ ഇവിടെ വച്ചാൽ സൗകര്യപ്രദമായിരിക്കും. പിന്നീട് എടുത്തു മാറ്റാവുന്ന തരത്തിലായിരിക്കണം ഇത്.

∙ കുഞ്ഞിന് സൗകര്യമായി പാൽ നൽകാൻ കഴിയുന്ന ഒരു സോഫ ഈ മുറിയിൽ സജ്ജീകരിക്കാം. ഫീഡിങ്ങ് ചെയർ എന്ന പേരിൽ തന്നെ ഇത്തരം കസേരകൾ ലഭ്യമാണ്.

∙ അധികം ഉയരമുള്ള കട്ടിലുകൾ വേണ്ട. ഇടയ്ക്കിടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യേണ്ടി വരുമെന്നതിനാൽ ഉയരം കൂടിയ കട്ടിൽ അമ്മമാർക്ക് ബുദ്ധിമുട്ടായിരിക്കും. ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന കട്ടിലുകൾ വാങ്ങിയാൽ പിന്നീട് ആവശ്യമുള്ള ഉയരത്തിലാക്കി ഉപയോഗിക്കുകയും ചെയ്യാം.

x-default

∙ മച്ചിൽ കൊളുത്തിട്ടാണ് സാധാരണയായി തൊട്ടിലുകൾ കെട്ടാറുള്ളത്. പിന്നീട് അഭംഗിയായി മാറുന്ന ഇത്തരം കൊളുത്തുകളോട് താൽപര്യമില്ലാത്തവർ റെഡിമെയ്ഡ് തൊട്ടിലുകളെ ആശ്രയിച്ചോളൂ, ഉപയോഗ ശേഷം ഇവ മാറ്റി വയ്ക്കാം. കട്ടിലിനോട് ചേർന്ന് അമ്മയുടെ കൈ അകലത്തിൽ വേണം തൊട്ടിലുകൾ വയ്ക്കാൻ.

∙ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും മറ്റും അടുക്കി വയ്ക്കാൻ ചെ റിയ കബോർഡ് വേണം. സൗകര്യപ്രദമായി മാറ്റി വയ്ക്കാൻ കഴിയുന്ന ചക്രങ്ങളോടു കൂടിയ കബോർഡുകളാണ് നല്ലത്. കുഞ്ഞുങ്ങൾ നടക്കുന്ന പ്രായമായാൽ ഇവയിൽ പിടിച്ച് എഴുന്നേൽക്കാനോ മറ്റോ ശ്രമിച്ചാൽ അപകടമാണ്. അതുകൊണ്ട് ലോക്കുള്ള വീലുകൾ ഉള്ളവ വേണം തിരഞ്ഞെടുക്കാൻ. കബോർഡിന്റെ വാതിലുകൾക്ക് ചൈൽഡ് ലോക്ക് സംവിധാനവും വേണം.

∙ നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള മുറിയാണ് കുട്ടി കൾക്കായി ഒരുക്കേണ്ടത്. എന്നാൽ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അധികം വെളിച്ചം ആവശ്യവുമില്ല. ഇതിനായി കർട്ടനുകളിൽ ഒരു സൂത്രപ്പണി ചെയ്താൽ മതി. ഇളം നിറത്തിലും കടും നിറത്തിലും ഒരോ ലെയർ കർട്ടൻ ഇടുക. വെളിച്ചം ആവശ്യമില്ലാത്ത സമയങ്ങളിൽ മാത്രം കടും നിറത്തിലുള്ള ലെയർ ഇടുക. അല്ലാത്തപ്പോൾ ഇവ വശങ്ങളിലേക്ക് ഒതുക്കി വയ്ക്കാം. ബാക്കി സമയം ഇളം നിറത്തിലുള്ള കർട്ടൻ ഇടുക. കർട്ടൻ ഇടാതിരുന്നാൽ മുറിക്കുള്ളിൽ ചൂട് അധികമായിരിക്കും.

∙ മുള, ഫൈബർ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടുള്ള ബ്ലൈൻഡ് കർട്ടനുകൾ കുഞ്ഞിന്റെ മുറിയിൽ നിന്നും ഒഴിവാക്കണം. ഇവ അലർജിയുണ്ടാക്കാൻ സാധ്യതയുണ്ട്.

∙ ബേബി മോണിറ്റർ മുറിയിൽ വച്ചാൽ അമ്മമാർക്ക് ടെൻഷനില്ലാതെ വീട്ടുജോലികളിൽ ശ്രദ്ധിക്കാം. ചെറിയ മൈക്രോഫോണും സ്പീക്കറോടും കൂടിയ ഉപകരണമാണിത്. കുഞ്ഞ് ഉറങ്ങുമ്പോൾ അരികിലായി ഇതു സെറ്റ് ചെയ്ത് വച്ച് അമ്മയ്ക്ക് മറ്റു ജോലികൾ ചെയ്യാം. കുഞ്ഞ് ഉണർന്നു കരഞ്ഞാൽ അമ്മയുടെ കൈവശമുള്ള സ്പീക്കറിലൂടെ ശബ്ദം എത്തും.

∙ ബേബി പിങ്ക്, ലൈറ്റ് ലാവണ്ടർ, പിസ്താ ഗ്രീൻ തുടങ്ങിയ പേസ്റ്റൽ കളേഴ്സ് ചുമരുകൾക്കായി തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങളിൽ അലർജി ഉണ്ടാക്കിയേക്കാവുന്ന ലെഡ് പോലുള്ള ടോക്സിക്ക് മെറ്റീരിയലുകൾ ഇല്ലാത്ത പെയിന്റുകൾ വേണം ഉപയോഗിക്കാൻ. കുഞ്ഞുങ്ങള്‍ കിടക്കുന്നതിന് അഭിമുഖമായി വരുന്ന ചുമരിൽ ആകർഷണീയമായ ഒന്നോ രണ്ടോ നിറങ്ങൾ നൽകാം. കടും നിറത്തിലുള്ള സീലിങ് ഫാനും കുഞ്ഞിന്റെ ശ്രദ്ധ ആകർഷിക്കും.

∙ കുഞ്ഞുങ്ങൾ ജനിക്കുന്നതിന് രണ്ട് ആഴ്ച മുമ്പെങ്കിലും മുറികളിൽ പെയിന്റടിക്കണം. പെയിന്റ് അടിച്ചശേഷം മുറിയിലെ ജനലുകളും വാതിലും തുറന്നിടാനും ശ്രദ്ധിക്കണം.

∙ ചെയ്ഞ്ചിങ് ടേബിൾ മുറിയിലുണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ നാപ്കിൻ, വസ്ത്രങ്ങൾ എന്നിവ കംഫർട്ടബിൾ ആയി മാറ്റാൻ കഴിയും. അഡ്ജസ്റ്റബിൾ ടേബിൾ ആയാൽ കുഞ്ഞ് വലുതാകുന്നതിനനസരിച്ച് ടേബിളിന്റെ വലുപ്പവും കൂട്ടാം.

∙ കുഞ്ഞുങ്ങളുടെ മൂത്രം വീണ് കിടക്ക മോശമാകാതിരിക്കാൻ കിടക്കയിൽ കവർ ഇടണം. കുഞ്ഞുങ്ങൾ അൽപം വലുതായി കഴിഞ്ഞാൽ ഇവ ഊരി മാറ്റാം. കോട്ടൺ സ്പൺ വാട്ടർ പ്രൂഫ് കവറുകൾ തിരഞ്ഞെടുത്തോളൂ.

baby

∙ അധികം പരുപരുത്തതോ മിനുസമുള്ളതോ ആയ ഫ്ലോറിങ് വേണ്ട. കുഞ്ഞ് മുട്ടിലിഴയുന്ന പ്രായമായാൽ പരുപരുത്ത തറകൾ അസൗകര്യമായി തീരും. മിനിസമുള്ള തറയിൽ പെട്ടെന്നു തെന്നി വീഴാനും സാധ്യതയുണ്ട്.

∙ ബാത്റൂമിൽ വാഷ് റൂമിനായി കൂടുതൽ സ്ഥലം നൽകണം. വാഷ് ബേസിനു താഴെയായി കുഞ്ഞിന്റെ ബാത് ടബ്, മഗ്, ബക്കറ്റ് ഇവയ്ക്കുള്ള ഇടമൊരുക്കാം. വാഷ് ബേസിനു വശത്തായി സോപ്പ്, എണ്ണ, ബേബി ക്രീമുകൾ ഇവ സൂക്ഷിക്കാനു ള്ള ഷെൽഫുകൾ ഉണ്ടാക്കാം.