Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനകം സൂപ്പറാക്കണോ? കർട്ടൻ മസ്റ്റാ...!

vertical-blinds ഒരു മറ മാത്രം എന്ന ആവശ്യത്തിൽ നിന്നു പ്രൗഢിയുടെ പര്യായമായിട്ടാണ് കർട്ടനുകളും ബ്ലൈൻഡുകളും ഉയിർത്തെഴുന്നേറ്റിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിൽ കർട്ടനുകൾ കൂടി വന്നാലേ പൂർണമാകൂ.

വീട്ടിനുള്ളിൽ ആവശ്യാനുസരണം വെളിച്ചം ക്രമീകരിക്കാനുള്ള ഉപകരണം മാത്രമല്ല ഇപ്പോൾ കർ‍ട്ടനുകൾ. വീടിന്റെ അകത്തളത്തിനു ഭംഗി കൂട്ടുന്നതിനും വീടിനു വ്യക്തിത്വം സമ്മാനിക്കുന്നതിനും കർ‍ട്ടന്റെ പങ്കു വളരെ വലുതാണ്. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, മുറിയിൽ അടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, മുറിയുടെ സ്വഭാവം  ഇവയൊക്കെ പരിഗണിച്ചാണു കർ‍ട്ടൻ തിരഞ്ഞെടുക്കുന്നത്.

കർട്ടനുകളും ബ്ലൈൻഡുകളും 

curtain-for-interiors മുറിയുടെ വലുപ്പം, ഉപയോഗിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, ജനലിന്റെ സ്ഥാനം എന്നിവയ്ക്കനുസരിച്ചാണ് കർട്ടനുകൾ തിരഞ്ഞെടുക്കേണ്ടത്.

പ്ലീറ്റഡ് കർ‍ട്ടൻ, പെൽമറ്റ്, സ്കാലപ്പ്,  ലൂപ് കർ‍ട്ടനുകൾ, നൂൽ കർ‍ട്ടനുകൾ, വാലൻസ് കർ‍ട്ടനുകൾ,  എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ലഭ്യമാണ്. തുണി കൊണ്ടുള്ള കർട്ടനുകൾക്കു പകരം, പാളിപാളിയായി കിടക്കുന്ന മുളകൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഫൈബർ കൊണ്ടുമെല്ലാം ഉള്ള ബ്ലൈൻഡുകളും വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ തുണി കർട്ടനുകൾക്കു പകരം ബ്ലൈൻഡുകളിലേക്കു ചേക്കേറുന്നവരും വളരെ കൂടുതലാണ്. ഓഫിസുകളിലും മറ്റുമാണ് ബ്ലൈൻഡുകൾ കൂടുതലായി ഉപയോഗിക്കുന്നത്. 

അഴകായ് പ്ലീറ്റഡ് കർ‍ട്ടൻ

curtain-design

ഞൊറി ഇട്ടു തയ്ക്കുന്ന കർ‍ട്ടനാണ് പ്ലീറ്റഡ് കർ‍ട്ടൻ. കർട്ടൻ നിർമാണത്തിലെ സർവസാധാരണമായ രീതിയാണ് ഇത്. നാല്, അഞ്ചു പ്ലീറ്റ് കർട്ടനുകൾക്കാണ് ആവശ്യക്കാർ ഏറെയും. 4 പ്ലീറ്റഡിന് 10 ഇഞ്ച് വീതിയാണ് ഉള്ളത്. ജനലിന്റെ വലുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്ലീറ്റഡ് കർട്ടനുകൾ തിരഞ്ഞെടുക്കുന്നത്. നെറ്റ് കർട്ടനുകൾ ഇതിനായി ഉപയോഗിക്കാം.

ഭംഗി കൂട്ടാൻ സ്കാലപ്, പെൽമറ്റ്, വാലൻസ് കർ‍ട്ടനുകൾ

ഇവ മൂന്നും ഒരേ ഗണത്തിൽ പെടുന്നവയാണ്. ജാലകവിരിപ്പുകളായി ഇട്ടിരിക്കുന്ന പ്ലീറ്റഡ് കർട്ടനുകൾക്കു  മുകളിലായാണ് ഇവ പിടിപ്പിക്കുന്നത്. കർട്ടനു ഭംഗി വർധിപ്പിക്കുക എന്നതാണു ലക്ഷ്യം.  ഇന്നർ‍ കർ‍ട്ടനു മുകളിൽ തുണികൊണ്ടു തോരണം തൂക്കിയതു പോലെയുള്ള കർ‍ട്ടനുകളാണു സ്കാലപ് കർ‍ട്ടനുകൾ. പല ആകൃതിയിൽ ഇവ തയ്‌ച്ചെടുക്കാം. കർ‍ട്ടൻ ഫിറ്റിങ്ങുകൾ മറയ്ക്കുന്ന രീതിയിലുള്ള കർ‍ട്ടൻ ഡിസൈനിങ്ങാണു വാലൻസ്. സാധാരണയായി നീളമുള്ള ജനലുകൾക്കാണ് ഇത് ഉപയോഗിക്കുക. 

കർട്ടൻ ഫിറ്റിങ്ങുകൾ മറയ്ക്കുന്ന രീതിയിൽ ജനലിനു മുകളിലൂടെ കൊടുക്കുന്ന വീതി കുറഞ്ഞ തടിക്കഷണമോ തുണിയോ ആണ് പെൽമറ്റ് എന്നു പറയുന്നത്. ഇതും കർട്ടനുകളിലെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണ്. 

ലാളിത്യം നിറഞ്ഞ നൂൽ കർട്ടനുകൾ 

rustic-curtain

സാധാരണയായി പാർ‍ട്ടീഷൻ കർ‍ട്ടനായും ആർ‍ച്ചിലുമാണ് ഇതുപയോഗിച്ചു കാണുന്നത്. കർട്ടനുകളിലെ പുതിയ ട്രെൻഡാണിത്. പല നിറത്തിലുള്ള നൂലുകൾ അടുപ്പിച്ചടുപ്പിച്ച് തൂക്കി ഇടുന്ന രീതിയിലാണ് നൂൽകർ‍ട്ടനുള്ളത്. മാത്രമല്ല, കൂടുതൽ ഭംഗിക്കായി ഈ നൂലുകളിൽ  മുത്തുകളും കല്ലുകളുമൊക്കെ പിടിപ്പിക്കുകയും ചെയ്യുന്നു. 

ലേറ്റസ്റ്റ് , ലൂപ് കർട്ടനുകൾ 

കർട്ടനുകളിൽ  മടക്ക് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകൾ പിടിപ്പിക്കുന്നവയാണ്  ലൂപ് കർ‍ട്ടനുകൾ. ഓപ്പൺ ഹാളുകളിൽ ഇതു കൂടുതൽ ഭംഗി നൽകും. ലൂപ്പുകളുടെ പുറത്തേക്കു തുണിക്കിണങ്ങുന്ന വിധം ഫാൻസി ബട്ടണുകൾ, മുത്തുകൾ എന്നിവയും ഇതിൽ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കർ‍ട്ടനടിക്കുന്ന രീതിയാണിത്.

ചെലവ് 

കർട്ടനുകൾ ഇന്ന് ആർഭാടത്തിന്റെ കൂടി ഭാഗമാണ്. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ തുക ചെലവാക്കിയാണ് ആളുകൾ ലിവിങ് റൂമിൽ കർ‍ട്ടനുകൾ ഇടുന്നത്. ഇളം നിറങ്ങൾക്കാണ് പ്രിയം കൂടുതൽ.  നിറത്തിനു ചേരുന്ന കടുംഷെഡുകൾ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുന്നതും ട്രെൻഡ് ആണ്. വെൽവെറ്റ്, സിൽക്ക്, അപ്ഹോൾസ്റ്ററി മെറ്റീരിയലുകളാണു കർ‍ട്ടനുകൾക്കായി ഉപയോഗിക്കുക. ക്രഷ്, സിൽക്ക് മെറ്റീരിയലുകളുടെ കോമ്പിനേഷനുകളും ലഭ്യമാണ്. 

ഇടത്തരം കർട്ടനുകൾക്ക് 350 രൂപ മുതൽ 1500 രൂപ വരെയാണ് വില. ഒരു ജനൽപാളിക്ക് എന്ന കണക്കിലാണിത്. ഇതിൽ തൊങ്ങലുകൾ പിടിപ്പിക്കുന്നതിനനുസരിച്ച് വിലയിൽ വ്യത്യാസം വരും. ബ്ലൈൻഡുകൾക്ക് സ്‌ക്വയർ ഫീറ്റ് കണക്കിലാണു വില വരുന്നത്. 300 രൂപ മുതൽ 1200 രൂപ വരെ വിലമതിക്കുന്ന ബ്ലൈൻഡുകൾ ലഭ്യമാണ്. മെറ്റീരിയൽ മാറുന്നതിനനുസരിച്ചു വിലയിൽ മാറ്റം വരാം. 

ഹിറ്റാണ് ബ്ലൈൻഡുകൾ

bamboo-curtain

കർട്ടനുകളെ അപേക്ഷിച്ചു ചെലവു കുറവാണ് വൃത്തിയാക്കാൻ എളുപ്പമാണ് എന്നീ കാര്യങ്ങളാണ് ബ്ലൈൻഡുകളെ കൂടുതൽ ജനകീയമാക്കുന്നത്. പല നിറങ്ങളിലും ഷെയ്ഡുകളിലും ബ്ലൈൻഡുകൾ ലഭ്യമാണ്. മുളകളിൽ തീർത്ത ബ്ലൈൻഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഗാർഡനോടു ചേർന്നും ഓപ്പൺ ആയ സിറ്റൗട്ടിലും എല്ലാം തന്നെ ബാംബൂ ബ്ലൈൻഡുകൾ ഉപയോഗിക്കുന്നു. ബ്ലൈൻഡുകൾക്കു പ്രചാരം വർധിച്ചു വരുന്നുണ്ട് എങ്കിലും സ്വീകരണമുറി, മാസ്റ്റർ ബെഡ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കർട്ടനുകൾക്കു തന്നെയാണ് ഡിമാൻഡ്

കടപ്പാട് 

ശ്രീലക്ഷ്മി 

ആർക്കിടെക്ട്

അഭിലാഷ് എൻ. സി. 

ഇന്റീരിയർ ഡിസൈനർ  

തയാറാക്കിയത് 

ലക്ഷ്മി നാരായണൻ