Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവനവായ്പ എടുക്കുന്നവർക്ക് നല്ല കാലം വരുന്നു!

home-loan

സാധാരണക്കാർക്കായുള്ള ഭവന വായ്പകൾക്ക് പലിശ സബ്‌സിഡി അനുവദിച്ചതിന്റെ ചുവടുപിടിച്ച്, വായ്പകൾ നൽകുന്നതിൽ പാലിക്കേണ്ട നിബന്ധനകളിൽ കഴിഞ്ഞയാഴ്ച നിലവിൽ വന്ന പരിഷ്‌ക്കാരങ്ങൾ കൂടുതൽ പ്രയോജനമാകും. ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് പലിശ സബ്‌സിഡി സംബന്ധിച്ച അനുമതികൾ വന്നതെങ്കിൽ, റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിലാണ് വായ്പകളുടെ നിബന്ധനകൾ ഉദാരമാക്കിയിരിക്കുന്നത്.

ഭവന വായ്പകളുടെ ലഭ്യത ഉയർത്തുന്നതിനും പലിശച്ചെലവു കുറയുന്നതിനും സാധ്യത കൂടുന്നു. മൂന്ന് സുപ്രധാനമാറ്റങ്ങൾക്കാണ് ഇപ്പോൾ തുടക്കമായത്.

മൂലധന അനുപാതം കുറയ്ക്കുന്നു

x-default

വായ്പകൾ നൽകുമ്പോൾ ആവശ്യത്തിന് മൂലധനം സ്വരൂപിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ബാങ്കുകളുടെ നിലനില്പിനെ ബാധിക്കും. നൽകുന്ന വായ്പകൾക്ക് പര്യാപ്തമായി മൂലധനം സൃഷ്ടിക്കുന്നതിന്റെയും അവ നിലനിർത്തുന്നതും സംബന്ധിച്ച നിയമങ്ങളാണ് 'ക്യാപിറ്റൽ ആഡിക്വസി' എന്നറിയപ്പെടുന്നത്. സാധാരണ ഗതിയിൽ വായ്പകൾ നൽകുമ്പോൾ 9 ശതമാനം മൂലധനമുണ്ടായിരിക്കണമെന്നാണ് നിഷ്‌ക്കർഷിച്ചിട്ടുള്ളത്. മൂലധന പര്യാപ്തത അനുപാതത്തോടൊപ്പം ഓരോ തരം വായ്പകൾ നൽകുമ്പോഴും അവയുടെ നഷ്ട സാധ്യത കൂടി അടിസ്ഥാനമാക്കി മൂലധനം എത്രത്തോളം വേണമെന്ന് നിഷ്‌കർഷിക്കുന്ന സൂചകമാണ് റിസ്‌ക് വെയിറ്റഡ് ക്യാപിറ്റൽ. ഓരോ തരം വായ്പകളുടെയും നഷ്ടസാധ്യതയ്ക്കനുസരിച്ചാണ് കരുതൽ മൂലധനത്തിന്റെ അളവ് എത്രത്തോളം വേണമെന്ന് നിശ്ചയിക്കുക. 

ഉദാഹരണത്തിന് 1,00,000 രൂപയുടെ വായ്പ നൽകാൻ വേണ്ടുന്ന മൂലധനം 9,000 രൂപയാണല്ലോ. 75 ശതമാനം നഷ്ടസാധ്യതത്തോത് എന്ന് പറയുമ്പോൾ വായ്പ നൽകിയ തുകയുടെ 75 ശതമാനം തുകയ്ക്ക്, അതിന്റെ 9 ശതമാനമായ 6750 രൂപ മൂലധനമായി മാറ്റിവച്ചാൽ പര്യാപ്തമാകും.നഷ്ട സാധ്യതത്തോത് അഥവാ വെയ്റ്റ് കുറയ്ക്കുമ്പോൾ, കൂടുതൽ മൂലധനം പുതിയ വായ്പകൾ നൽകാൻ പാകത്തിൽ വിടുതൽ ചെയ്തു കിട്ടും. ജാമ്യമില്ലാ വായ്പകളായ ക്രെഡിറ്റ് കാർഡ്, വ്യക്തിഗത വായ്പകൾ തുടങ്ങിയവയ്ക്ക് വായ്പയുടെ 125 ശതമാനം കണ്ട് ഉയർന്ന നിരക്കിലാണ് റിസ്‌ക് വെയ്റ്റ് എന്നതിനാൽ മൂലധന പര്യാപ്തതയും ഉയരും.

ഭവന വായ്പ ലഭ്യത കൂടും

x-default

30 മുതൽ 75 ലക്ഷം രൂപ വരെയള്ള വായപ്കൾക്ക് റിസ്‌ക് വെയ്റ്റ് നിലവിലുായിരുന്ന 50 ശതമാനത്തിൽ നിന്ന് 35 ശതമാനമായി കുറച്ചു. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകൾക്ക് 50 ശതമാനമാണ് റിസ്‌ക് വെയ്റ്റ്. മൂലധനം വർദ്ധിപ്പിക്കാതെ തന്നെ കൂടുതൽ വായ്പകൾ നൽകാമെന്നുവന്നാൽ ചെറിയ തുകയ്ക്കുള്ള ഭവന വായ്പകളുടെ ലഭ്യത വർദ്ധിക്കും. മൂലധനം സൃഷ്ടിക്കുന്നതിന്റെയും നിലനിർത്തുന്നതിന്റെയും ചെലവ് കുറയുമെന്നതിനാൽ വായ്പകൾക്ക് ഒരളവു വരെ പലിശ കുറയുവാനുള്ള സാധ്യതയുമുണ്ട്.

ലോൺ ടു വാല്യൂ അനുപാതം

വീടു വയ്ക്കുന്നതിനോ ഫ്‌ളാറ്റ് വാങ്ങുന്നതിനോ ചെലവാകുന്ന തുകയുടെ എത്രശതമാനം വരെ വായ്പ ലഭിക്കും എന്ന് നിഷ്‌കർഷിക്കുന്നതാണ് ലോൺ ടു വാല്യൂ അനുപാതം. ഭവന വായ്പ അനുവദിക്കുമ്പോൾ വിവിധ ബാങ്കുകൾ വ്യത്യസ്ത രീതിയിലാണ് അടങ്കൽ തുക എത്രയെന്ന് തീരുമാനിക്കുന്നത്. മിക്ക ബാങ്കുകളും സ്റ്റാംപ് നിരക്കുകൾ, റജിസ്‌ട്രേഷൻ ഫീസ് എന്നിവ കൂടി ഉൾപ്പെടുത്തിയാണ് മൂല്യം നിർണ്ണയിക്കുക. 

ആകെ വേണ്ടിവരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ എടുക്കുന്നവർ മാർജിൻ തുകയായി അധികമായി കൊണ്ടുവരണം. ബാക്കി തുക മാത്രമേ ബാങ്കുകൾ വായ്പയായി നൽകുന്നുള്ളൂ. 30 ലക്ഷം വരെയുള്ള വായ്പകളിൽ ആകെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ഇപ്പോൾ റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു. 30 മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇത് 80 ശതമാനം വരെയാകാം.

75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവായ്പകളിൽ ആകെ മൂല്യത്തിന്റെ 75 ശതമാനമാണു പരമാവധി വായ്പ. നേരത്തേതന്നെ, 20 ലക്ഷം രൂപ വരെയുള്ള ചെറിയ ഭവന വായ്പകൾക്ക് 90 ശതമാനം വായ്പ നൽകിയിരുന്നു.

അനുപാതം കൂടിയാൽ മൂലധനവും കൂടണം

x-default

മൂലധനം മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്ന റിസ്‌ക് വെയിറ്റ് ലോൺ ടു വാല്യു അനുപാതം കൂടുന്നതിനനുസരിച്ച് ഉയർത്തിയിട്ടുണ്ട്. 30 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ മൂല്യത്തിന്റെ 80 ശതമാനത്തിനു മുകളിൽ നൽകുന്ന തുകയ്ക്ക് റിസ്‌ക് വെയിറ്റ് 50 ശതമാനമാണ്. ഇതുപോലെ 30 നും 75 ലക്ഷത്തിനുമിടയിലുള്ള വായ്പകളിൽ ലോൺ ടു വാല്യൂ അനുപാതം 75 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ റിസ്‌ക് വെയ്റ്റ് 35 ശതമാനം അനുവദിക്കു.

വായ്പകളുടെ ആരോഗ്യം

home-loan-1

വായ്പകളാണ് ബാങ്കുകൾക്ക് വരുമാനം നേടിക്കൊടുക്കുന്ന ആസ്തികൾ. വായ്പകളിന്മേൽ കൃത്യമായി പലിശ വരുമാനം ഉറപ്പാക്കുന്നതിനും തിരിച്ചടവിൽ മുടക്കം വരാതെ നിരീക്ഷിക്കുന്നതിനും വായ്പകളുടെ ആരോഗ്യം അടിസ്ഥാനപ്പെടുത്തി തരംതിരിക്കുന്നു. തിരിച്ചടവിൽമൂന്നു മാസം വരെ വീഴ്ച വരുത്തുന്ന ആസ്തികളെ എൻപിഎ ആയി തരംതിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. 

ബാങ്കുകൾ ഉണ്ടാക്കുന്ന വരുമാനത്തിൽ, ആരോഗ്യമുള്ള സ്റ്റാൻഡേർഡ് വായ്പകൾക്കുപോലും കരുതലായി നീക്കി വയ്‌ക്കേണ്ട അനുപാതം 0.25 ശതമാനമായി കുറച്ചിട്ടുള്ളതാണ് മൂന്നാമത്തെ പരിഷ്‌ക്കാരം. മൂലധനച്ചെലവു കുറയുമ്പോഴും വരുമാനത്തിൽ മാറ്റി വയ്‌ക്കേണ്ട കരുതൽ ധനത്തിൽ കുറവു വരുമ്പോഴും ബാങ്കുകളുടെ ഫണ്ട് ചെലവിൽ വരുന്ന കുറവ് ഭവന വായ്പകളുടെ പലിശ കുറയ്ക്കുന്നതിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.