Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറ്റിയോ: ചാറ്റൽ മഴ കാണാൻ, ചാറ്റാൻ

patio-design

വീടിന്റെ പിന്നാമ്പുറം നിരുപമാ രാജീവ് സ്റ്റൈലിൽ അടുക്കളത്തോട്ടമാക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. സമയക്കുറവും സ്ഥലക്കുറവും തന്നെ കാരണം. പിന്നാമ്പുറം ഫാമിലി ടൈമിനു വേണ്ടി ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് ആ ചെറു ഇടം ‘പാറ്റിയോ’ ആയി ഉപയോഗിക്കുന്നതാണ് ഉചിതം. ചെറു ഗാർഡനും ഇരിപ്പിടങ്ങളും ചെറു വിളക്കുകളുമുള്ള റൂഫ് ഉള്ളതോ ഇല്ലാത്തോ ആയ വരാന്തയാണ് പാറ്റിയോ. 

ഗാർഡൻ ടൈലുകളും വുഡ് ഫിനിഷ് ഉള്ള ഫ്ലോർ ടൈലുകളും തറയോടും കോൺക്രീറ്റും സ്റ്റോൺ ക്ലാഡിങ്ങുമൊക്കെ പാറ്റിയോ ഫ്ലോറിനു മികച്ച ലുക്ക് തരും.   മുഴുവൻ പെബിൾ ഗാർഡനായും പാറ്റിയോ വിഭാവനം ചെയ്യുന്നവരുണ്ട് . പല കളറിലുള്ള ഗാർഡൻ പെബിൾസ് കിട്ടുമെന്നത്, അജൈവ വസ്തുക്കൾ കൊണ്ട് കൈ നനയാതെ ഗാർഡൻ സൗന്ദര്യം ആസ്വദിക്കാമെന്നുള്ളവരുടെ ജാക്പോട്ട് ആണ്. കിലോയ്ക്ക് 60 മുതൽ 1000 രൂപ വില വരുന്ന പെബിൾസ് വിപണിയിൽ ലഭ്യം. സ്റ്റെപ്പിങ് സ്റ്റോൺ ക്ലാഡിങ്   മറ്റൊരു മികച്ച ഫ്ലോറിങ് ഐഡിയയാണ്. കാൽപ്പാദത്തിന്റെ രൂപത്തിലുള്ളതു മുതൽ നക്ഷത്രരൂപിയായ സ്റ്റെപ്പിങ് സ്റ്റോണുകൾ വരെ സുലഭമാണ്. 

വിന്റേജ് ലുക്കുള്ള ഫർണിച്ചറാണ് പൊതുവേ പാറ്റിയോകളിൽ നല്ലത്. ചതയാത്ത കുഷനുകളും തടിമാടൻ പ്രൗഢിയുമുള്ള കസേരകളോട് ഉറച്ച ശബ്ദത്തിൽ പറയുക :– കടക്കു പുറത്ത്.!! അകന്ന പലക കൊണ്ടുള്ള ചെയറുകളും ഇരുമ്പു കൊണ്ടുള്ള ഗാർഡൻ ബെഞ്ചുകളും കടന്നുവരട്ടെ. ഇരുമ്പിന്റെ ഊഞ്ഞാലുകളും കോർണർ  സ്റ്റാൻഡുകളിൽ വച്ച ചെടിച്ചട്ടികളും വലിയ ചീനഭരണികളും പാറ്റിയോകൾക്ക് പറ്റിയ കമ്പനിയാണ്. റൂഫ് ഉള്ള പാറ്റിയോ ആണെങ്കിൽ ഹാങ്ങിങ് ലാംപുകൾ ഇടയ്ക്കിടെ തൂക്കാനായാൽ മനോഹരമായി. റൂഫ് ഇല്ലാത്ത പാറ്റിയോകൾക്ക് വിന്റേജ് ലുക്ക് ഉള്ള വോൾ ലാംപുകൾ ആവാം. ലൈറ്റിങ്ങിലും സ്വിച്ച് സംവിധാനത്തിലും ആഡംബരമാകരുത് എന്നതാണ് പ്രധാനം. 

രണ്ടോ മൂന്നോ വശം തുറന്ന് ബാക്കി വശങ്ങളിൽ മതിൽ വരുന്ന ഇടങ്ങളിലാണ് പൊതുവേ പാറ്റിയോ സെറ്റ് ചെയ്യുന്നത്.  മതിലുകൾ ചുറ്റുമില്ലാത്തതുകൊണ്ടുതന്നെ ഉള്ള മതിലുകൾ സുന്ദരമാകണം. ലളിതമായ വെള്ളനിറത്തിലെ മതിലുകൾ ഓപ്പണായ വിന്റേജ് കപ്‌ബോർഡുകൾ കൊണ്ട് ഹൈലൈറ്റ് ചെയ്യാം. കൊച്ചു ചെടിച്ചട്ടികളോ വർണശബളമായ ചെറു ചിരാതുകളോ ആകട്ടെ ഈ കപ് ബോർഡുകളുടെ ഉള്ളടക്കം. വെള്ളച്ചുമരിൽ പോപ് കളറിലുള്ള കപ്ബോർഡുകളും പോപ് കളറിലെ ചുമരാണെങ്കിൽ വെള്ള കപ് ബോർഡുകളും ഭംഗിയായിരിക്കും. 

patio-decor

സീലിങ് ആണ് പാറ്റിയോകൾ എക്സ്പൻസീവ് ആണോ അല്ലയോ എന്ന തീരുമാനിക്കുന്നത്.  സീലിങ് ഇടാതെ ഒരുക്കുന്ന പാറ്റിയോകൾക്ക് ആകാശം ഒരു ആഭരണമാണ്. അപ്പോൾ മഴ നനഞ്ഞാലും കുഴപ്പമില്ലാത്ത ഫർണിച്ചറുകൾ ഇടണമെന്നത് പ്രത്യേകം ഓർക്കുക. 

സീലിങ് ഇട്ടുള്ള പാറ്റിയോകൾക്ക് ഉപയോഗം കൂടും. വായന, ചെറു ഗെറ്റ് ടുഗതറുകൾ, കുട്ടികളുടെ പാർട്ടിറൂം എന്നിവയൊക്കെ ഇവിടെയാകാം. സീലിങ് ഇട്ട്, തുറസ്സായി കിടക്കുന്ന വശങ്ങളിൽ വാട്ടർപ്രൂഫ് ബ്ലൈൻഡുകൾ കൂടി കൊടുത്താൽ പാറ്റിയോ ഒന്നാന്തരമായൊരു ലൈബ്രറിയാക്കിയും മാറ്റാം. പാറ്റിയോകളിൽ സാധാരണ ഇടുന്നവ പോളി കാർബണൈറ്റ് സീലിങ്ങോ ടഫെൻഡ് ഗ്ലാസോ ആണ്. പോളി കാർബണൈറ്റ് സീലിങ്ങുകൾ പോക്കറ്റിനു താരതമ്യേന ആശ്വാസം തരും. 

പല ഡിസൈനുകളിൽ വരുമെന്നതും ഇവയുടെ പ്രത്യേകതയാണ്. മഴത്തുള്ളികൾ ചാറിക്കിടക്കുന്നതു പോലെയും മഴവില്ല് വിരിഞ്ഞതുപോലെയും പനമ്പു നെയ്തതുപോലെയുമൊക്കെ വിസ്മയിപ്പിക്കാൻ ഇത്തരം സീലിങ്ങുകൾക്ക് കഴിയും. താഴെ നിന്നു നോക്കിയാൽ പഴയ മട്ടിൽ ഓടു മേഞ്ഞതാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ പോളികാർബനൈറ്റ് മേഞ്ഞെടുക്കാം.  

ഇവയെക്കാൾ കുറച്ചധികം കാലം കേടുകൂടാതെ നിലനിൽക്കുമെന്നതാണ് ടഫെൻഡ് ഗ്ലാസുകളുടെ സീലിങ്ങിനുള്ള മെച്ചം. പക്ഷേ സ്ക്വയർഫീറ്റ് തുകയും ലേബർ ചാർജും കൂടും.

Read more on Patio Design Trends Interior Design