Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ദേവാലയമല്ല, 1000 വർഷങ്ങളായി നിലകൊള്ളുന്ന ഇല്ലം!

pambummekkattu-mana കേരളത്തിലെ ഏറ്റവും പുരാതനമായ നാഗാരാധനാ കേന്ദ്രമാണു വടമയിൽ സ്ഥിതി ചെയ്യുന്ന പാമ്പുംമേക്കാട്ട് മന.

ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ വള്ളിപ്പടർപ്പുകള്‍ക്കിടയിൽ നാഗാഭരണത്തോടെ നിലകൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്ന കൂറ്റൻ കവാടം. ഭിത്തികളിൽ നിരന്ന നാഗരൂപങ്ങൾ. മാളയിലെ പാമ്പുംമേക്കാട്ട് മനയുടെ ഇരുനില പടിപ്പുരമാളികയ്ക്കു മുന്നിൽ എത്തുമ്പോൾതന്നെ ഭക്തി നിർഭരമായ ഭീതി മനസിൽ നിറയും. മാളികയുടെ കവാടം തുറന്നാലോ? കൂറ്റൻ മരങ്ങളുള്ള കാവുകൾ, മരങ്ങളിൽ വിശ്രമിക്കുന്ന വവ്വാലുകള്‍.... അതിപുരാതനമായ എട്ടുകെട്ടോടു കൂടിയ മണിമാളിക. എണ്ണയുടെയും കദളിപ്പഴത്തിന്റെയും പൂജാദ്രവ്യങ്ങളുടെയും ഗന്ധം പടർന്ന അന്തരീക്ഷം. ഇത് വിഖ്യാതമായ പാമ്പുംമേക്കാട്ട് മന.

കേരളത്തിലെ ഏറ്റവും പുരാതനമായ നാഗാരാധനാ കേന്ദ്രമാണു വടമയിൽ സ്ഥിതി ചെയ്യുന്ന പാമ്പുംമേക്കാട്ട് മന. ഇതൊരു ദേവാലയമല്ല. ആയിരത്തിൽപ്പരം വർഷങ്ങളായി മനയിലെ അംഗങ്ങൾ അധിവസിക്കുന്ന ഇല്ലമാണ്. പ്രധാന നാലുകെട്ടിന്റെ നടുമുറ്റത്തു പ്രതിഷ്ഠിതമായ മുല്ലയ്ക്കൽ ഭഗവതിയാണു പ്രധാന ദേവത. ഇതിനോടു ചേർന്നു കിഴക്കിനിയിലെ അറയിലാണു നാഗരാജാവും നാഗയക്ഷിയും കുടികൊള്ളുന്നത്. ഇവിടേക്കു മനയിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. എങ്കിലും, അറയ്ക്കകത്ത് അതിപ്രാ ചീന കാലത്തു കൊളുത്തി വച്ചതും ഇപ്പോഴും പൂർണ പ്രഭയോടെ തെളിഞ്ഞു കത്തുന്നതുമായ കെടാവിളക്കിലെ എണ്ണയും മഷിയും എല്ലാ ഭക്തർക്കും നൽകി വരുന്നു.

മനയ്ക്കു ചുറ്റുമായി അഞ്ചു കാവുകളുണ്ട്. ഇതിൽ തെക്കേ കാവാണ് ഏറ്റവും പ്രധാനം. നാനാദേശങ്ങളിൽ നിന്ന് ഏറ്റെടുക്കുന്ന കാവുകളിലെ ദേവതകളെയെല്ലാം പ്രതിഷ്ഠിക്കുന്നത് ഈ കാവിലാണ്. പടിപ്പുര മാളികയ്ക്കു തന്നെ 250 വർഷത്തോളം പഴക്കമുണ്ട്. മാളികയായി പണിത പടിഞ്ഞാറ്റി കെട്ടിടത്തിന്റെ മുഖ്യ സവിശേഷതയാണ്. കേരളഭൂമി നിർമിച്ച പരശുരാമൻ സ്ഥാപിച്ച ഗ്രാമങ്ങളിലെ ബ്രാഹ്മണർക്കു നാഗഭയം ഉണ്ടാവുകയും അവർ അവിടെ വസിക്കാതെ പലായനം ചെയ്യുകയും ചെയ്തുവത്രേ. ഇതേത്തുടർന്നു പരശുരാമൻ വന്നു വീണ്ടും ബ്രാഹ്മണരെ കുടിയിരുത്തി നാഗാരാധനയ്ക്കു രൂപം നൽകിയെന്നാണു വിശ്വാസം. എല്ലാ ഇല്ലങ്ങളിലെയും കാവു കളുടെ താന്ത്രിക ചുമതല പാമ്പുംമേക്കാട്ട് മനയെ പരശുരാമൻ നേരിട്ട് ഏൽപിച്ചുവെന്നാണ് ഐതിഹ്യം.

ഇവിടത്തെ നാഗങ്ങളെ മനക്കാർ പാരമ്പര്യങ്ങൾ എന്നാണു പറയുക. മനയിൽ ഒരു ജനനം നടന്നാൽ കുഞ്ഞിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രേ. പറമ്പിൽ മരിച്ചു കിടക്കുന്ന പാരമ്പര്യത്തെ ആചാരവിധികളോടെയാണു സംസ്കരിക്കുക. കെട്ടിലെ അടുക്കളയിലൊഴികെ മറ്റൊരിടത്തും തീ കത്തിക്കാൻ പാടില്ല. പറമ്പിൽ കരിയിലകൾ പോലും അടിച്ചു മാറ്റാറില്ല. കെടാവിളക്കിലെ എണ്ണയെടുത്തു നോക്കി സർപ്പ ദോഷം പറയാനുള്ള ചുമതല മനയിലെ മുതിർന്ന സ്ത്രീകൾ ക്കാണ്. മനയിലെ ആർക്കും സര്‍പ്പദംശമേൽക്കാറില്ലെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്കു നൂറു പാലും, സർപ്പബലി എന്നിവയാണു പ്രധാന വഴിപാടുകള്‍.


മനയിലെ അംഗങ്ങൾ ചേർന്നു രൂപീകരിച്ച ട്രസ്റ്റിനാണ് ഇവിടത്തെ നടത്തിപ്പു ചുമതല.

ദേവാലയമല്ലാത്തതിനാൽ എല്ലാ ദിവസവും ഇവിടെ ഭക്തർക്കു പ്രവേശനമില്ല. കന്നി മാസത്തിലെ ആയില്യം, മേടം പത്ത്, മിഥുനം കർക്കടകം എന്നിവ ഒഴികെയുള്ള മലയാള മാസങ്ങളിൽ ഒന്നാം തീയതി, കർക്കടകം അവസാന ദിവസം, മീന മാസത്തിൽ തിരുവോണം മുതൽ ഭരണി വരെ തുടങ്ങിയ ദിവസങ്ങളിൽ ഭക്തർക്കു പ്രവേശിക്കാം.