Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമയുടെ പ്രേമം വാതിൽ തുറക്കുന്നു!..

premam house anupama parameshwaran ഇരിങ്ങാലക്കുടയിലെ സ്വന്തം വീടിനു പ്രേമം എന്നു പേരിട്ടാണ് അനുപമ പരമേശ്വരൻ ജീവിതം തന്നെ പ്രേമപൂരിതമാക്കുന്നത്.

പ്രേമം ഇനി അനുപമയ്ക്ക് വീട്ടുകാര്യമാണ്. പ്രേമം സിനിമയ്ക്കു രണ്ടു വയസ്സു തികഞ്ഞപ്പോൾ, ഇരിങ്ങാലക്കുടയിലെ സ്വന്തം വീടിനു പ്രേമം എന്നു പേരിട്ടാണ് അനുപമ പരമേശ്വരൻ ജീവിതം തന്നെ പ്രേമപൂരിതമാക്കുന്നത്. 

നേരത്തേ വീടിനു പേരുണ്ടായിരുന്നില്ല. പഴയ വീട് പുതുക്കിപ്പണിതപ്പോഴാണ് പേര് ആലോചിച്ചത്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ‘പ്രേമ’ത്തേക്കാൾ പറ്റിയൊരു പേരില്ലെന്നു തോന്നി. അമ്മയ്ക്കും അച്ഛനും അനിയനുമെല്ലാം അതിഷ്ടമായി – അനുപമ പറയുന്നു. 

anupama-house പ്രേമം (വീട്)- ഏത് തിരക്കിൽ നിന്നും ഓടിയെത്താൻ കൊതിക്കും. ആർഭാടങ്ങൾ വേണ്ട, അതിന്റെ സ്വച്ഛത മാത്രം മതി. – അനുപമ പരമേശ്വരൻ

പ്രേമം റിലീസായി കൃത്യം രണ്ടാം വാർഷികത്തിൽ ലളിതമായി, അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു പാലുകാച്ചൽ ചടങ്ങ്. അനുപമയുടെ ആഗ്രഹം പോലെ ഓടു മേഞ്ഞ, വൈറ്റ് -ബ്രൗൺ കോംബിനേഷന്റെ ഭംഗിയുള്ള, പഴമ നിലനിർത്തിയ ഒതുക്കമുള്ള വീട്.

premam-house-anupama

തടിയിൽ കൊത്തിയെടുത്ത, ശലഭച്ചിറകുകൾ വിടർത്തുന്ന പ്രേമം എന്ന പേര് ഗേറ്റിനോടു ചേർന്ന്. പ്രേമം വീടിന്റെ ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിലിട്ടതോടെ ആശംസകളും അന്വേഷണങ്ങളും ഒഴുകിയെത്തി. പ്രേമം ഛായാഗ്രാഹകൻ ആനന്ദ് സി. ചന്ദ്രന്റെ വിവാഹത്തിന് ഈയിടെ പ്രേമം ടീമംഗങ്ങളെ കണ്ടുമുട്ടിയപ്പോഴും വീടിനെക്കുറിച്ചായിരുന്നു ചർച്ച. 

‘ശതമാനം ഭവതി’ സൂപ്പർ ഹിറ്റ് ആയതോടെ താരമൂല്യം വർധിച്ച അനുപമയ്ക്ക് ഉദ്ഘാടനങ്ങളും ചാനൽ അഭിമുഖങ്ങളുമായി തെലുങ്കിൽ തിരക്കേറെയാണ്. സിനിമാ വേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഒഴുക്കോടെ തെലുങ്ക് പറഞ്ഞ് എല്ലാവരെയും ഞെട്ടിക്കുന്ന അനുപമ ഹൈദരാബാദിൽ പുതിയ ഫ്ലാറ്റ് വാങ്ങുമെന്നാണു പലരും കരുതിയത്. 

എന്നാൽ, ഫ്ലാറ്റുകളൊക്കെ തനിക്ക് പെട്ടെന്നു മടുക്കുമെന്ന് അനുപമ പറയുന്നു.  ഹോട്ടൽ മുറികളിൽ കുറച്ചു ദിവസം താമസിക്കുമ്പോൾ തന്നെ ശ്വാസം മുട്ടും. മരങ്ങളും ചെടികളും പറമ്പും ഒക്കെയുള്ള ഒറ്റവീടാണ് ഇഷ്ടം.  

പുതിയ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി തിരിക്കുമ്പോഴും വീടിന്റെ തണുപ്പിലേക്കും ശാന്തതയിലേക്കും വേഗം മടങ്ങിയെത്താനാണ് അനുപമ കൊതിക്കുന്നത്.   വീട്ടിൽ ഇപ്പോൾ പുതിയൊരാൾ കൂടിയുണ്ട് - വിസ്കി എന്ന നായ്ക്കുട്ടി. 

Read more- Celebrity House Home Plan Kerala